വാഷിംഗ്ടണ്‍ : 34 ദിവസമായി നീണ്ടുനില്‍ക്കുന്ന അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാരിന്റെ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനുള്ള സെനറ്റിലെ ശ്രമങ്ങള്‍ വീണ്ടും വഴിമുട്ടി. തുടര്‍ച്ചയായി 13 പ്രാവശ്യം ഹൗസ് പാസാക്കിയ താല്‍ക്കാലിക ഫണ്ടിംഗ് ബില്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സെനറ്റ് പരാജയപ്പെട്ടതിനെ തുടര്‍ന്ന്, പുതിയ തീയതി നിശ്ചയിക്കേണ്ട സാഹചര്യമാണുണ്ടായതെന്ന് സെനറ്റ് ഭൂരിപക്ഷനേതാവ് ജോണ്‍ തൂണ്‍ അറിയിച്ചു.
'ഇപ്പോള്‍ ആ തീയതി നഷ്ടമായിരിക്കുന്നു. അതിനാല്‍ അടുത്ത തീയതി ഏത് എന്നതാണ് ചോദ്യം,' തൂണ്‍ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
ഷട്ട്ഡൗണ്‍ ആരംഭിക്കുന്നതിനു മുമ്പ് ബില്‍ പാസായിരുന്നെങ്കില്‍, ഫെഡറല്‍ ഫണ്ടിംഗ് ഏഴാഴ്ച കൂടി നീട്ടാനായിരുന്നു പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. നവംബര്‍ 21 വരെ സര്‍ക്കാരിന് ഫണ്ടിംഗ് ഉറപ്പാക്കാനായിരുന്നു അന്ന് പദ്ധതിയിട്ടിരുന്നത്. പക്ഷേ ഇപ്പോള്‍, 34 ദിവസങ്ങള്‍ പിന്നിട്ടതോടെ ആ ഏഴാഴ്ചയുടെ സമയപരിധി രണ്ടര ആഴ്ചയായി ചുരുങ്ങിയിരിക്കുകയാണ്.
നവംബര്‍ 21 തീയതി ഇനി യാഥാര്‍ഥ്യസാധ്യതയില്ലെന്നും കോണ്‍ഗ്രസ് മുഴുവന്‍ വര്‍ഷത്തേക്കുള്ള ഫണ്ടിംഗ് ബില്ലുകള്‍ തയാറാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നുവെന്നും തൂണ്‍ വ്യക്തമാക്കി. അതിനാല്‍ പുതിയ ബില്ലില്‍ ഫണ്ടിംഗ് കാലാവധി 2026 തുടക്കത്തേക്ക് നീട്ടാനുള്ള സാധ്യതയും അദ്ദേഹം തുറന്നുവെച്ചു.
ബില്ലിന്റെ തീയതി മാറ്റാനുള്ള നിരവധി മാര്‍ഗങ്ങള്‍ സെനറ്റിന് മുന്നിലുണ്ടെന്നാണ് തൂണ്‍ സൂചിപ്പിച്ചത്. ഹൗസ് പാസാക്കിയ ബില്‍ സെനറ്റ് ഭേദഗതി ചെയ്ത് പാസാക്കുകയോ, അല്ലെങ്കില്‍ പൂര്‍ണ്ണമായും പുതിയ ബില്‍ കൊണ്ടുവരുകയോ ചെയ്യാം. എങ്കിലും, സെനറ്റ് പുതിയ തീയതിയോടെ ബില്‍ പാസാക്കിയാല്‍, ഹൗസ് വീണ്ടും സമ്മേളിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. അതായത്, സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ ഹൗസിനെ വീണ്ടും വാഷിംഗ്ടണിലേക്ക് വിളിക്കേണ്ടി വരും.
ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ ഇപ്പോഴും വ്യക്തമായ മാര്‍ഗരേഖയില്ല. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന നിലപാടില്‍ ഡെമോക്രാറ്റുകള്‍ ഉറച്ചുനില്‍ക്കുകയാണ്.
എങ്കിലും കഴിഞ്ഞ വാരാന്ത്യത്തില്‍ ചില അംഗങ്ങള്‍ തമ്മിലുണ്ടായ അനൗപചാരിക ചര്‍ച്ചകള്‍ക്ക് ശേഷമുള്ള നിലപാടില്‍ മാറ്റം കാണുന്നുവെന്ന് തൂണ്‍ അഭിപ്രായപ്പെട്ടു.
'എന്റെ അനുഭവപ്രകാരം പറയുമ്പോള്‍, ഒരു 'ഓഫ്‌റാംപ്' ഇപ്പോള്‍ അടുത്തെത്തിയെന്നാണ് തോന്നുന്നത്,' തൂണ്‍ പറഞ്ഞു. 'എന്നാല്‍ ഇതുപോലുള്ള ഷട്ട്ഡൗണ്‍ മുമ്പ് ഉണ്ടായിട്ടില്ല; ഡെമോക്രാറ്റുകള്‍ പ്രതികരിക്കുന്ന രീതി അത്യപൂര്‍വമാണ്.'
ഫണ്ടിംഗ് വിഷയത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഓഫറുകളില്‍ വലിയ മാറ്റമൊന്നുമില്ലെന്ന് തൂണ്‍ വ്യക്തമാക്കി. ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്ന ആരോഗ്യ നയപരിഷ്‌കാര വിഷയങ്ങള്‍ ഉള്‍പ്പെടുത്താതെയുള്ള 'പ്രക്രിയാധിഷ്ഠിത' ചര്‍ച്ചകളില്‍ മാത്രമാണ് ഇപ്പോഴത്തെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനുള്ള സെനറ്റിന്റെ ശ്രമങ്ങള്‍ വഴിമുട്ടി ; സര്‍ക്കാരിന്റെ ഫണ്ടിംഗ് തീയതി മാറ്റണമെന്ന് ജോണ്‍ തൂണ്‍
