ലണ്ടന്‍: പ്രശസ്ത വ്യവസായി ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. 85 വയസായിരുന്നു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ബില്യണയറായ അദ്ദേഹം ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു.
1940-ല്‍ ജനിച്ച ഗോപിചന്ദ് ഹിന്ദുജ കുടുംബ വ്യവസായത്തെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തിയ വ്യക്തിയായിരുന്നു. ബിസിനസ് ലോകത്ത് അദ്ദേഹം ജി പി എന്നാണ് അറിയപ്പെട്ടത്.
വ്യാപാര മേഖലയിലായിരുന്ന കുടുംബ ബിസിനസിനെ മള്‍ട്ടിബില്യണ്‍ ഡോളര്‍ കോണ്‍ഗ്ലോമറേറ്റാക്കി മാറ്റുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. 1984-ല്‍ ഗള്‍ഫ് ഓയില്‍ ഏറ്റെടുത്തതും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അശോക് ലേയ്‌ലാന്‍ഡ് സ്വന്തമാക്കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ന് അശോക് ലേയ്‌ലാന്‍ഡ് ഇന്ത്യയിലെ ഏറ്റവും വലിയ ട്രക്ക്, ബസ് നിര്‍മ്മാതാക്കളിലൊന്നാണ്.
ഹിന്ദുജ ഗ്രൂപ്പ് പവര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിലേക്കും വ്യാപിക്കാന്‍ ഗോപിചന്ദ് ഹിന്ദുജ നേതൃത്വം നല്‍കി. 1959-ല്‍ മുംബൈയിലെ ജയ് ഹിന്ദ് കോളജില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം, പിന്നീട് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയില്‍ നിയമവും റിച്ച്മണ്ട് കോളജില്‍ സാമ്പത്തികശാസ്ത്രവും പഠിച്ചു.
