വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്ത് വിജയം നേടി ഗസാല ഹാഷ്മി

വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്ത് വിജയം നേടി ഗസാല ഹാഷ്മി


വിര്‍ജീനിയ: ഇന്ത്യന്‍ വംശജയായ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും സെനറ്ററുമായ ഗസാല ഹാഷ്മി വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഇതോടെ അമേരിക്കയിലെ സംസ്ഥാനതല പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം അമേരിക്കന്‍ വനിതയെന്ന നേട്ടവും ഹാഷ്മി സ്വന്തമാക്കി.

എണ്‍പത് ശതമാനം വോട്ടുകള്‍ എണ്ണിയതിനു ശേഷമുള്ള കണക്ക് പ്രകാരം ഹാഷ്മിക്ക് 54.3 ശതമാനം വോട്ടുകളാണ് ലഭിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ റീഡിന് 45.7 ശതമാനം വോട്ടാണ് ലഭിച്ചത്. ആകെ 28 ലക്ഷംത്തിലധികം വോട്ടുകളാണ് രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഹാഷ്മിയുടെ വിജയം അവരുടെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു പ്രധാന നേട്ടമാണ്. 2019ല്‍ വാഷിംഗ്ടണ്‍ ഡി സിക്ക് തെക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് വിര്‍ജീനിയ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലിമും ദക്ഷിണേഷ്യന്‍ അമേരിക്കക്കാരിയുമായട്ടാണ് ഹാഷ്മി ചരിത്രം രചിച്ചത്.

ഇന്ത്യയില്‍ ജനിച്ച ഹാഷ്മി നാലാം വയസിലാണ് യു എസിലേക്ക് കുടിയേറിയത്. സ്‌കൂളില്‍ മികച്ച വിജയം നേടിയ അവര്‍ ജോര്‍ജിയ സതേണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും എമോറി സര്‍വകലാശാലയില്‍ നിന്ന് അമേരിക്കന്‍ സാഹിത്യത്തില്‍ ഡോക്ടറേറ്റും നേടി.

വിര്‍ജീനിയയുടെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സംസ്ഥാന സെനറ്റിന് അധ്യക്ഷനായി പ്രവര്‍ത്തിക്കുകയും സമവായം സാധ്യമാകാത്ത സാഹചര്യം വന്നാല്‍ നിര്‍ണായക വോട്ടു രേഖപ്പെടുത്തുകയും ചെയ്യുന്നു. ഗവര്‍ണര്‍ പദവിയില്‍ ഒഴിവ് വന്നാല്‍ സ്ഥാനമേറ്റെടുക്കാനുള്ള ആദ്യ സ്ഥാനാര്‍ഥിയും ഇതേ പദവിയാണ്.

മുന്‍ പ്രതിനിധിയായ അബിഗെയില്‍ സ്പാന്‍ബര്‍ഗര്‍ വിര്‍ജീനിയയിലെ ആദ്യ വനിതാ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഗസാല ഹാഷ്മിയുടെ വിജയവും പ്രഖ്യാപിച്ചത്. വിര്‍ജീനിയയില്‍ ഗവര്‍ണറെയും ലെഫ്റ്റനന്റ് ഗവര്‍ണറെയും സ്വതന്ത്രമായി തെരഞ്ഞെടുക്കുന്നതിനാല്‍ ഇരുവരും വേറിട്ട പ്രചാരണങ്ങളാണ് നടത്തിയിരുന്നത്.