ജാരഡ് ഐസക്മാനെ നാസാ മേധാവിയാക്കി ട്രംപ് വീണ്ടും നാമനിര്‍ദ്ദേശം ചെയ്തു

ജാരഡ് ഐസക്മാനെ നാസാ മേധാവിയാക്കി ട്രംപ് വീണ്ടും നാമനിര്‍ദ്ദേശം ചെയ്തു


വാഷിംഗ്ടണ്‍ :  ടെക് ബില്യനെയറും സ്‌പേസ് എക്‌സ് യാത്രക്കാരനുമായ ജാരഡ് ഐസക്മാനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും നാസാ അഡ്മിനിസ്‌ട്രേറ്ററായി നാമനിര്‍ദ്ദേശം ചെയ്തു. മുന്‍പ് നാമനിര്‍ദ്ദേശം ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന്റെ 'പഴയ ചില ബന്ധങ്ങളുടെ വിശദമായ പരിശോധന' എന്ന കാരണത്താല്‍ ട്രംപ് അത് പിന്‍വലിച്ചിരുന്നു.

'വ്യാപാര രംഗത്തും സാങ്കേതിക രംഗത്തും അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ച, സ്‌പേസ് യാത്രികനും ദാനധര്‍മ്മപ്രവര്‍ത്തകനുമായ ജാരഡ് ഐസക്മാനെ നാസയുടെ അഡ്മിനിസ്‌ട്രേറ്ററായി നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ സന്തോഷമുണ്ട്,' എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ വ്യക്തമാക്കി. 'അദ്ദേഹത്തിന്റെ ബഹിരാകാശാസക്തിയും അന്വേഷണത്തിനുള്ള പ്രതിബദ്ധതയും നാസയെ പുതിയ കാലത്തിലേക്ക് നയിക്കാന്‍ സഹായിക്കും,' എന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

സ്‌പേസ് എക്‌സ് മുഖാന്തരം രണ്ടുതവണ ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ഐസക്മാന്‍, എലോണ്‍ മസ്‌കിന്റെ അടുത്ത കൂട്ടാളിയെന്ന നിലയിലാണ് അറിയപ്പെടുന്നത്. നാമനിര്‍ദ്ദേശ പ്രഖ്യാപനത്തിനു പിന്നാലെ ഐസക്മാന്‍ എക്‌സ് -ലെ പോസ്റ്റിലൂടെ ട്രംപിനോടു നന്ദി രേഖപ്പെടുത്തി. 'ബഹിരാകാശ സാമ്പത്തിക വ്യവസ്ഥ നിര്‍മ്മിക്കുന്ന ആധുനികര്‍ക്കും, പുതിയ കണ്ടെത്തലുകളെ പിന്തുടരുന്ന ശാസ്ത്രജ്ഞര്‍ക്കും, ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കുമുള്ള സ്വപ്‌നം കാണുന്നവര്‍ക്കും - ഇതാണ് ഏറ്റവും ആവേശകരമായ കാലഘട്ടം. നാം കാത്തിരിക്കുന്ന ഭാവി ഉടന്‍ യാഥാര്‍ത്ഥ്യമാകും,' അദ്ദേഹം രേഖപ്പെടുത്തി.

നാസയുടെ താല്‍ക്കാലിക മേധാവിയായി സേവനം ചെയ്തിരുന്ന ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫിയുമായുണ്ടായ ആഭ്യന്തര സംഘര്‍ഷമാണ് പുതിയ നിയമനത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ കൂടുതല്‍ ചൂടേറിയതാക്കിയത്. ഡഫി നാസയെ ഗതാഗത വകുപ്പിനോട് സംയോജിപ്പിക്കണമെന്ന ആശയം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്.

നേരത്തെ ഐസക്മാന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കപ്പെട്ടതില്‍ വൈറ്റ് ഹൗസിനകത്ത് നിരാശ നിലനിന്നിരുന്നു. ട്രംപ് സഹായികളില്‍ ചിലര്‍ ഐസക്മാന്റെ മുന്‍കാല ഡെമോക്രാറ്റിക് ഫണ്ട് സംഭാവനകളെ ചൂണ്ടിക്കാട്ടി എതിര്‍പ്പുയര്‍ത്തിയതായും പിന്നീടാണ് ട്രംപ്-എലോണ്‍ മസ്‌ക് തര്‍ക്കം രൂക്ഷമായതെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐസക്മാന്റെ തിരിച്ചുവരവ് നാസയുടെ നിര്‍ണായക ഘട്ടത്തിലാണ്. ചൈന 2030ഓടെ ചന്ദ്രനില്‍ തങ്ങളുടെ ടൈകോണോട്ടുകളെ അയക്കാനുള്ള പദ്ധതിയുമായി മുന്നേറുമ്പോള്‍, നാസ 'ആര്‍ട്ടെമിസ്' പ്രോഗ്രാം വഴി അമേരിക്കന്‍ അസ്‌ട്രോണോട്ടുകളെ ചന്ദ്രനിലേക്കെത്തിക്കാനുള്ള തന്ത്രങ്ങള്‍ പുതുക്കുകയാണ്.

താല്‍ക്കാലിക മേധാവിയായ ഡഫി സ്‌പേസ് എക്‌സിനെ ആര്‍ട്ടെമിസ് III പദ്ധതിയില്‍ നിന്ന് മാറ്റാനുള്ള നീക്കം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മസ്‌കിന്റെ അടുത്ത സുഹൃത്തായ ഐസക്മാന്‍ ആ നിലപാട് മാറ്റുമെന്നാണ് സൂചന. അതോടൊപ്പം തന്നെ അദ്ദേഹം 'വാണിജ്യ ബഹിരാകാശ മേഖലയില്‍ മത്സരം ശക്തമാക്കാന്‍' താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ട്രംപ് ഭരണകൂടത്തിന്റെ ബജറ്റ് നിര്‍ദ്ദേശത്തില്‍ നാസയുടെ ശാസ്ത്രബജറ്റിന് 47 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ശ്രദ്ധേയമായിരുന്നു. അതിനെ 'പ്രായോഗികമല്ലാത്ത നീക്കം' എന്നാണ് ഐസക്മാന്‍ വിലയിരുത്തിയത്.

സെനറ്റ് സ്ഥിരീകരണസമയത്ത് ഐസക്മാനോട് 'ചന്ദ്രനോ മാര്‍സോ- ഏതാണ് മുന്‍ഗണന?' എന്ന ചോദ്യമുയര്‍ന്നപ്പോള്‍, 'ചന്ദ്രനും മാര്‍സും തമ്മില്‍ തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. രണ്ടും നമുക്ക് നേടാം.' എന്ന് അദ്ദേഹം പ്രതികരിച്ചു.

ബഹിരാകാശ രംഗത്തെ വിദഗ്ധര്‍ ഈ നിലപാടിനെ പിന്തുണച്ചെങ്കിലും, ട്രംപ് ഭരണകൂടം കര്‍ശനമായ ചെലവു നിയന്ത്രണത്തിലേക്ക് നീങ്ങുമ്പോള്‍ നാസയുടെ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്നത് ചോദ്യമായി തുടരുകയാണ്.