വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ യുദ്ധത്തിന് ഇസ്രായേലിന് അനുമതി നല്‍കുമെന്ന് ട്രംപ്

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ യുദ്ധത്തിന് ഇസ്രായേലിന് അനുമതി നല്‍കുമെന്ന് ട്രംപ്


വാഷിങ്ടണ്‍: വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചാല്‍ യുദ്ധം പുന:രാരംഭിക്കാന്‍ ഇസ്രയേലിന് അനുമതി നല്‍കുന്നത് താന്‍ പരിഗണിക്കുമെന്ന് വ്യക്തമാക്കി യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.

താന്‍ ഒരു വാക്കു പറഞ്ഞാല്‍ ഇസ്രയേല്‍ വീണ്ടും ആ തെരുവുകളിലേക്ക് ഇറങ്ങുമെന്നും ഹമാസ് നിരായുധീകരണം നടപ്പാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ആ ഉദ്യമത്തില്‍ ഇസ്രയേലിന് എല്ലാ പിന്തുണയും നല്‍കുമെന്നും ട്രംപ് പറഞ്ഞു. ഹമാസിനെ ആയുധമുക്തമാക്കാന്‍ ഇസ്രയേലിന് യു എസ് സൈന്യത്തിന്റെ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. 

രണ്ടു വര്‍ഷമായി തുടരുന്ന യുദ്ധത്തിന് അവസാനം കുറിച്ച് 13നാണ് ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖില്‍ ട്രംപിന്റേയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയുടെയും അധ്യക്ഷതയില്‍ ഇരുപതോളം ലോക നേതാക്കള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ ഗാസ സമാധാന കരാര്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയതോടെ ഗാസയില്‍ പിടിമുറുക്കിയ ഹമാസ് വിമത വിഭാഗത്തില്‍ പെട്ട ഏഴു പേരെ തെരുവില്‍ പരസ്യമായി വെടിവച്ചു വീഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കരാര്‍ പ്രകാരം ഹമാസ് നിരായുധീകരണം നടത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്.