ന്യൂയോര്‍ക്ക്: മേയര്‍ തെരഞ്ഞെടുപ്പില്‍ ശക്തമായ പോളിംഗ് നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മേയര്‍ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍ ഇതിനകം തന്നെ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് അധികാരികള്‍ അറിയിച്ചു. വോട്ടെടുപ്പ് രാത്രി ഒന്‍പത് വരെ തുടരും.
ഈ തെരഞ്ഞെടുപ്പിന്റെ ഫലം നഗരത്തിലെ ദീര്‍ഘകാല അധികാര ഘടനകളെ പുനര്‍നിര്‍മിക്കാനുള്ള സാധ്യതയും കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ഡെമോക്രാറ്റിക് പാര്‍ട്ടി ഏത് ദിശയിലാണ് നീങ്ങുന്നതെന്നതിനെക്കുറിച്ചുള്ള ദേശീയ സന്ദേശവും നല്‍കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ജീവിതച്ചെലവിലെ വര്‍ധനവിനോടുള്ള സാമ്പത്തിക ആശങ്ക, ശക്തിപ്രാപിക്കുന്ന രാഷ്ട്രീയ ധ്രുവീകരണം, നാടുകടത്തല്‍ നടപടികളുടെ വ്യാപനം തുടങ്ങിയ പ്രാദേശിക- ദേശീയ ഘടകങ്ങള്‍ ചേര്‍ന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം.
ന്യൂയോര്‍ക്ക് സിറ്റി ബോര്‍ഡ് ഓഫ് ഇലക്ഷന്‍സ് നല്‍കിയ വിവരപ്രകാരം വോട്ടെടുപ്പിനുള്ള ചെക്ക്-ഇന്‍ എണ്ണം ഇതിനകം 11 ലക്ഷം കടന്നുകഴിഞ്ഞു. ചില വിശകലനങ്ങള്‍ പ്രകാരം പോളിംഗ് അവസാനിക്കുമ്പോള്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 20 ലക്ഷം വരെ എത്താന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
ന്യൂയോര്‍ക്ക് സമയം ഉച്ചയ്ക്ക് 12 മണിയോടെ ആകെ 11,95,062 വോട്ടര്‍മാര്‍ ചെക്ക്-ഇന്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ റെക്കോര്‍ഡ് തോതിലുള്ള മുന്‍കൂര്‍ വോട്ടെടുപ്പ് പങ്കാളിത്തവും ഉള്‍പ്പെടുന്നു.
