ന്യൂഡല്‍ഹി: ഹരിയാന വോട്ടെടുപ്പില്‍ ബിജെപിക്കാര്‍ 25 ലക്ഷം കള്ളവോട്ടുകള്‍ ചെയ്തുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി ബി ജെ പി. രാഹുലിന്റെ വാദം അടിസ്ഥാനമില്ലാത്തതെന്ന് കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. തന്റെ പരാജയങ്ങള്‍ മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് രാഹുല്‍ അസംബന്ധവും യുക്തിരഹിതവുമായ കാര്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് കിരണ്‍ റിജിജു പറഞ്ഞു. ദേശവിരുദ്ധ ശക്തികളുമായി ചേര്‍ന്നുകളിക്കുന്ന കളികള്‍ വിജയിക്കില്ലെന്നും ഇതായിരുന്നോ ആറ്റംബോംബെന്നും കിരണ്‍ റിജിജു ചോദിച്ചു. ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് കോണ്‍ഗ്രസിനെ തോല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തുപോയി രാജ്യത്തെയും ജനാധിപത്യസംവിധാനങ്ങളെയു അപകീര്‍ത്തിപ്പെടുത്തുകയാണ് രാഹുല്‍ ചെയ്യന്നത്. പുതിയ തലമുറയെ പ്രകോപിപ്പിക്കാനാണ് രാഹുലിന്റെ ശ്രമം. എന്നാല്‍ ഈ രാജ്യത്തെ യുവജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അണിനിരക്കുന്നവരാണെന്നും റിജിജു വ്യക്തമാക്കി.
വോട്ടര്‍പട്ടികയില്‍ ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ പരാതിയുമായി അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനയോ കോടതിയെയോ സമീപിക്കണമായിരുന്നു. എന്നാല്‍ രാഹുലോ കോണ്‍ഗ്രസോ അത് ചെയ്തില്ല. രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ അഭിമുഖീകരിക്കാതെ വിദേശത്തേക്ക് ഉല്ലാസയാത്ര പോകുന്നു. എന്നിട്ട് പാര്‍ട്ടി പരാജയപ്പെടുമ്പോള്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് നിലവിളിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് ജനങ്ങളിലേക്ക് ഇറങ്ങാനും കഠിനാധ്വാനം ചെയ്യാനും മടിയാണെന്നും റിജിജു കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി പരാജയങ്ങള്‍ ഉണ്ടായിട്ടും രാഹുല്‍ ഗാന്ധി പഠിക്കുന്നില്ലെന്നും റിജിജു പറഞ്ഞു.
തെരഞ്ഞെടുപ്പു കാലത്ത് വിദേശത്ത് കറക്കം; തോല്‍ക്കുമ്പോള്‍ നിലവിളി; ''വോട്ടു കൊള്ള'' ആരോപണത്തില്‍ രാഹുലിനെ പരിഹസിച്ച് ബിജെപി
