സ്‌കൂള്‍ ബസുകള്‍ക്കായി ദേശീയ ട്രാക്കിങ് സംവിധാനം കൊണ്ടുവരും; ഡേറ്റാ സുരക്ഷ ഉറപ്പാക്കണമെന്ന് വിദഗ്ദ്ധര്‍

സ്‌കൂള്‍ ബസുകള്‍ക്കായി ദേശീയ ട്രാക്കിങ് സംവിധാനം കൊണ്ടുവരും; ഡേറ്റാ സുരക്ഷ ഉറപ്പാക്കണമെന്ന് വിദഗ്ദ്ധര്‍


ന്യൂഡല്‍ഹി : അമേരിക്ക, ചൈന, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നടപ്പിലാക്കിയ മാതൃകയില്‍ ഇന്ത്യയും സ്‌കൂള്‍ബസുകള്‍ക്കായി റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) അടിസ്ഥാനത്തിലുള്ള ദേശീയ ട്രാക്കിങ്, നിരീക്ഷണ സംവിധാനം വികസിപ്പിക്കാന്‍ പദ്ധതിയിടുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (BIS) ഇതുസംബന്ധിച്ച മാതൃക തയ്യാറാക്കുകയാണ്. ഈ സംവിധാനത്തില്‍ രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും കുട്ടികളുടെ യാത്ര തത്സമയത്തില്‍ നിരീക്ഷിക്കാനാകും. ഉപഭോക്തൃകാര്യ മന്ത്രാലയമാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ്  മുഖേന ഈ ഗവേഷണ പദ്ധതി ആരംഭിക്കുന്നത്. രാജ്യത്തുടനീളം സ്‌കൂള്‍ബസുകളില്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്ന സ്റ്റാന്‍ഡേഡൈസ്ഡ്, ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഇന്ത്യയിലെ 1.47 ലക്ഷം സ്‌കൂളുകളില്‍ 24.8 കോടി വിദ്യാര്‍ത്ഥികളുണ്ട് എന്നതാണ് 2024-25 സാമ്പത്തിക സര്‍വേയിലെ കണക്ക്.

പദ്ധതി നടപ്പായാല്‍ വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറുന്നതും, ഇറങ്ങുന്നതുമായ സമയങ്ങള്‍ എല്ലാം ഇലക്ട്രോണിക് രീതിയില്‍ രേഖപ്പെടുത്തി സ്‌കൂള്‍ അധികാരികള്‍ക്കും രക്ഷിതാക്കള്‍ക്കും റിയല്‍ടൈമില്‍ ലഭ്യമാകും.

വിദ്യാര്‍ത്ഥികള്‍ക്ക് RFID ടാഗുകള്‍ നല്‍കുകയും ബസുകളില്‍ റീഡറുകള്‍, ജിപിഎസ്, ജിഎസ്എം കമ്മ്യൂണിക്കേഷന്‍ മോഡ്യൂളുകള്‍, ക്യാമറകള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്യും. കുട്ടി ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും അതിന്റെ വിവരങ്ങള്‍ തത്സമയമായി പകര്‍ത്തി ബന്ധപ്പെട്ട ആപ്പിലൂടെ രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും എത്തിക്കുന്നതാണ് പദ്ധതി.

ഇപ്പോള്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ ചില സ്വകാര്യ, പ്രീമിയം സ്‌കൂളുകള്‍ ജിഎസ്എം അല്ലെങ്കില്‍ ജിപിഎസ് അധിഷ്ഠിത ട്രാക്കിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, രാജ്യവ്യാപകമായി ഏകീകൃത രീതിയില്‍ ഇത്തരം സംവിധാനം നടപ്പിലാക്കുന്നത് ഇതാദ്യമായിരിക്കും.

ഡേറ്റാ സുരക്ഷ ഉറപ്പാക്കണം- വിദഗ്ധര്‍

 ' RFID സംവിധാനം ഉപയോഗിക്കുന്നതില്‍ സൈബര്‍സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധനും സുപ്രീംകോടതി അഭിഭാഷകനുമായ പവന്‍ ദുഗ്ഗല്‍ പറഞ്ഞു. കുട്ടികളുടെ സ്ഥലം സംബന്ധിച്ച ഡേറ്റയാണ് ഇതില്‍ കൈകാര്യം ചെയ്യുന്നത്. അത് തെറ്റായ കൈകളിലെത്തുകയാണെങ്കില്‍ ഗുരുതരമായ ദുരുപയോഗം സംഭവിക്കാം, എന്ന് അദ്ദേഹം പറഞ്ഞു.

ഡേറ്റാ സംരക്ഷണ നിയമമായ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ട്, 2023 പാലിക്കുക നിര്‍ബന്ധമാണെന്നും, RFID സേവനദാതാക്കള്‍ ഐടി ആക്ട് പ്രകാരമുള്ള ഇടനിലക്കാരായി കണക്കാക്കപ്പെടുന്നതിനാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ദുഗ്ഗല്‍ വ്യക്തമാക്കി.

 പദ്ധതി കുട്ടികളുടെ സുരക്ഷയ്ക്കുള്ള നല്ല നീക്കമാണെന്ന് വിശേഷിപ്പിച്ചെങ്കിലും രക്ഷിതാക്കള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ക്രിപ്റ്റസ് സൈബര്‍ സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയും സൈബര്‍ സുരക്ഷാ വിദഗ്ധനുമായ പ്രബേഷ് ചൗധരി നിര്‍ദേശിച്ചു.

'കുട്ടികളുടെ യാത്രാ ഡേറ്റാ സെന്‍ട്രല്‍ സര്‍വറില്‍ സൂക്ഷിക്കേണ്ടതായതിനാല്‍ അതിന്റെ സുരക്ഷ ഉറപ്പാക്കണം. രക്ഷിതാക്കളുടെ ആപ്പ് ഒറ്റ ഉപകരണത്തില്‍ മാത്രം ഉപയോഗിക്കുന്നതും രണ്ട് ഘട്ട ആധികാരികത (two-factor authentication) ഉള്‍പ്പെടുത്തുന്നതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡേറ്റാ കൈമാറ്റം സ്‌കൂള്‍-രക്ഷിതാക്കള്‍ തമ്മില്‍ മാത്രം നടക്കുന്നതിനാല്‍ സാധാരണ സാഹചര്യമെങ്കില്‍ സ്വകാര്യതാ പ്രശ്‌നം ഉണ്ടാകില്ലെന്നും, ഹാക്കിങ് ശ്രമങ്ങളാണ് പ്രധാന ഭീഷണിയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ ഭാഗമായി ഡേറ്റാ സ്വകാര്യത, ചെലവ് കാര്യക്ഷമത, ഹാര്‍ഡ്‌വെയര്‍ പൊരുത്തം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് പ്രത്യേക ശ്രദ്ധ നല്‍കുമെന്നാണ് സൂചന.