വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് മേയറായുള്ള സോഹ്റാന്‍ മംദാനിയുടെ ജയത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി രണ്ട് പ്രധാന പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്ന് ഒഹായോ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയും ഡോണാള്‍ഡ് ട്രംപിന്റെ അനുയായിയുമായ വിവേക് രാമസ്വാമിയുടെ പ്രതികരണം. ജീവിതച്ചെലവുകള്‍ കുറയ്ക്കുന്നതിലും ഐഡന്റിറ്റി പൊളിറ്റിക്‌സ് ഒഴിവാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് വിവേക് രാമസ്വാമി ആവശ്യപ്പെട്ടത്.
എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ തങ്ങള്‍ പൂര്‍ണമായി തോറ്റുവെന്നും ന്യൂജഴ്സിയിലും വfര്‍ജീനിയയിലും ന്യൂയോര്‍ക്ക് സിറ്റിയിലും ഡെമോക്രാറ്റുകള്‍ മുഴുവനായും വിജയം നേടിയതായും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇതില്‍ നിന്ന് പഠിക്കേണ്ട രണ്ട് പ്രധാന പാഠങ്ങളുണ്ട് ശ്രദ്ധിച്ചു കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം വീഡിയോ തുടങ്ങിയത്.
ആദ്യംജനങ്ങള്‍ക്ക് അമേരിക്കന്‍ സ്വപ്‌നം സാധ്യമാക്കേണ്ടതിന് ജീവിക്കാനുള്ള ചെലവുകള്‍ കുറയ്ക്കണമെന്നും വൈദ്യുതി, ഭക്ഷണം, ആരോഗ്യ സംരക്ഷണം, ഭവനം എന്നിവയുടെ ചെലവ് താഴ്ത്താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമാക്കുകയും വേണമെന്ന് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി പറഞ്ഞു.
ആരുടെയും ത്വക്കിന്റെ നിറത്തെയോ മതത്തെയോ നോക്കരുതെന്നും വ്യക്തിത്വത്തിന്റെ ഗുണങ്ങളാണ് നവിലമതിക്കേണ്ടതെന്നും അതാണ് മുഖമുദ്രയാക്കേണ്ടതെന്നും രാമസ്വാമി കൂട്ടിച്ചേര്‍ത്തു.
