എസ് ഐ ആറിന് തുടക്കം

എസ് ഐ ആറിന് തുടക്കം


തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായുള്ള നടപടികള്‍ക്ക് ഇന്നു തുടക്കമായി. വോട്ടര്‍മാരുടെ വിവര ശേഖരണത്തിനായി ബിഎല്‍ഒമാര്‍ ഇന്നു മുതല്‍ വീടുകളിലെത്തിത്തുടങ്ങി. വീടുവീടാന്തരമുള്ള കണക്കെടുപ്പ് നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.


ഡിസംബര്‍ 9നാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഡിസംബര്‍ 9 മുതല്‍ 2026 ജനുവരി 8 വരെ എതിര്‍പ്പുകളോ പരാതികളോ ഉണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ അവസരം ഉണ്ട്. പരാതികളുടെ പരിഹാരവും സ്ഥിരീകരണവും ഡിസംബര്‍ 9നും ജനുവരി 31നും ഇടയില്‍ നടക്കും. ഫെബ്രുവരി 7ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. രണ്ടാംഘട്ട എസ്ഐആറിനായി ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ 28 മുതല്‍ ആരംഭിച്ചിരുന്നു.

കേരളത്തിനു പുറമേ, ലക്ഷദ്വീപ്, തമിഴ്‌നാട്, ആന്‍ഡമാന്‍ നിക്കോബാര്‍, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും ഇന്നു മുതല്‍ രണ്ടാം ഘട്ടത്തിലായി 51 കോടിയോളം വോട്ടര്‍മാരുടെ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതില്‍, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എസ്ഐആര്‍ തുടങ്ങുന്നത്.

വോട്ടര്‍ പട്ടിക പുതുക്കുന്നതിനായുള്ള പ്രക്രിയയാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണം. നിയമപ്രകാരം, ഓരോ തിരഞ്ഞെടുപ്പിനും മുമ്പോ അല്ലെങ്കില്‍ ആവശ്യാനുസരണമോ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട മരിച്ച വോട്ടര്‍മാര്‍, താമസം മാറിയവര്‍, ഒന്നിലധികം തവണ പട്ടികയില്‍ ഇടംപിടിച്ചവര്‍, പൗരന്‍മാര്‍ അല്ലാത്തവര്‍ എന്നിവരുടെ പേരുകള്‍ ഒഴിവാക്കി യോഗ്യരായ എല്ലാ വോട്ടര്‍മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് എസ്ഐആറിന്റെ ലക്ഷ്യം. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2002നും 2004നും ഇടയിലാണ് രാജ്യത്ത് അവസാനമായി വോട്ടര്‍ പട്ടിക പരിഷ്‌കരണം നടന്നത്.