വിര്‍ജീനിയ: വിര്‍ജീനിയയിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജെ ജെ സിംഗ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഒമ്മൈര്‍ എന്‍ ബട്ടിനെ തോല്‍പ്പിച്ച് വിര്‍ജീനിയ ഹൗസ് ഓഫ് ഡെലിഗേറ്റ്‌സിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിംഗിന് 19,776 വോട്ടുകള്‍ (69.09 ശതമാനം) ലഭിച്ചപ്പോള്‍ ബട്ടിന് 8,766 വോട്ടുകള്‍ (30.62 ശതമാനം) മാത്രമാണ് നേടാനായത്. 83 പേര്‍ റൈറ്റ്-ഇന്‍ വോട്ടുകള്‍ രേഖപ്പെടുത്തി. ആകെ വോട്ടുകളുടെ 0.29 ശതമാനമാണത്.
വിജയം നേടിയതിനെ തുടര്‍ന്ന് സിംഗ് തന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.
ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകനായ സിംഗ് നോര്‍ത്ത് വിര്‍ജീനിയയിലാണ് ജനിച്ചു വളര്‍ന്നത്. ഭാര്യയോടും രണ്ടു മക്കളോടും കൂടെ അതേ പ്രദേശത്താണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കളില്‍ നിന്നാണ് കഠിനാധ്വാനം, സേവനം, സഹിഷ്ണുത എന്നിവയുടെ പ്രാധാന്യം അദ്ദേഹം പഠിച്ചത്.
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ്, സിംഗ് ബൊളീവിയയില്‍ പീസ് കോര്‍പ്‌സില്‍ സേവനമനുഷ്ഠിച്ചു. യു എസ് സെനറ്റില്‍ സീനിയര്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു.
