ന്യൂയോർക്ക്: നെഹ്റുവിനെ ഉദ്ധരിച്ചു പ്രസംഗം തുടങ്ങി 'ധൂം മച്ചാലെ' (ഹാവ് എ ബ്ലാസ്റ്റ്...) എന്ന ഉന്മാദമുണർത്തുന്ന ബോളിവുഡ് ഗാനത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ ഇന്ത്യൻ വംശജനായ സോഹ്റാൻ മാംദാനി ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ് ദിനത്തിൽ സ്ഥാപിച്ചത് സ്വത്വ രാഷ്ട്രീയത്തിന്റെ പുതിയൊരു നിയമസംഹിതയാണ്. യുഎസിലെ പ്രവാസി സമൂഹവും ന്യൂയോർക്കിലെ ജനങ്ങളും ഇന്നലെ (യുഎസ് സമയം) കണ്ട ആ വിജയം അവിസ്മരണീയമായിരുന്നു.
ക്വീൻസിൽ നിന്നുള്ള ഈ ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയ നേതാവ് ആവേശഭരിതമായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോൾ ഭാര്യ രമ ദുവജി, പ്രശസ്ത പണ്ഡിതനായ പിതാവ് മഹ്മൂദ് മാംദാനി, പുരസ്കാര ജേതാവായ സിനിമാ സംവിധായികയായ മാതാവ് മീരാ നായർ എന്നിവർ വേദിയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ചരിത്രം തിരുത്തിക്കുറിച്ച തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള ആ കുടുംബം ഒരുമിച്ച് വേദിയിൽ നിന്നത് തന്നെ ശക്തമായൊരു രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു. യുഗാണ്ടയിൽ ജനിച്ച മാംദാനി, ബിഗ് ആപ്പിളിന്റെ (ന്യൂയോർക്ക് സിറ്റി) ആദ്യത്തെ മുസ്‌ലിം, ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ മേയറായി ചരിത്രമെഴുതാൻ ഒരുങ്ങുകയാണ്.
ഹിന്ദു-മുസ്‌ലിം സമ്മിശ്ര വിവാഹിതരായ ദമ്പതികളുടെ മകനാണ് സോഹ്റാൻ. മീരാ നായർ ഹിന്ദു കുടുംബത്തിൽ നിന്നും, കൊളംബിയ പ്രൊഫസറായ പിതാവ് മഹ്മൂദ് മാംദാനി മുസ്‌ലിം കുടുംബത്തിൽ നിന്നുമുള്ളയാളാണ്. അതിനാൽ തന്നെ സ്വയം പ്രഖ്യാപിത ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആയ സോഹ്റാൻ മാംദാനിയുടെ വ്യക്തിത്വം വിവിധ വിശ്വാസങ്ങളുടെയും സംസ്കാരങ്ങളുടെയും ഒരു സംഗമം കൂടിയാണ്.
യുഎസിൽ നിലനിൽക്കുന്ന കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകൾക്കെതിരെ ആഞ്ഞടിച്ച മാംദാനി തന്റെ ഈ സമ്മിശ്ര വ്യക്തിത്വത്തെ കൂടുതൽ ശക്തിപ്പെടുത്തി. ഇത് ഡൊണാൾഡ് ട്രംപിന് ഒരു ശക്തമായ മറുപടിയായി മാറി.
പ്രസംഗത്തിനിടെ ട്രംപിന് നേരിട്ടുള്ള സന്ദേശം നൽകിക്കൊണ്ട് മാംദാനി ഇങ്ങനെ പറഞ്ഞു: "ഡോണൾഡ് ട്രംപ്, താങ്കൾ ഇത് കാണുന്നുണ്ടെന്ന് എനിക്കറിയാം, താങ്കളോട് എനിക്ക് നാല് വാക്കുകൾ പറയാനുണ്ട്: ശബ്ദം കൂട്ടിവയ്ക്കുക! ന്യൂയോർക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരും, കുടിയേറ്റക്കാർ കെട്ടിപ്പടുത്തതും, കുടിയേറ്റക്കാർക്ക് ഊർജ്ജം നൽകുന്നതും, ഇന്നുമുതൽ ഒരു കുടിയേറ്റക്കാരൻ നയിക്കുന്നതുമായ നഗരം!"
തന്റെ വിജയം ഒരു 'രാഷ്ട്രീയ കുടുംബവാഴ്ചയുടെ' അന്ത്യം കുറിക്കുന്നതിന് തുല്യമാണെന്ന് പ്രഖ്യാപിച്ച മാംദാനി, ന്യൂയോർക്ക് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് രൂപം നൽകി.
നെഹ്റുവിന്റെ ഐതിഹാസിക 'ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി' (വിധിയുമായുള്ള കൂടിക്കാഴ്ച) എന്ന പ്രസംഗത്തെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ, ഞാൻ ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ഓർക്കുന്നു – 'ചരിത്രത്തിൽ വളരെ അപൂർവമായിട്ടാണ് ഇത്തരമൊരു നിമിഷം കടന്നുവരുന്നത്. നമ്മൾ പഴയതിൽ നിന്ന് പുതിയതിലേക്ക് കാലെടുത്തുവയ്ക്കുന്നു, ഒരു യുഗം അവസാനിക്കുന്നു, ദീർഘകാലമായി അടിച്ചമർത്തപ്പെട്ട ഒരു രാജ്യത്തിന്റെ ആത്മാവ് അതിന്റെ ശബ്ദം കണ്ടെത്തുന്നു.' ഇന്ന് രാത്രി, നമ്മൾ പഴയതിൽ നിന്ന് പുതിയതിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നു."
ഒടുവിൽ, ന്യൂയോർക്ക് സിറ്റി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, ആദ്യത്തെ ദക്ഷിണേഷ്യൻ വംശജനായ മേയർ തന്റെ കൈയ്യിലുണ്ടായിരുന്ന പ്രത്യേക തന്ത്രം പുറത്തെടുത്തു. 2004-ലെ സൂപ്പർ ഹിറ്റ് ചിത്രം 'ധൂം' സിനിമയിലെ 'ധൂം മച്ചാലെ' എന്ന ഗാനത്തിന്റെ തുടക്കം പശ്ചാത്തല സംഗീതമായപ്പോൾ, അദ്ദേഹം വേദിയിൽ നിന്ന് ഇറങ്ങി നടന്നു.
പ്രസംഗത്തിനിടയിൽ ഈ ബോളിവുഡ് ഗാനം അബദ്ധത്തിൽ കേട്ടപ്പോൾ ലൈവ് കണ്ടവർ ആദ്യം ഒരു അബദ്ധം എന്ന് കരുതിയെങ്കിലും, പ്രസംഗം അവസാനിച്ചപ്പോൾ അതേ ഗാനം കേട്ടപ്പോൾ അവർ കൂടുതൽ അമ്പരന്നു.
"എത്ര ശ്രമിച്ചിട്ടും പ്രായമാവാത്ത യുവത്വമാണ് ഞാൻ. ഞാൻ ഒരു മുസ്‌ലിമാണ്. ഞാൻ ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റാണ്. ഇതിന്റെ പേരിൽ ഞാൻ ആരുടെയും മുന്നിൽ മാപ്പ് പറയില്ല," ക്വീൻസിലെ ഈ രാഷ്ട്രീയ നേതാവ് ഉറപ്പിച്ചു പറഞ്ഞു.
തനിക്കെതിരെയുള്ള എല്ലാ വിമർശനങ്ങളെയും ജൂതവിരുദ്ധ ആരോപണങ്ങളെയും ചെറുത്തുകൊണ്ട് മാംദാനി കൂട്ടിച്ചേർത്തു: "ജൂതന്മാരായ ന്യൂയോർക്കുകാർക്കൊപ്പം ഉറച്ചുനിൽക്കുന്ന ഒരു സിറ്റി ഹാൾ നമ്മൾ കെട്ടിപ്പടുക്കും. വർദ്ധിച്ചു വരുന്ന ജൂത വിരോധത്തിനെതിരായ പോരാട്ടത്തിൽ ഈ സിറ്റി ഹാൾ ഒരിക്കലും പതറില്ല. കൂടാതെ, ഇവിടെയുള്ള 10 ലക്ഷത്തിലധികം വരുന്ന മുസ്‌ലിങ്ങൾ അവർക്ക് ഈ നഗരത്തിൽ സ്ഥാനമുണ്ടെന്ന് അറിയുകയും ചെയ്യും."
കണ്ണുകളെയും ചെവികളെയും വിശ്വസിക്കാൻ കഴിയാതെ ഇതെല്ലാം കണ്ടിരുന്ന നെറ്റിസൺസ് ഈ വിജയ നിമിഷത്തെ 'യഥാർത്ഥ ജീവിതത്തിലെ ബോളിവുഡ് സിനിമ' എന്ന് വാഴ്ത്തി. പ്രശസ്ത ബ്രിട്ടീഷ്-അമേരിക്കൻ പത്രപ്രവർത്തകൻ മെഹ്ദി ഹസൻ ഓൺലൈനിൽ, മാംദാനിയുടെ ന്യൂയോർക്ക് വിജയം 'വെളുത്ത വർഗ്ഗ മേധാവിത്വക്കാർക്കുള്ള' ഒരു വലിയ മറുപടി'യാണെന്ന് പ്രഖ്യാപിച്ചു. അദ്ദേഹം 'എക്സി'ൽ (പഴയ ട്വിറ്റർ) കുറിച്ചു: "സോഹ്റാൻ ഇന്ന് രാത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത് 'ധൂം മച്ചാലെ' എന്ന ഗാനത്തോടെയാണ്. ബോളിവുഡ് സംഗീതം. വംശീയവാദികളേ, കൂടുതൽ കരയുക!"
മറ്റൊരു ഉപയോക്താവ് ആവേശം കൊണ്ടു: "മാംദാനി പുറത്തേക്ക് പോകുമ്പോൾ 'ധൂം' പ്ലേ ചെയ്തത് അതിഗംഭീരമായി. കാരണം, അത് 2000-ങ്ങളിലെ ഏറ്റവും മികച്ച ബോളിവുഡ് സംഗീതമാണ്. ഒരു ഇന്ത്യൻ-അമേരിക്കൻ എന്ന നിലയിൽ എനിക്ക് അഭിമാനം തോന്നുന്നു."
"ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട ഒരാൾ 'ധൂം മച്ചാലെ' കേട്ട് ഇറങ്ങിപ്പോകുന്നത് സോഹ്റാൻ ചെയ്തതിൽ വച്ച് ഏറ്റവും ഐക്കണിക് കാര്യമായിരിക്കാം," മറ്റൊരാൾ അഭിപ്രായപ്പെട്ടു. "നെഹ്റുവിനെ ഉദ്ധരിച്ചു, അവസാനം 'ധൂം മച്ചാലെ'... സോഹ്റാൻ മാംദാനി എൻ്റെ 'GOAT' (Greatest of All Time)," മറ്റൊരാൾ കൂട്ടിച്ചേർത്തു.
ന്യൂയോർക്ക് സിറ്റിയുടെ രാഷ്ട്രീയ ഭൂപടത്തിൽ ശക്തമായ വേരോട്ടമുണ്ടാക്കിയ ഈ ഇന്ത്യൻ ചൈതന്യം വരും ദിവസങ്ങളിലും ഏറെ ചർച്ചാവിഷയമാകുമെന്നതിൽ സംശയമില്ല.
