യുഎസ് രഹസ്യരേഖ കൈവശം വെച്ചതിന് അറസ്റ്റിലായ ആഷ്‌ലി ജെ. ടെല്ലിസ് കുറ്റം നിഷേധിച്ചു

യുഎസ് രഹസ്യരേഖ കൈവശം വെച്ചതിന് അറസ്റ്റിലായ ആഷ്‌ലി ജെ. ടെല്ലിസ് കുറ്റം നിഷേധിച്ചു


വാഷിംഗ്ടൺ: അതീവ രഹസ്യ സ്വഭാവത്തിലുള്ള 1,000 പേജിലധികം വരുന്ന യു.എസ് രേഖകൾ കൈവശം വെച്ചുവെന്നും ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നും ആരോപിച്ച് എഫ്.ബി.ഐ അറസ്റ്റു ചെയ്ത ഇന്ത്യൻ വംശജനായ അമേരിക്കൻ നയതന്ത്ര വിശകലന വിദഗ്ദ്ധൻ ആഷ്‌ലി ജെ. ടെല്ലിസ് കുറ്റം നിഷേധിച്ചു.

ആഷ്‌ലി ജെ. ടെല്ലിസ് വളരെ ആദരണീയനായ ഒരു പണ്ഡിതനും മുതിർന്ന നയ ഉപദേഷ്ടാവുമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകരായ ഡെബോറ കർട്ടിസും ജോൺ നാസികാസും ഒരു പ്രസ്താവനയിൽ പറഞ്ഞു. ചൈനയുമായി ബന്ധപ്പെട്ടു എന്ന എഫ്.ബി.ഐയുടെ വാദം തള്ളിയ അഭിഭാഷകർ അദ്ദേഹത്തിനെതിരായ ആരോപണങ്ങളെ ശക്തമായി നേരിടുമെന്നും പറഞ്ഞു.

അതീവ രഹസ്യ സ്വഭാവത്തിലുള്ള 1,000 പേജിലധികം വരുന്ന യു.എസ് രേഖകൾ കൈവശം വെച്ചുവെന്നും ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരുമായി പതിവായി കൂടിക്കാഴ്ച നടത്തിയെന്നും ആരോപിച്ചാണ് ആഷ്‌ലി ജെ. ടെല്ലിസിനെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്. ഡൽഹിയിലെയും വാഷിങ്ടണിലെയും വിദേശ നയ വൃത്തങ്ങളെ ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് അസ്റ്റ് വാർത്ത.

ആഷ്‌ലി ടെല്ലിസിന്റെ വിർജീനിയയിലെ വീട്ടിൽ നിന്ന് 1000ത്തിലധികം രഹസ്യ പേജുകൾ കണ്ടെത്തിയതായി എഫ്.ബി.ഐ പറഞ്ഞു. വിയന്നയിൽ നിന്നുള്ള 64 കാരനായ ആഷ്‌ലി ടെല്ലിസിനെ കഴിഞ്ഞ വാരാന്ത്യത്തിൽ അറസ്റ്റ് ചെയ്യുകയും ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി സൂക്ഷിച്ചതിന് ക്രിമിനൽ പരാതി ചുമത്തുകയും ചെയ്തുവെന്ന് യു.എസ് നീതിന്യായ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഒരു ക്രിമിനൽ പരാതി കേവല കുറ്റം മാത്രമാണെന്നും കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതി നിരപരാധിയായി കണക്കാക്കപ്പെടുമെന്നും പ്രസ്താവന വ്യക്തമാക്കി.

ഈ വർഷം സെ്ര്രപംബർ, ഒക്ടോബർ മാസങ്ങളിൽ ടെല്ലിസ് പ്രതിരോധസ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കെട്ടിടങ്ങളിൽ പ്രവേശിച്ച് സൈനിക വിമാനങ്ങളുടെ ശേഷികളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ള രഹസ്യ രേഖകൾ ശേഖരിക്കുകയും അച്ചടിക്കുകയും ചെയ്തുവെന്നും അവ ബ്രീഫ്‌കേസിലാക്കി ഒരു കാറിൽ പോയതായും കുറ്റപത്രം തയ്യാറാക്കിയ എഫ്.ബി.ഐ സത്യവാങ്മൂലത്തിൽ പറയുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഇതിനു പിന്നാലെ വിർജീനിയയിലെ വിയന്നയിലുള്ള ടെല്ലിസിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ അതീവ രഹസ്യ അടയാളങ്ങളുള്ള ആയിരത്തിലധികം പേജുകളുള്ള രേഖകൾ കണ്ടെത്തിയതായും വർഷങ്ങളായി ടെല്ലിസ് ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരെ പലതവണ കണ്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സെ്ര്രപംബർ 15 ന് വിർജീനിയയിലെ ഫെയർഫാക്‌സിലുള്ള ഒരു റസ്റ്റോറന്റിൽ നടന്ന അത്താഴവിരുന്നിൽ ടെല്ലിസ് ഒരു കവറുമായി എത്തിയതായും അദ്ദേഹം പോകുമ്പോൾ അത് കൈവശം ഉണ്ടായിരുന്നില്ല എന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലും പെന്റഗണിലുമുള്ള തൊഴിൽപരമായ സ്വാധീനം കാരണം, സെൻസിറ്റീവ് ആയ വിവരങ്ങളിലേക്ക് പ്രവേശനം സാധ്യമാവുന്ന അതീവ രഹസ്യ സുരക്ഷാ ക്ലിയറൻസ് ടെല്ലിസിന് ഉണ്ടായിരുന്നുവെന്ന് സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു.

അന്താരാഷ്ട്ര സുരക്ഷാ പ്രതിരോധ ഏഷ്യൻ സ്ട്രാറ്റജിക് വിഷയങ്ങളിൽ വൈദഗ്ധ്യം നേടിയ 'കാർണഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസ്' എന്ന സ്ഥാപനത്തിലെ സീനിയർ ഫെലോ ആണ് ആഷ്‌ലി ജെ. ടെല്ലിസ്. നേരത്തെ ഗ്രാജുവേറ്റ് സ്‌കൂളിൽ പോളിസി അനാലിസിസ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു. ഏഷ്യയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര സുരക്ഷ, യു.എസ് വിദേശ, പ്രതിരോധ നയം എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ്‌സിൽ രാഷ്ട്രീയ കാര്യങ്ങളുടെ അണ്ടർസെക്രട്ടറിയുടെ സീനിയർ ഉപദേഷ്ടാവായി നിയമിതനായപ്പോൾ ഇന്ത്യയുമായുള്ള സിവിൽ ആണവ കരാർ ചർച്ചകളിൽ അടുത്ത പങ്കാളിയായിരുന്നു എന്ന് കാർണഗീ പ്രൊഫൈലിൽ അദ്ദേഹത്തെക്കുറിച്ച് പറയുന്നു.

യു.എസ് വിദേശകാര്യ സർവിസിലേക്ക് നിയോഗിക്കപ്പെട്ട ആഷ്‌ലി ഡൽഹിയിലെ യു.എസ് എംബസിയിലെ അംബാസഡറുടെ സീനിയർ ഉപദേഷ്ടാവായി. മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ സ്‌പെഷൽ അസിസ്റ്റന്റായും 'നാഷനൽ സെക്യൂരിറ്റി കൗൺസിൽ സ്റ്റാഫിൽ' തന്ത്രപരമായ ആസൂത്രണത്തിന്റെയും തെക്കുപടിഞ്ഞാറൻ ഏഷ്യയുടെയും സീനിയർ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുംബൈയിൽ ജനിച്ച ടെല്ലിസ് ബോംബെ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം ഉന്നത പഠനത്തിനായി യു.എസിലേക്ക് പോയി. ഇന്ത്യയെയും യു.എസിനെയും കുറിച്ചുള്ള വിവിധ ടെലിവിഷൻ ചർച്ചകളിൽ പങ്കെടുത്തതിനാൽ ഇന്ത്യയിൽ പരിചിതനായ മുഖമാണ് അദ്ദേഹത്തിന്റേത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പരമാവധി 10 വർഷം തടവും 2,50,000 ഡോളർ വരെ പിഴയും ചുമത്തിയേക്കും.