ഇന്ത്യ ആകാശ് മിസൈല്‍ ബ്രസീലിന് കൈമാറും

ഇന്ത്യ ആകാശ് മിസൈല്‍ ബ്രസീലിന് കൈമാറും


ന്യൂഡല്‍ഹി: ഇന്ത്യയും ബ്രസീലും സൈനിക സഹകരണം, പ്രതിരോധ വ്യാവസായിക സഹകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭാവിയിലേക്കുള്ള ചര്‍ച്ചകള്‍ നടത്തി.

ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബ്രസീല്‍ വൈസ് പ്രസിഡന്റ് ജെറാള്‍ഡോ അല്‍ക്മിനും പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ മൊണ്ടെയ്റോ ഫില്‍ഹോയും തമ്മിലാണ് ചര്‍ച്ചകള്‍ നടന്നത്. ഡല്‍ഹിയില്‍ നടന്ന പ്രധാന ചര്‍ച്ചകളില്‍ ഇന്ത്യ തങ്ങളുടെ തദ്ദേശീയ ആയുധ സംവിധാനങ്ങളും പ്ലാറ്റ്ഫോമുകളും ബ്രസീലിന് കൈമാറും. 

യുദ്ധവിമാനങ്ങള്‍, ക്രൂയിസ് മിസൈലുകള്‍, ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയ വ്യോമ ഭീഷണികളില്‍ നിന്ന് ദുര്‍ബല പ്രദേശങ്ങള്‍, പോയിന്റുകള്‍, ആസ്തികള്‍ എന്നിവ സംരക്ഷിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത് തദ്ദേശീയമായി നിര്‍മ്മിച്ച ആകാശ് മിസൈല്‍ സംവിധാനത്തിലുള്ള ബ്രസീലിന്റെ താത്പര്യത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത്. ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡെവലപ്മെന്റ് പ്രോഗ്രാം (ഐജിഎംഡിപി) പ്രകാരം പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത മിസൈല്‍ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡും (ബിഡിഎല്‍) ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ബിഇഎല്‍) ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നേരത്തെ ഇന്ത്യ ആകാശ് മിസൈല്‍ സംവിധാനം അര്‍മേനിയക്ക് കൈമാറിയിരുന്നു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയും ബ്രസീലും പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. യുദ്ധക്കളത്തില്‍ സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള ഓഫ്ഷോര്‍ പട്രോളിംഗ് കപ്പലുകളിലും ബ്രസീല്‍ താത്പര്യപ്പെടുന്നു. സ്‌കോര്‍പീന്‍ അന്തര്‍വാഹിനി, തീരദേശ നിരീക്ഷണ സംവിധാനം, ഗരുഡ പീരങ്കി തോക്കുകള്‍ എന്നിവയ്ക്ക് ഡല്‍ഹിയുമായി പങ്കാളിത്തം സ്ഥാപിക്കാനും തെക്കേ അമേരിക്കന്‍ രാജ്യം താത്പര്യപ്പെടുന്നു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബ്രസീലില്‍ നിന്ന് ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ ഉന്നതതല സന്ദര്‍ശനമാണ് ബ്രസീല്‍ വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയും നടത്തിയത്. ഈ മാസം ആദ്യം ബ്രസീലിയന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ ഇന്ത്യയുടെ  അജിത് ഡോവലുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.  അടുത്ത വര്‍ഷം ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.