നൂറ് അടിയിലേറെ ആഴമുള്ള കിണറ്റില്‍ ചാടി യുവതി ജീവനൊടുക്കി; രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുടുങ്ങിയ സഹോദരനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

നൂറ് അടിയിലേറെ ആഴമുള്ള കിണറ്റില്‍ ചാടി യുവതി ജീവനൊടുക്കി; രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുടുങ്ങിയ സഹോദരനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു


തിരുവനന്തപുരം: നൂറ് അടിയിലേറെ ആഴമുള്ള കിണറ്റില്‍ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷിച്ചു. പുല്ലുവിള കരിച്ചല്‍ കല്ലുവിള ശരദാ സദനത്തില്‍ അര്‍ച്ചനേന്ദ്ര (26) ആണ് മരിച്ചത്. സഹോദരന്‍ ഭുവനേന്ദ്ര (22) കിണറിന്റെ അവസാനത്തെ വളയില്‍ പിടിച്ചു കിടക്കുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് യുവതി കിണറ്റില്‍ചാടിയത്.

അര്‍ച്ചനേന്ദ്രയും ഭര്‍ത്താവ് അസിം ഷെയ്ഖും ചേര്‍ന്നു പൂവാറില്‍ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.  ആഴം കൂടുതലായതിനാല്‍ കിണറ്റിന്‍ കരയില്‍ നിന്നു നോക്കിയാല്‍ വെള്ളം നേരെ കാണാന്‍ കഴിയാത്ത സ്ഥിതിയാണ്. 

ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരായ ആര്‍ ദിനേശ്, എസ്‌യു അരുണ്‍ എന്നിവര്‍ കിണറ്റില്‍ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തില്‍ പിടിച്ചു കിടക്കുന്ന ഭുവനേന്ദ്രയെ കണ്ടതും രക്ഷിച്ചതും. പിന്നീട് രണ്ടാമത് ഇറങ്ങിയാണ് അര്‍ച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അബി ഷെയ്ഖ്, ബര്‍ണാഷ് ഷെയ്ഖ് എന്നിവര്‍ മക്കളാണ്.