മൂന്നാര്‍: കേരളം സന്ദര്‍ശിക്കുന്നതിനിടെ മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സിയുമായി ബന്ധപ്പെട്ടുണ്ടായ അനുഭവത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ മുംബൈ സ്വദേശിനി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് പിന്നാലെ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു.
ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്ത യുവതിയെ മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സി അനുവദിക്കില്ലെന്ന് പറഞ്ഞ് ടാക്‌സി ഡ്രൈവര്‍മാര്‍ മറ്റൊരു ടാക്‌സിയില്‍ കയറ്റുകയായിരുന്നു. സഹായത്തിന് പൊലീസിനെ സമീപിച്ചെങ്കിലും അവര്‍ ടാക്‌സിക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് മുംബൈയിലെ അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി തന്റെ വീഡിയോയില്‍ കുറ്റപ്പെടുത്തിയിരുന്നു.
കൊച്ചിയിലും ആലപ്പുഴയിലും ഓണ്‍ലൈന്‍ ടാക്‌സിയില്‍ സഞ്ചരിച്ച ശേഷമാണ് യുവതി മൂന്നാറിലെത്തിയത്. എന്നാല്‍ മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സി അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു. കേരളം തനിക്കിഷ്ടമായെങ്കിലും മൂന്നാറിലെ അനുഭവത്തോടെ സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുകയും ഇനിയൊരിക്കലും കേരളത്തിലേക്കില്ലെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. തന്റെ അനുഭവം വേദനാജനകമായെന്നും അവര്‍ വിശദമാക്കി.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ മൂന്നാര്‍ പൊലീസ് കേസെടുക്കുകയും ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ട് കെ എം സാബു മാത്യു മൂന്നാര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സാജു പൗലോസിനേയും ഗ്രേഡ് എസ് ഐ ജോര്‍ജ് കുര്യനേയും സസ്‌പെന്റ് ചെയ്യുകയായിരുന്നു. ടൂറിസ്റ്റുകള്‍ക്ക് നേരെ തിരിയുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
ജാന്‍വിയെ ഭീഷണിപ്പെടുത്തിയ മൂന്ന് ടാക്‌സി ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്നാര്‍ ഡി വൈ എസ് പി എസ് ചന്ദ്രകുമാര്‍ അറിയിച്ചു. ടാക്‌സി ഡ്രൈവര്‍മാരായ വിനായകന്‍ (44), വിജയകുമാര്‍ (41) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാമത്തെ ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. പിന്നാലെ ജാന്‍വിയുടെ കുടുംബത്തെ പൊലീസ് ബന്ധപ്പെടുകയും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുകയും ചെയ്തു.
മൂന്നാറില്‍ നടന്ന സംഭവത്തെ നിര്‍ഭാഗ്യകരമെന്നാണ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വിശേഷിപ്പിച്ചത്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും സുരക്ഷിത കേന്ദ്രമെന്ന നിലയിലാണ് പലരും കേരളത്തില്‍ സന്ദര്‍ശനം നടത്താനെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
