ഹാമില്‍ട്ടണ്‍: സിന്‍സിനാറ്റി നഗരത്തിന്റെ മേയറായി ഇന്ത്യന്‍ വംശജനായ അഫ്താബ് പുരേവാല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ സഹോദരനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ കോറി ബൗമനെതിരെയാണ് അദ്ദേഹം നിര്‍ണായക വിജയം നേടിയത്.
പുരേവാലിന്റെ വിജയത്തോടെ ഡെമോക്രാറ്റുകള്‍ സിന്‍സിനാറ്റിയുടെ പ്രാദേശിക ഭരണത്തില്‍ തങ്ങളുടെ ആധിപത്യം കൂടുതല്‍ ഉറപ്പിക്കുകയും ഒഹായോ സംസ്ഥാന രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം ശക്തമാക്കാന്‍ സഹായിക്കുകയും ചെയ്തതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പുരേവാല്‍ മെയ് മാസത്തില്‍ നടന്ന പ്രാഥമിക തെരഞ്ഞെടുപ്പില്‍ ബൗമനെതിരെ 80 ശതമാനത്തിലധികം വോട്ടുകള്‍ നേടി ജയിച്ചിരുന്നു. ഇരുവരും പ്രാഥമിക തെരഞ്ഞെടുപ്പില്‍ മുന്‍നിരയില്‍ എത്തിയതോടെയാണ് നവംബറിലെ പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ അവസരമുണ്ടായത്.
ഇതുവരെ പൊതുരംഗത്ത് ഇല്ലാതിരുന്ന ബൗമന്‍ തന്റെ സഹോദരന്‍ ജെ ഡി വാന്‍സ് പദവിയില്‍ എത്തിയതിനു ശേഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രചോദനം ലഭിച്ചതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാന്‍സ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹോദരന് പിന്തുണ പ്രഖ്യാപിക്കുകയും 'സമൂഹസേവന മനസ്സുള്ള നല്ല വ്യക്തി' എന്നു വിശേഷിപ്പിക്കുകയും തന്റെ അനുയായികളോട് വോട്ടുചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മുന്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ് യു എസ് അറ്റോര്‍ണിയാണ് 43കാരനായ പുരേവാല്‍. അദ്ദേഹം 2021-ല്‍ ഏകദേശം 66 ശതമാനം വോട്ടുകള്‍ നേടി ആദ്യമായി മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു
ടിബറ്റന്‍ വംശജയാണ് പുരേവാലിന്റെ മാതാവ്. ബാല്യത്തില്‍ കമ്മ്യൂണിസ്റ്റ് ചൈനീസ് അധിനിവേശത്തില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെ തെക്കന്‍ ഭാഗത്തുള്ള അഭയാര്‍ഥി ക്യാമ്പില്‍ വളര്‍ന്ന അദ്ദേഹത്തിന്റെ പിതാവ് പഞ്ചാബി വംശജനാണ്. കുടുംബം 1986ലാണ് ഒഹായോവിലേക്ക് കുടിയേറിയത്.
ദി ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രാഷ്ട്രീയശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം സിന്‍സിനാറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദവും നേടി. 2015-ല്‍ ഹാമില്‍ട്ടണ്‍ കൗണ്ടി ക്ലര്‍ക് ഓഫ് കോര്‍ട്‌സ് സ്ഥാനത്തേക്ക് മത്സരിച്ചതിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം ആരംഭിച്ചത്.
അഫ്താബ് പുരേവാല്‍ ബെഥെസ്ഡ നോര്‍ത്ത് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ ഡോക്ടര്‍ വിറ്റ്നി വിറ്റിസിനെയാണ് വിവാഹം ചെയ്തത്. ഇവര്‍ക്ക് ബോധി, റാമി എന്ന രണ്ടു പുത്രന്മാരുണ്ട്.
