ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തിലും മത്സരഫലം പ്രവചനാതീതമായി മാറിയെന്നാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ വ്യക്തമായ ലീഡ് നേടിയിരുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സോഹ്‌റാന്‍ മംദാനിയോടൊപ്പം ഇപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ആന്‍ഡ്രൂ കുവോമോയും തുല്യമായി പോരാടുകയാണ് എന്ന് വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നു.
അവസാന ഘട്ടത്തില്‍ മിതവാദി ഡെമോക്രാറ്റുകള്‍, മുതിര്‍ന്ന വോട്ടര്‍മാര്‍, കൂടാതെ റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ ഒരു വിഭാഗം എന്നിവരില്‍നിന്നാണ് കോമോക്ക് വലിയ പിന്തുണ ലഭിക്കുന്നത്. മംദാനിയേക്കാള്‍ ഭരണാനുഭവമുള്ള വ്യക്തിയെന്ന നിലയില്‍ കോമോയെ സ്വീകരിക്കുന്ന നിലപാടാണ് ഈ വിഭാഗങ്ങളില്‍ ശക്തിപ്രാപിക്കുന്നത്. നഗരത്തിലെ പൊതുസുരക്ഷയും ഭരണപരമായ കാര്യക്ഷമതയും മുന്‍നിര്‍ത്തിയുള്ള കോമോയുടെ പ്രചാരണശൈലി മദ്ധ്യവര്‍ഗത്തെയും ബിസിനസ് സമൂഹത്തെയും ആകര്‍ഷിക്കുന്നു.
അതേസമയം, ക്വീന്‍സ്, ബ്രൂക്ക്‌ലിന്‍ തുടങ്ങിയ പ്രദേശങ്ങളിലും ഇടതുപക്ഷപ്രവര്‍ത്തക വോട്ടര്‍മാരുടെയും കുടിയേറ്റ സമൂഹങ്ങളുടെയും ശക്തമായ പിന്തുണ മംദാനിക്കുണ്ട്. വാസസ്ഥലം, തൊഴിലാളി അവകാശങ്ങള്‍, കോര്‍പ്പറേറ്റ് സ്വാധീനത്തിനെതിരായ പോരാട്ടം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ പ്രധാന മുദ്രാവാക്യങ്ങള്‍.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വോട്ടര്‍മാരുടെ ഉത്സാഹം കണക്കിലെടുക്കുമ്പോള്‍, ഈ വര്‍ഷത്തെ മേയര്‍ തെരഞ്ഞെടുപ്പ് ന്യൂയോര്‍ക്ക് നഗരത്തിന്റെ അടുത്തകാലത്തെ ഏറ്റവും കടുത്ത പോരാട്ടങ്ങളിലൊന്നാണ് എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഫലം അയിരക്കണക്കിന് വോട്ടുകളുടെ വ്യത്യാസത്തില്‍ തന്നെ തീരുമാനിക്കപ്പെടാന്‍ സാധ്യതയുണ്ട്.
വോട്ടെടുപ്പ് രാത്രി 9 വരെ, ഫലം രാത്രിയോടെ
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കില്‍ മേയര്‍ തെരഞ്ഞെടുപ്പിനായി ഇന്ന് (ചൊവ്വ) വോട്ടെടുപ്പ് നടക്കുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ജോഹ്രാന്‍ മംദാനി, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആന്‍ഡ്രൂ കോമോ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കര്‍ട്ടിസ് സ്ലിവാ എന്നിവര്‍ നഗരത്തിലെ ഭരണകൂടത്തിന്റെ നേതൃപദവിയിലെത്താനുള്ള കടുത്ത പോരാട്ടത്തിലാണ്.
മാന്‍ഹട്ടന്‍, ബ്രൂക്ക്‌ലിന്‍, ക്വീന്‍സ്, ബ്രോങ്ക്‌സ്, സ്റ്റാറ്റന്‍ ഐലന്‍ഡ് എന്നീ അഞ്ചു ബറോകളിലുമുള്ള വോട്ടിംഗ് കേന്ദ്രങ്ങള്‍ രാവിലെ 6 മണിക്ക് തുറന്നതോടെ വോട്ടെടുപ്പ് തുടങ്ങി. കേന്ദ്രങ്ങള്‍ രാത്രി 9 മണിക്ക് അടയ്ക്കുമെങ്കിലും, 9 മണിക്ക് മുമ്പ് വരിയില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കും.
വോട്ടെടുപ്പ് അവസാനിക്കുന്നതോടെ ഫലപ്രഖ്യാപന നടപടികള്‍ ഉടന്‍ ആരംഭിക്കും. ന്യൂയോര്‍ക്ക് സിറ്റി ഇലക്ഷന്‍ ബോര്‍ഡ് ആദ്യം ഏര്‍ലി വോട്ടിംഗിന്റെയും തപാല്‍വോട്ടിന്റെയും എണ്ണം പുറത്ത് വിടും. 2025ജൂണില്‍ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയത് മുതല്‍ അരമണിക്കൂറിനുള്ളില്‍ മൂന്നിലൊന്ന് ഫലങ്ങള്‍ പുറത്തുവന്നിരുന്നു. അന്നത്തെ വോട്ടിന്റെ 93 ശതമാനവും അര്‍ദ്ധരാത്രിയോടെ കണക്കാക്കിയതുമാണ്.
പ്രധാന മാധ്യമങ്ങള്‍ (AP, NYT, CBS എന്നിവ) സാധാരണയായി വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം 9 മണിക്ക് തന്നെ വ്യക്തമായ മുന്‍തൂക്കം ലഭിച്ചാല്‍ വിജയിയെ പ്രഖ്യാപിക്കും. 2021ല്‍ എറിക് ആഡംസ് ജയം പ്രഖ്യാപിച്ചതും വോട്ടെടുപ്പ് അവസാനിച്ചതിന് 10-20 മിനിറ്റിനുള്ളിലായിരുന്നു. എന്നാല്‍ മത്സരം കടുപ്പമാണെങ്കില്‍ ഫലം ഉറപ്പുവരുത്താന്‍ മണിക്കൂറുകളോ ദിവസങ്ങളോ വേണ്ടിവരാം, പ്രത്യേകിച്ച് തപാല്‍വോട്ടുകള്‍ സംബന്ധിച്ച പരിശോധന നീണ്ടാല്‍.
ആദ്യഘട്ട ഫലങ്ങള്‍ രാത്രി 9.30 മുതല്‍ 10 മണിക്കുള്ളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഭൂരിഭാഗം ഫലങ്ങളും രാത്രി തന്നെ വ്യക്തമാകും.
മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്കിന് ആദ്യമായി ഒരു മുസ്ലിം മേയറും ഏറ്റവും പ്രായം കുറഞ്ഞ നഗരനേതാവും ലഭിക്കും. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ അദ്ദേഹത്തിന് രാജ്യത്തെ പ്രധാന രാഷ്ട്രീയ വേദികളിലേക്കുള്ള വാതില്‍ തുറക്കാനുമാകും. അതേസമയം, കോമോ വിജയിച്ചാല്‍ 2021ല്‍ ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്കുശേഷം രാജിവെച്ച മുന്‍ ഗവര്‍ണറുടെ രാഷ്ട്രീയ പുന പ്രവേശനമാകും അത്.
മംദാനി ക്വീന്‍സിലെയും കോമോ മാന്‍ഹട്ടനിലെയും വോട്ടിങ് കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ വോട്ട് രേഖപ്പെടുത്തി. സ്ലിവാ ഏര്‍ലി വോട്ടിംഗിനിടെ തന്നെ തന്റെ വോട്ട് ചെയ്തിരുന്നു.
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ് : മത്സരം കടുത്തത് ; മംദാനിയെ കോമോ മലര്‍ത്തിയടിക്കുമോ ?
