വാഷിംഗ്ടണ്‍ : മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിക്കെതിരെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ 'പ്രതികാര രാഷ്ട്രീയ'ത്തിന്റെ ഭാഗമായാണ് കേസെടുത്തതെന്ന വാദം തള്ളണമെന്ന് ഫെഡറല്‍ പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.
ട്രംപ് നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ട കേസുകളെ ന്യായീകരിക്കുന്ന തരത്തിലാണ് കോടതിയില്‍ സമര്‍പ്പിച്ച പുതിയ രേഖ. 'വാര്‍ത്താ റിപ്പോര്‍ട്ടുകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, അനുമാനങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് പ്രതി തന്റെ മേല്‍ ചുമത്തിയ കുറ്റങ്ങള്‍ ഭരണഘടനാ ലംഘനമാണെന്ന തരത്തില്‍ കഥയൊരുക്കുകയാണെന്ന് പ്രോസിക്യൂഷന്‍ നിവേദനത്തില്‍ പറയുന്നു. 'എന്നാല്‍ നിയമപരമായ മാനദണ്ഡങ്ങള്‍ കര്‍ശനമായി പ്രയോഗിക്കുമ്പോള്‍, കോടതിക്ക് ഈ കേസ് തള്ളേണ്ട സാഹചര്യം ഒന്നും ഉണ്ടാകുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കോണ്‍ഗ്രസ് തെളിവെടുപ്പു സമിതി മുമ്പാകെ താന്‍ നുണപറഞ്ഞെന്നും അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു എന്നും ആരോപിക്കുന്ന കേസില്‍ കുറ്റക്കാരനല്ലെന്ന് ഒക്ടോബര്‍ 8ന് കോമി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ രാഷ്ട്രീയ എതിരാളികളോടുള്ള പ്രതികാര നീക്കത്തിന്റെ ഭാഗമായിട്ടാണ് തനിക്കെതിരെ കേസ് എടുത്തതെന്ന വിമര്‍ശനവും കോമി ഉന്നയിച്ചിരുന്നു.
രാജ്യത്തിന്റെ പ്രധാന അന്വേഷണ ഏജന്‍സിയുടെ (എഫ്ബിഐ) മേധാവിയായിരുന്ന ഒരാള്‍ കോണ്‍ഗ്രസിനോട് കള്ളം പറഞ്ഞു' എന്നും 'സമൂഹത്തിന്റെ ഏറ്റവും ഉയര്‍ന്ന താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയമാണിത്' എന്നും പ്രോസിക്യൂഷന്‍ പറയുന്നു.
കോമിയെയും ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജയിംസിനെയും എതിര്‍ക്കാന്‍ തയ്യാറാകാത്ത യു.എസ്. അറ്റോര്‍ണി എറിക് സീബര്‍ട്ടിനെ മാറ്റി, പരിചയസമ്പത്തില്ലാത്ത വൈറ്റ് ഹൗസ് ഉപദേശകയും ഇന്‍ഷുറന്‍സ് അഭിഭാഷകയുമായ ലിന്‍സി ഹാലിഗനെ ട്രംപ് നിയമിച്ചതിന്റെ സമയക്രമവും ഫയലില്‍ ചൂണ്ടിക്കാണിക്കുന്നു. ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' അക്കൗണ്ടില്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്കെതിരെ ' ഉടന്‍ നടപടിയെടുക്കാന്‍' ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഈ നീക്കങ്ങള്‍ ഉണ്ടായത്.
ഹാലിഗന്‍ നിയമിതയായ മൂന്നു ദിവസത്തിനകം തന്നെ കോമിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 'കേസെടുക്കാന്‍ മതിയായ തെളിവുകളില്ല'െന്ന് കരിയര്‍ പ്രോസിക്യൂട്ടര്‍മാര്‍ നേരത്തെ നല്‍കിയിരുന്ന റിപ്പോര്‍ട്ടിനെ അവര്‍ അവഗണിച്ചെന്ന് എബിസി റിപ്പോര്‍ട്ട് ചെയ്തു.
ഹാലിഗന്‍ വ്യക്തിപരമായി കോമിയെ എതിര്‍ത്തു എന്നതിന് തെളിവില്ലെന്നും ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ വിനിയോഗിച്ചതിന് പ്രതികാരമായെന്ന രീതിയില്‍ കാണാനാകില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
'പ്രസിഡന്റിന്റെ പോസ്റ്റുകള്‍ പ്രതിയുടെ അവകാശ വിനിയോഗത്തിനെതിരെ പ്രതികാരാഭിപ്രായം പ്രകടിപ്പിക്കുന്നതല്ലെന്ന് കോടതി ഫയലിങ്ങില്‍ പറയുന്നു. 'അദ്ദേഹം (പ്രസിഡന്റ്) കോമിയെ കുറ്റക്കാരനാണെന്ന് കരുതുന്നു - അത്ര മാത്രം. അത് 'പ്രതികാരബോധം' അല്ല.'
ഹാലിഗന്റെ നിയമനസാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള കോമിയുടെ മറ്റൊരു ഹര്‍ജിക്കും പ്രോസിക്യൂഷന്‍ തിങ്കളാഴ്ച മറുപടി നല്‍കി. ഈ വിഷയത്തില്‍ വാദം നവംബര്‍ 13ന് വെര്‍ജീനിയയിലെ അലക്‌സാന്‍ഡ്രിയ ഫെഡറല്‍ കോടതിയില്‍ നടക്കും.
കോമിക്കെതിരെ പ്രതികാരപരമായി കേസെടുത്തെന്ന വാദം തള്ളണമെന്ന് പ്രോസിക്യൂഷന്‍; ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിയമാനുസൃതമെന്ന് കോടതിയില്‍ സമര്‍പ്പിച്ച നിവേദനം
