ന്യൂയോര്‍ക്ക്: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യ പ്രധാന തെരഞ്ഞെടുപ്പായ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സോഹ്രാന്‍ മംദാനിയും സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ കോമോയുമാണ് പ്രധാനമായും രംഗത്തുള്ളത്.
34 കാരനായ മംദാനി 'ജനാധിപത്യ സോഷ്യലിസ്റ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. കോമോയെ പിന്തുണച്ച് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യല്‍ വഴി പ്രസ്താവനയുമായെത്തി. ആന്‍ഡ്രൂ കോമോയെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും വോട്ടു ചെയ്യേണ്ടത് അദ്ദേഹത്തിനാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.
അതേസമയം, ട്രംപ് നടത്തിയ മറ്റൊരു പ്രസ്താവന വന്‍ വിവാദമുണ്ടാക്കി. യഹൂദ വിരോധിയെന്ന് സമ്മതിച്ച മംദാനിക്ക് വോട്ട് ചെയ്യുന്ന യഹൂദന്‍ മണ്ടനാണ് എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്യുന്ന യഹൂദര്‍ അവരുടെ മതത്തെയും ഇസ്രായേലിനെയും വെറുക്കുന്നവരാണ് എന്ന് ട്രംപ് മുമ്പ് പറഞ്ഞിരുന്നു.
ട്രംപ് പിന്തുണ നല്‍കിയെങ്കിലും ആന്‍ഡ്രൂ കോമോ അത് തള്ളി. താന്‍ നല്ലൊരു ഡെമോക്രാറ്റാണെന്നും അതില്‍ അഭിമാനമുണ്ടെന്നും കോമോ മാധ്യമങ്ങളോട് പ്രതികരിച്ചു.
സോഹ്രാന്‍ മംദാനിയും ഭാര്യ റാമാ സവാഫ് ദുവാജും ക്വീന്‍സിലെ ആസ്റ്റോറിയയിലെ ഹൈസ്്കൂളില്‍ വോട്ട് രേഖപ്പെടുത്തി.
അതിനിടെ ന്യൂയോര്‍ക്ക് നഗരത്തിലെ ബാലറ്റ് ഫോമുകള്‍ തട്ടിപ്പാണെന്നും ഐ ഡി ആവശ്യമില്ലെന്നും സ്ഥാനാര്‍ഥികളുടെ പേരുകള്‍ രണ്ടുതവണ കാണിക്കുന്നുവെന്നും കുവോമോയുടെ പേര് അവസാനമാണെന്നും ആരോപിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്ത എലോണ്‍ മസ്‌കിന്റെ പ്രസ്താവനയും വിവാദമായി.
തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥി 2026 ജനുവരി ഒന്നിനാണ് പുതിയ മേയറായി അധികാരമേല്‍ക്കുക.
ന്യൂയോര്‍ക്കില്‍ വീടുകളുടെ വാടകയും ജീവിതച്ചെലവും കുത്തനെ ഉയര്‍ന്നതും കൊലപാതകങ്ങള്‍ ഉള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ 17 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലായതും ട്രംപ് ഭരണകൂടത്തിന്റെ ഇമിഗ്രേഷന്‍ നയങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനവുമാണ് തെരഞ്ഞെടുപ്പിലെ പ്രധാന പ്രശ്‌നങ്ങളായി ഉയര്‍ന്നിരിക്കുന്നത്.
മാറ്റത്തിന് അനുഭവസമ്പത്തുള്ള ഒരാളെ തെരഞ്ഞെടുക്കണമെന്നും സുരക്ഷയ്ക്കും സാമ്പത്തിക അവസരങ്ങള്‍ക്കും വോട്ട് ചെയ്യണമെന്നും കോമോ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.
മംദാനിയുടെ ക്യാമ്പെയിന്‍ വിഡിയോയില്‍ പോളിംഗ് ആരംഭിച്ചു എന്ന സന്ദേശത്തോടെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തു.
സൗജന്യ ബസ് സര്‍വീസ്, വാടക വര്‍ധനവില്‍ നിരോധനം എന്നിവയാണ് സോഹ്രാന്‍ മംദാനിയുടെ പ്രധാന വാഗ്ദാനങ്ങള്‍.
മുന്‍ ഗവര്‍ണറും സ്വതന്ത്ര സ്ഥാനാര്‍ഥിയുമാണ് മംദാനിയുടെ പ്രധാന എതിരാളിയായ ആന്‍ഡ്രൂ കോമോ.
പൊതുസുരക്ഷയും ജീവിത നിലവാരവും പ്രധാന വിഷയമായി ചൂണ്ടിക്കാട്ടിയാണ് കര്‍ട്ടിസ് സ്ലിവ രംഗത്തുള്ളത്.
