വാഷിംഗ്ടൺ: അമേരിക്കയുടെ പുതിയ HIRE (Halting International Relocation of Employment) Act ഇന്ത്യയുടെ ഐടി മേഖലയ്ക്കും സേവന കയറ്റുമതിക്കും വൻ ഭീഷണിയാണെന്ന് മുൻ ആർബിഐ ഗവർണർ രഘുരാം രാജൻ പറഞ്ഞു.
H-1B വിസാ ഫീസിലെ വർധനയേക്കാൾ കൂടുതൽ ആഘാതം ഈ നിയമം ഉണ്ടാക്കുമെന്നതാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
അമേരിക്കൻ മാധ്യമമായ DeKoder നോട് സംസാരിക്കുമ്പോൾ, സേവനങ്ങളിലേക്കും വിദേശ സന്ദർശകരിലേക്കും അടക്കം വ്യാപരിക്കുന്ന ഈ ‘താരിഫ് വ്യാപനം’ ഇന്ത്യയ്ക്ക് ആശങ്കയാണെന്ന് രാജൻ പറഞ്ഞു.
“ഇത് എങ്ങനെ നടപ്പാക്കുമെന്നത് വ്യക്തമല്ലെങ്കിലും, സാധനങ്ങളിൽ നിന്ന് സേവനങ്ങളിലേക്കും, പിന്നീട് H-1B വഴി അമേരിക്കയിൽ എത്തുന്ന ഇന്ത്യൻ പ്രവാസികളിലേക്കും ഈ നികുതി വ്യാപിക്കുന്നത് വലിയ ആശങ്കയാണെന്ന് അദ്ദേഹം പറഞ്ഞു.
ഔട്ട്സോഴ്സിംഗിന് 25% നികുതി
അമേരിക്കൻ തൊഴിലവസരങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച HIRE നിയമം വിദേശ ഔട്ട്സോഴ്സിംഗിന് 25 ശതമാനം നികുതി ചുമത്താൻ ലക്ഷ്യമിടുന്നതാണ്. അമേരിക്കൻ കമ്പനികൾ വിദേശ തൊഴിലാളികൾക്ക് നൽകുന്ന സേവന ഫീസ് നികുതി ഇളവിന് അർഹമാകില്ലെന്നതും നിർദ്ദിഷ്ട നിയമത്തിൽ പറയുന്നു. ഈ നികുതിയിലൂടെ ലഭിക്കുന്ന വരുമാനം അമേരിക്കൻ തൊഴിലാളികൾക്കായുള്ള പരിശീലന-അപ്രന്റിസ് പ്രോഗ്രാമുകൾക്ക് വിനിയോഗിക്കാനാണ് പദ്ധതി.
ഇന്ത്യൻ ഐടി മേഖലയ്ക്ക് തിരിച്ചടി
അമേരിക്കൻ ഔട്ട്സോഴ്സിംഗിനെ ആശ്രയിച്ചാണ് ഇന്ത്യൻ ഐടി ഭീമന്മാർ പ്രവർത്തിക്കുന്നത്. പുതിയ നികുതി നടപ്പായാൽ ഇന്ത്യയിലെ സേവന മേഖലയും ആയിരക്കണക്കിന് ഐടി തൊഴിൽ അവസരങ്ങളും നേരിട്ടുള്ള ആഘാതം നേരിടുമെന്ന് വിദഗ്ധർ പറയുന്നു.
H-1B ആവശ്യം കുറയുന്നു
വർഷങ്ങളായി H-1B വിസയുടെ ആവശ്യം കുറയുന്നുണ്ടെന്നും, പല സേവനങ്ങളും നേരിട്ട് ഇന്ത്യയിൽ നിന്ന് ഓൺലൈൻ ആയി നൽകുന്ന പ്രവണത വർധിച്ചതാണെന്നും രാജൻ ചൂണ്ടിക്കാട്ടി. “ഇന്ത്യൻ കമ്പനികൾ ബാക്ക്‌എൻഡ് ജോലികൾ നാട്ടിൽ തന്നെ നടത്തുന്നു. അമേരിക്കയിലെ ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകേണ്ട ഭാഗത്ത് പ്രാദേശിക നിയമനങ്ങൾ വർധിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
“അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികളെ കമ്പനി നേരിട്ട് നിയമിക്കാം. അതിനാൽ H-1B വിസയിലൂടെയുള്ള കുടിയേറ്റം കുറയുമെങ്കിലും, പ്രത്യാഘാതം അത്ര രൂക്ഷമാവില്ല. എങ്കിലും HIRE നിയമമാണ് നമ്മെ കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ മാസം ഇന്ത്യയിൽ നിന്നുള്ള റഷ്യൻ എണ്ണ-ആയുധം വാങ്ങലുകൾ ചൂണ്ടിക്കാട്ടി 50 ഉൽപ്പന്നങ്ങൾക്ക് താരിഫ് ചുമത്തിയിരുന്നു. പുതുതായി വിസ ഫീസും കൂട്ടിയതോടെ ഇന്ത്യൻ കമ്പനികൾക്ക് അധിക ബാധ്യതയുണ്ടായിരിക്കുകയാണ്.
