കമ്മ്യൂണിസ്റ്റ് മംദാനിയെക്കാള്‍ നല്ലത് മോശം ഡെമോക്രാറ്റായ കുവോമോയെന്ന് ട്രംപ്

കമ്മ്യൂണിസ്റ്റ് മംദാനിയെക്കാള്‍ നല്ലത് മോശം ഡെമോക്രാറ്റായ കുവോമോയെന്ന് ട്രംപ്


ന്യൂയോര്‍ക്ക് :  ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവസാന നിമിഷത്തില്‍ ' മോശം ഡെമോക്രാറ്റ് ' ആന്‍ഡ്രൂ കുവോമോവിനെയാണ് പിന്തുണച്ചത്. ഇടതുപക്ഷ നേതാവ് സോഹ്‌റാന്‍ മംദാനിയെയെതിരെ വീണ്ടും പ്രഹരവുമായി രംഗത്തുവന്ന ട്രംപ്, 'കമ്മ്യൂണിസ്റ്റ് മേയര്‍ ആയാല്‍ ന്യൂയോര്‍ക്കിലേക്കുള്ള ഫെഡറല്‍ ഫണ്ടിംഗ് പാഴാകുമെന്നും പറഞ്ഞു.

 'കമ്മ്യൂണിസ്റ്റ് ന്യൂയോര്‍ക്കിനെ ഭരിക്കുമ്പോള്‍ നിങ്ങള്‍ അയക്കുന്ന പണം മുഴുവന്‍ വെറുതെ പോകും. അതിനാല്‍ മോശം ഡെമോക്രാറ്റായ ഒരാളെയെങ്കിലും തിരഞ്ഞെടുക്കേണ്ടി വരും. കുവോമോയെ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും ഒരു കമ്മ്യൂണിസ്റ്റിനേക്കാള്‍ നല്ലതാണ്.' സി.ബി.എസ്. '60 മിനിറ്റ്‌സ്' അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

മംദാനിയെ നേരത്തെ '100 ശതമാനം മാനസിക രോഗിയായ കമ്മ്യൂണിസ്റ്റ്' എന്ന് വിശേഷിപ്പിച്ച ട്രംപ്, അഭിമുഖത്തില്‍ വീണ്ടും അതേ നിലപാടാണ് ആവര്‍ത്തിച്ചത്. 'ചിലര്‍ മംദാനിയെ നിങ്ങളുടെ ഇടതുപക്ഷ പതിപ്പായി കാണുന്നുണ്ട്' എന്ന ചോദ്യം നേരിട്ട ട്രംപ് 'ഞാന്‍ അവനെക്കാള്‍ വളരെ ഭംഗിയുള്ള ആളാണ്.' എന്ന് മറുപടി നല്‍കി. 

ആരാണ് കുവമോ ?

2011 മുതല്‍ പത്ത് വര്‍ഷം ന്യൂയോര്‍ക്കിന്റെ ഗവര്‍ണറായിരുന്ന ആന്‍ഡ്രൂ കുവമോ 2021ല്‍ ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞിരുന്നു. ഇത്തവണ മേയര്‍ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പ്രൈമറിയില്‍ മംദാനിയോട് പരാജയപ്പെട്ടെങ്കിലും പിന്നീട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരത്തിലിറങ്ങി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവയും മത്സര രംഗത്തുണ്ട്.

മുസ്ലിം അമേരിക്കനായ മംദാനിയാണ് ഇപ്പോള്‍ മത്സരത്തില്‍ മുന്‍തൂക്കം നിലനിര്‍ത്തുന്നത്. വിജയിച്ചാല്‍ ന്യൂയോര്‍ക്കിന്റെ ആദ്യ മുസ്ലിം മേയറായി ചരിത്രം സൃഷ്ടിക്കും.

ട്രംപ് പരാമര്‍ശത്തിന് മംദാനിയുടെ പരിഹാസം

ട്രംപ് കുവമോയെ അനുകൂലിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മംദാനി എതിരാളിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തു. 'അഭിനന്ദനങ്ങള്‍, @AndrewCuomo. ഇതിന് വേണ്ടി നിങ്ങള്‍ എത്ര കഷ്ടപ്പെട്ടുവെന്നെനിക്ക് അറിയാം,' - എന്ന അടിക്കുറിപ്പോടെ ട്രംപ് കുമോയെ 'പിന്തുണയ്ക്കുന്നു' എന്ന ചിത്രം അദ്ദേഹം പങ്കുവെച്ചു.

 മറുവശത്ത് കുമോ ട്രംപിന്റെ പ്രസ്താവന 'പിന്തുണയല്ല' എന്ന് വ്യക്തമാക്കി. 'അദ്ദേഹം പറഞ്ഞത് മംദാനി ജയിച്ചാല്‍ ന്യൂയോര്‍ക്കിന് ഫണ്ടിംഗ് നിഷേധിക്കുമെന്നും നാഷണല്‍ ഗാര്‍ഡ് അയയ്ക്കുമെന്നുമാണ്. ന്യൂയോര്‍ക്കിന്റെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ട്രംപിനെ നേരിടാന്‍ കഴിയുന്ന മേയറാണ് നഗരത്തിന് ആവശ്യം,'- കുവമോ പറഞ്ഞു.

നവംബര്‍ 4നാണ് ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പ്.