സാന്‍ ഫ്രാന്‍സിസ്‌കോ: 2026ലെ മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്‍പ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വന്‍ ഉണര്‍വ് നല്‍കുന്ന തരത്തില്‍ സംസ്ഥാനത്തിന്റെ കോണ്‍ഗ്രസ് മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കുന്ന ബാലറ്റ് പ്രമേയം വോട്ടര്‍മാര്‍ ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. ആസോസിയേറ്റഡ് പ്രസിന്റെ കണക്കുകള്‍ പ്രകാരം 'പ്രൊപ്പോസിഷന്‍ 50' എന്നറിയപ്പെടുന്ന പ്രമേയത്തിന് എളുപ്പത്തിലുള്ള വിജയമാണ് വോട്ടര്‍മാര്‍ സമ്മാനിച്ചത്.
പുതിയ നിയമപ്രകാരം, സംസ്ഥാനത്തിന്റെ സ്വതന്ത്ര പുനര്‍വിഭജന കമ്മീഷന്‍ രൂപപ്പെടുത്തിയ മണ്ഡലങ്ങള്‍ റദ്ദാക്കി ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ അനുകൂലമായ പുതിയ മണ്ഡലങ്ങള്‍ നിലവില്‍ വരും. ഇതിലൂടെ പാര്‍ട്ടിക്ക് അടുത്ത യു.എസ്. ഹൗസ് തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് അഞ്ചോളം പുതിയ സീറ്റുകള്‍ നേടാനാകുമെന്നാണ് വിലയിരുത്തല്‍.
വോട്ടെടുപ്പ് അവസാനിച്ചയുടന്‍ എ.പി. ഫലം പ്രഖ്യാപിച്ചു. വിര്‍ജീനിയയിലും ന്യൂജേഴ്‌സിയിലുമുള്ള വിജയങ്ങളോടൊപ്പം ഡെമോക്രാറ്റുകള്‍ക്കുള്ള ഏറ്റവും ശക്തമായ തിരഞ്ഞെടുപ്പ് രാത്രിയായിരുന്നു ഇത്.
സംസ്ഥാന ഗവര്‍ണര്‍ ഗേവിന്‍ ന്യൂസം നേതൃത്വം നല്‍കിയ പ്രചാരണം സംസ്ഥാനത്തുടനീളം ചലനങ്ങള്‍ സൃഷ്ടിച്ചു. ടെക്‌സസ്, മിസ്സൗറി, നോര്‍ത്ത് കരോലിന തുടങ്ങിയ റിപ്പബ്ലിക്കന്‍ നിയന്ത്രിത സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയോടെ നടപ്പാക്കിയ ഗെറിയ്മാന്‍ഡറിംഗിനെ (തെരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ രാഷ്ട്രീയ പുനര്‍വിഭജനം) മറികടക്കാന്‍ കാലിഫോര്‍ണിയയും തുല്യമായ രാഷ്ട്രീയ നീക്കം വേണമെന്ന് ന്യൂസം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
പുനര്‍വിഭജന അധികാരം വോട്ടര്‍മാര്‍ 2010ല്‍ ഒരു സ്വതന്ത്ര പൗര കമ്മീഷന് കൈമാറിയതിനാല്‍, ഈ മാറ്റത്തിന് വോട്ടര്‍മാരുടെ അനുമതി ആവശ്യമായിരുന്നു. കമ്മീഷന്‍ ഇപ്പോഴും സംസ്ഥാനത്ത് ജനപ്രീതിയുള്ളതായിരുന്നുവെങ്കിലും, 'ട്രംപ് അനുകൂല സംസ്ഥാനങ്ങള്‍ ഹൗസ് നിയന്ത്രണത്തില്‍ അന്യായ മുന്‍തൂക്കം നേടുന്ന സാഹചര്യത്തില്‍ കാലിഫോര്‍ണിയക്ക് മൗനം പാലിക്കാനാകില്ല' എന്ന ന്യൂസത്തിന്റെ വാദം പ്രചാരണത്തില്‍ വിജയിച്ചു.
'ഇത് കാലിഫോര്‍ണിയക്കാര്‍ക്ക് ട്രംപിനെ നേരിടാനുള്ള ഉത്സാഹവും ധൈര്യവുമുണ്ടെന്ന് കാണിക്കുന്നുവെന്നും സാധാരണ രാഷ്ട്രീയ സമയമല്ല, ഇതൊരു അത്യപൂര്‍വ ഘട്ടമാണ് എന്നും ഈ വിജയത്തെക്കുറിച്ച് കാലിഫോര്‍ണിയയിലെ രാഷ്ട്രീയ തന്ത്രജ്ഞയായ എറിക്ക ക്വിയാറ്റ്‌കോവ്‌സ്‌കി നീല്‍സണ്‍ അഭിപ്രായപ്പെട്ടു:
'അംഗീകാര' പ്രചാരണത്തിന് ന്യൂസമും കൂട്ടാളികളും ഏകദേശം 120 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. പ്രധാന സംഭാവന ദാതാക്കളില്‍ ഹൗസ് മേജോറിറ്റി പാക്ക്, ജോര്‍ജ് സോറോസ് നയിക്കുന്ന ഫണ്ട് ഫോര്‍ പോളിസി റിഫോം എന്നിവ ഉള്‍പ്പെടുന്നു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ മുതല്‍ പ്രതിനിധി അലക്‌സാണ്ട്രിയ ഒകാസിയോകോര്‍ട്ടസ് വരെ ഡെമോക്രാറ്റിക് നേതാക്കളുടെ പങ്കാളിത്തം ഉള്‍ക്കൊണ്ട പരസ്യങ്ങള്‍ സംസ്ഥാനമെങ്ങും പ്രക്ഷേപണം നടത്തിയിരുന്നു.
കാലിഫോര്‍ണിയ വോട്ടര്‍മാര്‍ പുതിയ കോണ്‍ഗ്രസ് മണ്ഡലങ്ങള്‍ അംഗീകരിച്ചു; ഡെമോക്രാറ്റുകള്‍ക്ക് വന്‍ നേട്ടം
