വിന്‍ഡ് ഷീല്‍ഡില്‍ വിള്ളല്‍: യുഎസ് പ്രതിരോധ സെക്രട്ടറി സഞ്ചരിച്ച വിമാനത്തിന് യുകെയില്‍ അടിയന്തര ലാന്‍ഡിംഗ്

വിന്‍ഡ് ഷീല്‍ഡില്‍ വിള്ളല്‍: യുഎസ് പ്രതിരോധ സെക്രട്ടറി സഞ്ചരിച്ച വിമാനത്തിന് യുകെയില്‍ അടിയന്തര ലാന്‍ഡിംഗ്


ലണ്ടന്‍: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സഞ്ചരിച്ചിരുന്ന വിമാനത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി യുകെയില്‍ ലാന്‍ഡ് ചെയ്തു. സൈനിക വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡില്‍ വിള്ളല്‍ കണ്ടെത്തിയതോടെ ബുധനാഴ്ച ബ്രിട്ടനില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 
വിമാനം അമേരിക്ക ലക്ഷ്യമാക്കി സഞ്ചരിക്കുന്നതിനിടെ വിന്‍ഡ് ഷീല്‍ഡില്‍ വിള്ളല്‍ രൂപപ്പെടുകയായിരുന്നു. പറന്നുയര്‍ന്ന് 30 മിനിറ്റ് കഴിഞ്ഞപ്പോഴാണ് തകരാര്‍ കണ്ടെത്തിയത്. ഇതോടെ വിമാനം ബ്രിട്ടനില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. വിന്‍ഡ് സ്‌ക്രീന്‍ പൊട്ടിയതിനെത്തുടര്‍ന്ന് വിമാനം യുകെയിലേക്ക് തിരിച്ചുവിട്ടതായി അധികൃതര്‍ പിന്നീട് സ്ഥിരീകരിച്ചു. ബോയിങ് 757 ന്റെ സൈനിക വിമാനമായ ബോയിങ് സി32 എ വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

പീറ്റ് ഹെഗ്‌സെത്ത് സുരക്ഷിതമാണെന്ന് പെന്റഗണ്‍ അറിയിച്ചു. വിമാനത്തില്‍ സാങ്കേതിക തകരാറ് അനുഭവപ്പെടുമ്പോഴുള്ള സാധാരണ നടപടി ക്രമങ്ങളുടെ ഭാഗമായാണ് അടിയന്തരമായി നിലത്തിറക്കിയതെന്നാണ് പെന്റഗണ്‍ വിശദമാക്കി. 'സാധാരണ നടപടിക്രമങ്ങള്‍ പാലിച്ചാണ് വിമാനം ലാന്‍ഡ് ചെയ്തത്, ഹെഗ്‌സെത്ത് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്'  എന്ന് പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 'എല്ലാം നന്നായിരിക്കുന്നു. ദൈവത്തിന് നന്ദി. ദൗത്യം തുടരുക!'  എന്ന് ഹെഗ്‌സെത്ത് പോസ്റ്റ് ചെയ്തു.
ബ്രസല്‍സില്‍ നടന്ന നാറ്റോ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് അമേരിക്കയിലേക്ക് മടങ്ങുമ്പോള്‍ വിമാനത്തില്‍ തകരാര്‍ കണ്ടെത്തിയതോടെ ബ്രിട്ടനിലെ ഒരു വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നുവെന്ന് വക്താക്കളില്‍ പറഞ്ഞു. വിമാനത്താവളത്തിന്റെ പേരുവിവരങ്ങള്‍ അധികൃതര്‍ പങ്കുവച്ചില്ല. യുകെയിലെ ഒരു ആര്‍എഎഫ് ബേസിലേക്കാണ് വിമാനം എത്തിയതെന്ന റിപ്പോര്‍ട്ടുണ്ട്.

സൈനിക വിമാനം 35000 അടിയില്‍ നിന്ന് പതിനായിരം അടിയിലേറെ താഴേയ്ക്ക് ഇറക്കിയെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹെഗ്‌സെത്ത് സഞ്ചരിച്ച യുഎസ് വ്യോമസേനയുടെ സൈനിക വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ 10,000 അടിയിലേക്ക് താഴ്ന്നുവെന്നും യുകെയിലേക്കുള്ള ഗതി തിരിച്ചുവിട്ടതായും മാധ്യമപ്രവര്‍ത്തകന്‍ നിക്ക് സോര്‍ട്ടര്‍ പറഞ്ഞു. 
മുതിര്‍ന്ന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ടുള്ള അമേരിക്കന്‍ സൈനിക വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തുടരുകയാണ്. ഈ വര്‍ഷം തുടക്കത്തില്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മ്യൂണിക്കിലേക്ക് സഞ്ചരിച്ച യുഎസ് വ്യോമസേന വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ യു എസിലേക്ക് തിരികെ മടങ്ങിയിരുന്നു.