വാഷിംഗ്ടണ്‍: ചൈനയുടെ അപൂര്‍വ്വ ധാതു കയറ്റുമതിയിലെ സമീപകാല നിയന്ത്രണങ്ങള്‍ ആഗോള വിതരണ ശൃംഖലയിലെ പിടിച്ചുപറിയാണെന്ന് യു എസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ട്രഷറി ഡിപ്പാര്‍ട്ട്മെന്റില്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിനൊപ്പം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചൈനയുടെ നടപടികള്‍ പ്രകോപനത്തിന് തുല്യമാണെന്ന് ബെസെന്റ് പറഞ്ഞു. റെയര്‍ എര്‍ത്ത് ധാതുക്കള്‍ക്കും അനുബന്ധ സാങ്കേതികവിദ്യകള്‍ക്കും കഴിഞ്ഞ ആഴ്ച ബീജിംഗ് പുതിയ പരിധികള്‍ പ്രഖ്യാപിച്ചതിനുശേഷം യു എസ്- ചൈന വ്യാപാര ബന്ധം വഷളാകുന്നതിന്റെ ഏറ്റവും പുതിയ സൂചനയാണ് ഈ പരാമര്‍ശങ്ങള്‍.
ചൈനയുടെ നീക്കത്തിന് മറുപടിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയില്‍ 100 ശതമാനം താരിഫും 'ഏതെങ്കിലും നിര്‍ണായക സോഫ്റ്റ്വെയറില്‍' കയറ്റുമതി നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. കയറ്റുമതി നിയന്ത്രണങ്ങള്‍ ഉപേക്ഷിച്ചാല്‍ മാത്രമേ ചൈനയ്ക്ക് പുതിയ താരിഫ് ഒഴിവാക്കാന്‍ കഴിയൂ എന്ന് ഗ്രീര്‍ എന്‍ബിസി ന്യൂസിനോട് പറഞ്ഞു.
ചൈനീസ് സര്‍ക്കാരിലെ ചിലര്‍ നിരാശാജനകമായ നടപടികളിലൂടെയും സാമ്പത്തിക ബലപ്രയോഗത്തിലൂടെയും ആഗോള സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഏറ്റവും കൂടുതല്‍ ദോഷം സംഭവിക്കുന്നത് ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്കായിരിക്കുമെന്നും ഇത് ചൈനയും ലോകവും തമ്മിലുള്ള നേര്‍ക്കുനേരാണെന്നും ബെസെന്റ് പറഞ്ഞു.
ചൈന നിയന്ത്രണങ്ങള്‍ നടപ്പിലാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗ്രീര്‍ പറഞ്ഞു. ബാറ്ററികള്‍, ഇലക്ട്രിക് വാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍, ടെലിവിഷന്‍, സ്മാര്‍ട്ട്ഫോണുകള്‍, സോളാര്‍ പാനലുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് അപൂര്‍വ ധാതുക്കള്‍ നിര്‍ണായകമാണ്.
മൂന്ന് റൗണ്ട് വ്യാപാര ചര്‍ച്ചകള്‍ക്ക് ശേഷം ഉദ്യോഗസ്ഥര്‍ വിജയകരമെന്ന് പറയുന്ന യു എസിനുള്ള ടിക് ടോക് വില്‍പ്പന ചൈന ഇപ്പോഴും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. മെയ് മുതല്‍ അമേരിക്കന്‍ കര്‍ഷകരില്‍ നിന്ന് സോയാബീനും വാങ്ങിയിട്ടില്ല.
അപൂര്‍വ ധാതു നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ചൈനയുമായുള്ള നിലവിലെ 90 ദിവസത്തെ താരിഫ് താത്ക്കാലികമായി നിര്‍ത്തിവയ്ക്കലിന് കൂടുതല്‍ സമയം നല്‍കാനാവുമെന്ന് ഗ്രീറും ബെസെന്റും പറഞ്ഞു. ഇതുവരെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും സമയം ദീര്‍ഘിപ്പിക്കുന്നത് പുതുക്കിയിട്ടുണ്ട്.