ഹമാസ് തിരികെ നല്കിയ ബന്ദി മൃതദേഹം ഇസ്രായേല്‍- അമേരിക്കന്‍ സൈനികന്റേതാണെന്ന് തിരിച്ചറിഞ്ഞു

ഹമാസ് തിരികെ നല്കിയ ബന്ദി മൃതദേഹം ഇസ്രായേല്‍- അമേരിക്കന്‍ സൈനികന്റേതാണെന്ന് തിരിച്ചറിഞ്ഞു


ടെല്‍അവീവ്: ഹമാസ് റെഡ് ക്രോസ് വഴി ഒടുവില്‍ തിരികെ നല്‍കിയ മൃതദേഹം ഇസ്രായേല്‍-അമേരിക്കന്‍ സൈനികന്‍ ഇറ്റൈ ചെന്‍ ആണെന്ന് ഇസ്രായേല്‍ സ്ഥിരീകരണം. യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നടത്തിയ ഗാസ യുദ്ധവിരാമ കരാറിന്റെ ഭാഗമായാണ് 19കാരനായ ഇറ്റൈ ചെന്റെ മൃതദേഹം ഹമാസ് ഇസ്രായേലിന് തിരികെ നല്‍കിയത്. ഇക്കാര്യം ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

ഹമാസിന്റെ സായുധ വിഭാഗം ഗാസാ നഗരത്തിലെ കിഴക്കന്‍ ഷെജായിയാ പ്രദേശത്ത് നിന്ന് ഒരു ഇസ്രായേല്‍ സൈനികന്റെ മൃതദേഹം കണ്ടെത്തിയതായി അറിയിച്ചിരുന്നു. ഇസ്രായേല്‍ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശമായതിനാല്‍ അവിടെ അവശിഷ്ടങ്ങളില്‍ തിരച്ചില്‍ നടത്താന്‍ ഹമാസനും റെഡ് ക്രോസ് ഉദ്യോഗസ്ഥര്‍ക്കും ഇസ്രായേല്‍ അനുമതി നല്‍കിയിരുന്നു.

സ്റ്റാഫ് സാര്‍ജന്റ് ചെന്‍ 2023 ഒക്ടോബര്‍ 7-ന് ഹമാസ്  ആക്രമണ സമയത്ത് ഐഡിഎഫിന്റെ 7-ാം ബ്രിഗേഡില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു.

ഐ ഡി എഫിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കിബ്ബൂട്ട്സ് നിര്‍ ഓസില്‍ നടന്ന സംഘര്‍ഷത്തില്‍ ചെന്‍ ഒരു ടാങ്കിനുള്ളില്‍ കൊല്ലപ്പെടുകയും തുടര്‍ന്ന് മൃതദേഹം ഹമാസ് ഗാസയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

ഇസ്രായേലിലെ ഹോസ്‌റ്റേജ് ആന്റ് മിസ്സിംഗ് ഫാമിലീസ് ഫോറം അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചെത്തിയതിനെ സ്വാഗതം ചെയ്‌തെങ്കിലും ഇപ്പോഴും ഗാസയില്‍ ഏഴ് ബന്ദികളുടെ മൃതദേഹങ്ങള്‍ അവിടെയുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു. അവസാന ബന്ദിയുടെ മൃതദേഹം നാട്ടിലെത്തും വരെ ഈ പ്രക്രിയ നിര്‍ത്തരുതെന്നും ഫോറം ആവശ്യപ്പെട്ടു. 

ഖാന്‍ യൂനിസ് നഗരത്തിലെ നാസര്‍ ആശുപത്രി റെഡ് ക്രോസ് മുഖേന ഇസ്രായേല്‍ കൈമാറിയ 15 പാലസ്തീനികളുടെ മൃതദേഹങ്ങള്‍ സ്വീകരിച്ചതായി അറിയിച്ചു. ഓരോ ഇസ്രായേല്‍ ബന്ദിയുടെ മൃതദേഹത്തിനും പകരം 15 പാലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ തിരികെ നല്‍കാന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഗാസയില്‍ ഡി എന്‍ എ പരിശോധനയ്ക്ക് സൗകര്യമില്ലാത്തതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 

യുദ്ധവിരാമ കരാറിനു ശേഷം ബന്ദികളുടെ മൃതദേഹം തിരിച്ചുനല്‍കുന്നത് ഹമാസ് വൈകിപ്പിക്കുകയാണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു.എന്നാല്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് എന്ന മറുപടിയാണ് ഹമാസ് നല്‍കുന്നത്. 

മൃതദേഹങ്ങള്‍ കൈമാറുന്ന പ്രക്രിയ മന്ദഗതിയിലായതിനെ തുടര്‍ന്ന് ട്രംപിന്റെ ഗാസാ സമാധാന പദ്ധതിയുടെ രണ്ടാംഘട്ടം, ഗാസയുടെ ഭരണസംവിധാനം, ഇസ്രായേല്‍ സേനയുടെ പിന്‍വാങ്ങല്‍, ഹമാസിന്റെ നിരായുധീകരണം, പുനര്‍നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങള്‍ മുമ്പോട്ടു പോയിട്ടില്ല. 

യുദ്ധവിരാമ കരാറനുസരിച്ച് ഹമാസ് 72 മണിക്കൂറിനുള്ളില്‍ തങ്ങളുടെ കൈവശമുള്ള 20 ജീവനുള്ളവരേയും 28 മരിച്ചവരുമായ ബന്ദികളെ തിരികെ നല്‍കാന്‍ സമ്മതിച്ചിരുന്നു.

ഒക്ടോബര്‍ 13ന് എല്ലാ ജീവനുള്ള ഇസ്രായേല്‍ ബന്ദികളെയും 250 പാലസ്തീന്‍ തടവുകാരെയും 1,718 ഗാസ തടവുകാരെയും ഇരുവിഭാഗവും വിട്ടുകൊടുത്തു. ഇതുവരെ ഇസ്രായേല്‍ 19 ഇസ്രായേല്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ക്കും തായ്, നേപ്പാളി എന്നീ വിദേശികളായ രണ്ട്് മൃതദേഹങ്ങള്‍ക്കും പകരം 285 പാലസ്തീനികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കി.

ഇനിയും ഗാസയില്‍ കുടുങ്ങിയിരിക്കുന്ന ഏഴ് മരിച്ച ബന്ദികളില്‍ അഞ്ച് പേര്‍ ഇസ്രായേലികള്‍, ഒരാള്‍ താന്‍സാനിയന്‍, ഒരാള്‍ തായ് പൗരന്‍ എന്നിവരാണ്. ഇവരില്‍ ഒരാളെ ഒഴികെ എല്ലാവരും 2023 ഒക്ടോബര്‍ 7-ന് ഹമാസ് നയിച്ച തെക്കന്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ബന്ദികളായ 251 പേരില്‍ ഉള്‍പ്പെട്ടവരായിരുന്നു. പ്രസ്തുത ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെട്ടു.

അതിനു മറുപടിയായി ഇസ്രായേല്‍ ആരംഭിച്ച സൈനിക പ്രവര്‍ത്തനത്തില്‍, ഹമാസ് നിയന്ത്രിത ഗാസാ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 68,800ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.