2030 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് അഹമ്മദാബാദ് നഗരം ആതിഥേയത്വം വഹിക്കും

2030 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് അഹമ്മദാബാദ് നഗരം ആതിഥേയത്വം വഹിക്കും


20 വര്‍ഷത്തിനുശേഷം കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍ തിരിച്ചെത്തുന്നു. 2030 ല്‍ അഹമ്മദാബാദ് നഗരം ഗെയിംസിന് ആതിഥേയത്വം വഹിക്കും. ഇത് സംബന്ധിച്ച സ്ഥിരീകരണം നവംബര്‍ 26 ന് ഉണ്ടായേക്കും.
2010 ലാണ് ഇന്ത്യ അവസാനമായി കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. ഇത്തവണ കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് നൈജീരിയയിലെ അബുജയ്ക്ക് പകരം ഗുജറാത്തിലെ ഐക്കണിക് നഗരം ശുപാര്‍ശ ചെയ്യുകയായിരുന്നു.

നവംബര്‍ 26 ന് ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് ജനറല്‍ അസംബ്ലിയില്‍ അഹമ്മദാബാദിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. 1930 ല്‍ കാനഡയിലെ ഹാമില്‍ട്ടണില്‍ ആണ് ആദ്യ ഗെയിംസ് നടന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ്2030 ശതാബ്ദി പതിപ്പായിരിക്കും.

2010 കോമണ്‍വെല്‍ത്ത് ഗെയിംസ് ഡല്‍ഹിയിലാണ് നടന്നത്. ഇത് രണ്ടാം തവണയാണ് മള്‍ട്ടിനാഷണല്‍ ഇവന്റിന് രാജ്യം ആതിഥേയത്വം വഹിക്കുന്നത്. 2036 ഒളിമ്പിക്‌സ്  വേദിക്കായി അഹമ്മദാബാദും മല്‍സര രംഗത്തുണ്ട് എന്നതിനാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്2030 അതിന് കൂടി തയ്യാറെടുക്കാനുള്ള സുവര്‍ണാവസരമായിരിക്കും. ഇന്ത്യ ഇതുവരെ ഒളിമ്പിക്‌സിന് വേദിയായിട്ടില്ല.

2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് പുറമെ, ഇന്ത്യ രണ്ട് പ്രധാന മള്‍ട്ടിസ്‌പോര്‍ട്‌സ് ഇവന്റുകള്‍ക്ക് മാത്രമേ ആതിഥേയത്വം വഹിച്ചിട്ടുള്ളൂ. അവ രണ്ടും അരങ്ങേറിയത് ന്യൂഡല്‍ഹിയിലായിരുന്നു. 1951 ലെ ആദ്യത്തെ ഏഷ്യന്‍ ഗെയിംസും 1982 ഏഷ്യന്‍ ഗെയിംസുമാണിത്.

ശതാബ്ദി കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഇന്ത്യക്ക് ബഹുമതിയാണെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് അസോസിയേഷന്‍ ഇന്ത്യ, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) എന്നിവയുടെ പ്രസിഡന്റായ കായിക ഇതിഹാസം പിടി ഉഷ പറഞ്ഞു. 2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമത്തിലേക്കുള്ള വലിയ ചുവടുവയ്പാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം അഹമ്മദാബാദിലാണ്. നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ 1,30,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഈ ഗ്രൗണ്ടിലായിരിക്കും ഉദ്ഘാടന, സമാപന ചടങ്ങുകള്‍. സ്‌റ്റേഡിയത്തിന് ചുറ്റിലുമായി സര്‍ദാര്‍ പട്ടേല്‍ എന്‍ക്ലേവ് എന്ന പേരില്‍ മള്‍ട്ടിസ്‌പോര്‍ട്‌സ് ഫെസിലിറ്റി നിര്‍മിച്ചുവരുന്നു. ഫുട്‌ബോള്‍ സ്‌റ്റേഡിയം, അത്‌ലറ്റുകളുടെ ഗ്രാമം, ടെന്നീസ് അരീന, ഒരു അക്വാട്ടിക്‌സ് സെന്റര്‍, ഒരു മള്‍ട്ടിസ്‌പോര്‍ട്‌സ് ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവ ഉണ്ടാകും. രാജ്യത്തെ ഏറ്റവും വലിയ സ്‌റ്റേഡിയമായ വീര്‍ സവര്‍ക്കര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഈ വര്‍ഷം ആദ്യം ഉദ്ഘാടനം ചെയ്തിരുന്നു.