അമേരിക്കയിലെ കേരളാ സെന്റർ ഏഴ് ഇന്ത്യൻ വംശജരെ ആദരിച്ചു

അമേരിക്കയിലെ കേരളാ സെന്റർ ഏഴ് ഇന്ത്യൻ വംശജരെ ആദരിച്ചു


ന്യൂയോർക്ക് : അമേരിക്കയിലെ ഇന്ത്യൻ അമേരിക്കൻ കേരളാ കൾച്ചറൽ ആൻഡ് സിവിക് സെന്റർ (Kerala Ceter) 33ാം വാർഷിക അവാർഡ് നിശയിൽ ഏഴ് ഇന്ത്യൻ വംശജരെ വിവിധ മേഖലകളിൽ നൽകിയ സേവനങ്ങൾ  പരിഗണിച്ച്  ആദരിച്ചു. ഒക്ടോബർ 25ന് എൽമോണ്ടിലെ സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു.

ഈ വർഷത്തെ അവാർഡ് ജേതാക്കൾ: ഗവൺമെന്റ് ആൻഡ് പബ്ലിക് സർവീസിൽ ഇൻസ്‌പെക്ടർ ഷിബു മധു, ലീഗൽ സർവീസിൽ ദിയാ മാത്യൂസ്, നഴ്‌സിംഗിൽ ഡോ. പ്രിസില്ല സാമുവൽ, പ്രവാസി മലയാള സാഹിത്യത്തിൽ ജയൻ വർഗീസ്, കമ്മ്യൂണിറ്റി സർവീസിൽ കോശി ഒ. തോമസ്, വിദ്യാഭ്യാസ മേഖലയിൽ ഡോ. നന്ദിനി അമ്പാട്ട് മേനോൻ, എഞ്ചിനീയറിംഗിൽ ജോഹാരത്ത് കുട്ടി.
 
 ഡോ. സുരേഷ് യു. കുമാർ മുഖ്യ പ്രഭാഷണം നടത്തി.

കമ്മ്യൂണിറ്റി സർവീസ് അവാർഡ് കോശി ഒ. തോമസിനാണ് ലഭിച്ചത്. ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിമാൻ എഡ്വേഡ് ബ്രോൺസ്റ്റെയ്‌ന്റെ സ്‌പെഷ്യൽ അസിസ്റ്റന്റും കമ്മ്യൂണിറ്റി ലെയ്‌സണുമായ അദ്ദേഹം ക്വീൻസ് ഇന്ത്യ ഡേ പരേഡ് കമ്മിറ്റി ചെയർമാൻ പദവും അലങ്കരിക്കുന്നു.

നഴ്‌സിംഗ് ലീഡർഷിപ്പ് അവാർഡ്- ഡോ. പ്രിസില്ല സാമുവലിന്. മൗണ്ട് സൈനായി ഹെൽത്ത് സിസ്റ്റത്തിൽ അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്‌സിംഗിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന അവർ നഴ്‌സ് പ്രാക്ടീഷണർമാരുടെ പങ്ക് ശക്തിപ്പെടുത്തുന്നതിൽ നിർണായകമായി പ്രവർത്തിക്കുന്നു.

പ്രവാസി മലയാള സാഹിത്യ അവാർഡ് എഴുത്തുകാരൻ ജയൻ വർഗീസിനാണ്. കവിത, നാടകം തുടങ്ങി വിവിധ സാഹിത്യശാഖകളിൽ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ മലയാള സമൂഹത്തിൽ മികച്ച സ്വീകാര്യത നേടിയിട്ടുണ്ട്.

ലീഗൽ സർവീസ് അവാർഡ്  ദിയാ മാത്യൂസിനാണ്. ചഗ് എൽ.എൽ.പി. (Chugh LLP) ന്യൂയോർക്ക്, ന്യൂജേഴ്‌സി ഓഫിസുകളുടെ പാർട്ടണർ ഇൻ ചാർജായ അവർ ബിസിനസ് ഇമിഗ്രേഷൻ നിയമത്തിലും കോർപ്പറേറ്റ് കംപ്ലയൻസിലുമാണ് വിദഗ്ധ. ഇന്ത്യയിലും ന്യൂയോർക്കിലും അഭിഭാഷകപ്രവർത്തനം നടത്തുന്ന ദിയാ മാത്യൂസ് ദി ഇൻഡസ് എന്റർപ്രണളേസ് (TiE )– ന്യൂജേഴ്‌സി ചാപ്റ്ററിന്റെ അടുത്ത പ്രസിഡന്റാണ്.

എഞ്ചിനീയറിംഗ് അവാർഡ്  ജോഹാരത്ത് കുട്ടിക്ക് ലഭിച്ചു. ന്യൂയോർക്ക് പവർ അതോറിറ്റിയിലെ സീനിയർ ഡയറക്ടർ ഓഫ് സിസ്റ്റം എഞ്ചിനീയറിംഗായ അവർക്ക് വൈദ്യുതി ഉത്പാദനം, ഹൈ വോൾട്ടേജ് ട്രാൻസ്മിഷൻ, ഗ്രിഡ് മോഡേൺനൈസേഷൻ തുടങ്ങി നിരവധി മേഖലകളിൽ ഇരുപതിൽപ്പരം വർഷത്തെ പരിചയമുണ്ട്. ലോംഗ് ഐലൻഡ് ട്രാൻസ്മിഷൻ വിപുലീകരണ പദ്ധതിയായ 'പ്രൊപെൽ എൻവൈ എനർജി'യുടെ ചീഫ് എഞ്ചിനീയറായി സേവനം അനുഷ്ഠിക്കുന്നു.

വിദ്യാഭ്യാസ മേഖലാ അവാർഡ് :  ഡോ. നന്ദിനി അമ്പാട്ട് മേനോന് ലഭിച്ചു. ന്യൂജേഴ്‌സിയിലെ സെഡാർ ഹിൽ പ്രിപറേറ്ററി സ്‌കൂളിന്റെ സ്ഥാപകയും ചീഫ് എഡ്യുക്കേഷൻ ഓഫീസറുമാണ് അവർ. ന്യൂജേഴ്‌സി അക്കാദമി ഓഫ് സയൻസസ്, ഇന്ത്യൻ അമേരിക്കൻ വിമൻ എന്റർപ്രണർ അസോസയേഷൻ, TiE NJ Next Gen എന്നീ സംഘടനകളിൽ പ്രവർത്തിക്കുന്നു.

ഗവൺമെന്റ് ആൻഡ് പബ്ലിക് സർവീസ് അവാർഡ് ഇൻസ്‌പെക്ടർ ഷിബു മധുവിനാണ് ലഭിച്ചത്. 

പയനിയർ ക്ലബ്, സർഗവേദി, INANY, GOPIO, FOMAA, FOKANA തുടങ്ങിയ സംഘടനകളിലെ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. 

സ്മരണികയും പുറത്തിറക്കി. ചന്ദ്രിക കുറുപ്പിന്റെ നൂപുര സ്‌കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച ഇന്ത്യൻ ശാസ്ത്രീയ നൃത്തങ്ങൾ അവാർഡ് നിശയ്ക്ക് ചാരുതയേകി.