ലൂയിവില്‍(കെന്റക്കി) : യു.പി.എസ്. കമ്പനിയുടെ കാര്‍ഗോ വിമാനം പറന്നുയര്‍ന്നതിനു പിന്നാലെ തകര്‍ന്നു വീണ് കുറഞ്ഞത് മൂന്ന് പേര്‍ മരിക്കുകയും പതിനൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഉയരാന്‍ സാധ്യതയുണ്ടെന്ന് കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബഷീര്‍ മുന്നറിയിപ്പ് നല്‍കി.
സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ദൃശ്യങ്ങളില്‍ വിമാനം പറന്നുയര്‍ന്നതിനു പിന്നാലെ തീപിടിച്ച് പൊട്ടിത്തെറിക്കുന്നതും, വലിയ തീപ്പന്തം സമീപ കെട്ടിടങ്ങളിലേക്കും വ്യാപിക്കുന്നതും കാണാം. 'നമുക്കു ലഭിച്ചിരിക്കുന്നത് പ്രാഥമിക കണക്കുകള്‍ മാത്രമാണ്; അവ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഗവര്‍ണര്‍ ബഷീര്‍ പറഞ്ഞു.
ലൂയിവില്ലിലെ മുഹമ്മദ് അലി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പ്രാദേശിക സമയം വൈകുന്നേരം 5.15ന് ഹോണലുലുവിലേക്ക് പുറപ്പെട്ട യു.പി.എസ്. ഫ്‌ലൈറ്റ് 2976 ആണ് അപകടത്തില്‍പെട്ടതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ.) അറിയിച്ചു.
എഞ്ചിനില്‍ തീപ്പിടിച്ച നിലയില്‍ വിമാനം 175 അടി ഉയരത്തിലേക്ക് കുതിച്ചതിനു പിന്നാലെ 184 നോട്ട്‌സ് വേഗതയില്‍ പെട്ടെന്ന് താഴേക്ക് വീണുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നുള്ള വിവരം.
34 വര്‍ഷം പഴക്കമുള്ള എം.ഡി.-11 ഫ്രീറ്റര്‍ മോഡലിലുള്ള കാര്‍ഗോ വിമാനമാണ് തകര്‍ന്നത്. 2006 മുതല്‍ യു.പി.എസ്. ഉപയോഗിച്ചുവരുന്ന ഈ വിമാനത്തിന്റെ സാങ്കേതിക ചുമതലകള്‍ ബോയിംഗ് കമ്പനിയാണ് നിര്‍വഹിച്ചിരുന്നത്.
വിമാനാപകടത്തെ തുടര്‍ന്ന് പ്രാദേശിക അധികാരികള്‍ എയര്‍പോര്‍ട്ടിനോട് ചേര്‍ന്നുള്ള അഞ്ച് മൈല്‍ പരിധിയില്‍ 'ഷെല്‍ട്ടര്‍ ഇന്‍ പ്ലേസ്' ഉത്തരവ് പുറപ്പെടുവിച്ചു. പ്രദേശവാസികള്‍ പ്രദേശം ഒഴിവാക്കണമെന്ന് ലൂയിവില്‍ മേയര്‍ ക്രെയ്ഗ് ഗ്രീന്‍ബര്‍ഗ് അഭ്യര്‍ത്ഥിച്ചു.
യു.പി.എസ്.യുടെ ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ കൈകാര്യം ചെയ്യുന്ന കേന്ദ്രമായ വേള്‍ഡ്‌പോര്‍ട്ട് പ്രവര്‍ത്തിക്കുന്ന ലൂയിവില്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ആമസോണ്‍, വാള്‍മാര്‍ട്ട് തുടങ്ങി നിരവധി പ്രധാന കമ്പനികളുടെ ഡെലിവറികള്‍ക്കും തടസ്സമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് (NTSB) അപകടത്തെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. കാരണങ്ങള്‍ കണ്ടെത്താനും സുരക്ഷാ ശുപാര്‍ശകള്‍ സമര്‍പ്പിക്കാനും ഇത്തരം അന്വേഷണങ്ങള്‍ക്ക് 12 മുതല്‍ 24 മാസം വരെ എടുക്കാറുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍പെട്ട വിമാനത്തില്‍ ഉണ്ടായിരുന്ന ജീവനക്കാരെ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ യു.പി.എസ്. ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. സ്ഥിതിഗതികള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും കമ്പനി അറിയിച്ചു.
ലൂയി വില്ലില്‍ യു.പി.എസ്. കാര്‍ഗോ വിമാനം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു, പതിനൊന്ന് പേര്‍ക്ക് പരിക്ക്
