തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി പ്ലാറ്റ്ഫോമായ കേരള സവാരി അതിന്റെ 2.0 പതിപ്പിലൂടെ പൂര്‍ണ്ണ അര്‍ഥത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ കേരള സവാരി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഡിസംബറോടെ കേരള സവാരി മള്‍ട്ടി മോഡല്‍ ഗതാഗത സംവിധാന ആപ്പ് ആയി മാറും. മെട്രോ, വാട്ടര്‍ മെട്രോ, മെട്രോ ഫീഡര്‍ ബസുകള്‍, ഓട്ടോകള്‍, കാബുകള്‍ എന്നിവയെ ഏകോപിപ്പിക്കുന്ന ഈ സംവിധാനം രാജ്യത്തിന് മാതൃകയാകുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പൂര്‍ണ്ണമായ പ്രവര്‍ത്തനത്തിന് ശേഷം താമസിയാതെ തന്നെ മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരള സര്‍ക്കാര്‍, പൊലീസ്, ഗതാഗതം, ഐ ടി, പ്ലാനിംഗ് ബോര്‍ഡ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് കേരള സവാരി യാഥാര്‍ഥ്യമാക്കിയത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ ടി ഐ പാലക്കാടിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇത് നടപ്പിലാക്കിയത്. നിലവില്‍ ഐ ടി ഐ പാലക്കാട് കണ്ടെത്തിയ മൂവിംഗ് ടെക് ആണ് പുതിയ ടെക്‌നിക്കല്‍ ടീം.
മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി കേരള സവാരിസബ്‌സ്‌ക്രിപ്ഷന്‍ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന പ്രത്യേകതയുണ്ട്.സര്‍ക്കാരിന്റെ നിശ്ചിത നിരക്കിലുള്ള ഈ സംവിധാനം ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന വരുമാനം ഉറപ്പാക്കും.
