കേരളത്തില്‍ ചികിത്സയ്‌ക്കെത്തിയ കെനിയന്‍ മുന്‍ പ്രധാനമന്ത്രി അന്തരിച്ചു

കേരളത്തില്‍ ചികിത്സയ്‌ക്കെത്തിയ കെനിയന്‍ മുന്‍ പ്രധാനമന്ത്രി അന്തരിച്ചു


കൊച്ചി: കൂത്താട്ടുകുളം ശ്രീധരീയം കണ്ണാശുപത്രിയില്‍ ചികിത്സയിലിരിക്കെ കെനിയന്‍ മുന്‍ പ്രധാനമന്ത്രി റയീല അമോലോ ഒടിങ്ക (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 

ആറു ദിവസം മുമ്പാണ് ഒടിങ്ക ചികിത്സയ്ക്കായി കേരളത്തിലെത്തിയത്. മകളും സഹോദരിയും സ്വകാര്യ ഡോക്ടറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ കൂത്താട്ടുകളത്തെ ദേവമാതാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ചികിത്സയ്ക്കായി വീല്‍ ചെയറിലായിരുന്നു അദ്ദേഹം ആശുപത്രിയിലെത്തിയതെന്നും ആയുര്‍വേദ ചികിത്സയില്‍ ആരോഗ്യം മെച്ചപ്പെടുന്ന ലക്ഷണങ്ങള്‍ കാണിച്ചതായും ശ്രീധരീയം ആശുപത്രി അധികൃതര്‍ അറിയിച്ചു. കണ്ണിന്റെ ചികിത്സയ്‌ക്കെത്തിയ അദ്ദേഹം വെള്ളിയാഴ്ച മടങ്ങാനിരിക്കുകയായിരുന്നു. നേരത്തെയും ഒടിങ്ക ചികിത്സയ്ക്കായി ശ്രീധരീയത്തിലെത്തിയിരുന്നു. 

ഒടിങ്കയുടെ മരണത്തെ കുറിച്ച് ഡല്‍ഹിയിലെ കെനിയന്‍ എംബസിയെ വിവരം അറിയിച്ചതായും തുടര്‍ നടപടികള്‍ അവര്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

അസിമിയോ ലാ ഉമോജ വണ്‍ കെനിയ കൊലീഷന്‍ പാര്‍ട്ടിയുടെ നേതാവായ ഒടിങ്ക 2008 മുതല്‍ 2013 രൈയാണ് കെനിയയുടെ പ്രധാനമന്ത്രി പദത്തിലിരുന്നത്. 1992 മുതല്‍ 2013 വരെ ലങ്കാറ്റ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് അംഗമായിരുന്നു. 2013 മുതല്‍ കെനിയയിലെ പ്രതിപക്ഷ നേതാവായിരുന്നു. 

1945 ജനുവരി ഏഴിന് ന്യാന്‍സ പ്രവിശ്യയിലെ കിസുമു ജില്ലയിലെ മസെനോയിലുള്ള ആംഗ്ലിക്കന്‍ ചര്‍ച്ച് മിഷനറി സൊസൈറ്റി ആശുപത്രിയില്‍ ജനിച്ച ഒടിങ്കയുടെ പിതാവ് പ്രസിഡന്റ് ജോമോ കെനിയാട്ടയുടെ കീഴില്‍ കെനിയയുടെ ആദ്യ വൈസ് പ്രസിഡന്റായിരുന്നു.