എഐ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പൂര്‍ണ്ണമായും യുഎസില്‍ നിര്‍മ്മിക്കാനൊരുങ്ങി എന്‍വിഡിയ

എഐ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പൂര്‍ണ്ണമായും യുഎസില്‍ നിര്‍മ്മിക്കാനൊരുങ്ങി എന്‍വിഡിയ


ടെക്‌സസ്:  പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ (Nvidia ) സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പൂര്‍ണ്ണമായും യുഎസില്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പങ്കാളികളുമായി ചേര്‍ന്ന് അമേരിക്കന്‍ എഐ ഇന്‍ഫ്രാസ്ട്രക്ചറില്‍ 500 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണെന്നും കമ്പനി തിങ്കളാഴ്ച പ്രഖ്യാപിച്ചു.

'ലോകത്തിലെ എഐ ഇന്‍ഫ്രാസ്ട്രക്ചറിന്റെ എഞ്ചിനുകള്‍ ആദ്യമായി അമേരിക്കയിലാണ് നിര്‍മ്മിക്കുന്നത്,' എന്ന് എന്‍വിഡിയ സിഇഒ ജെന്‍സണ്‍ ഹുവാങ് ഒരു പ്രസ്താവനയില്‍ പറഞ്ഞു, 'എഐ ചിപ്പുകള്‍ക്കും സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ക്കുമുള്ള അവിശ്വസനീയമായി വര്‍ദ്ധിച്ചുവരുന്ന ആവശ്യം മികച്ച രീതിയില്‍ നിറവേറ്റാന്‍ അമേരിക്കന്‍ നിര്‍മ്മാണം കമ്പനിയെ സഹായിക്കുമെന്നും എന്‍വിഡിയയുടെ വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുകയും  പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും ജെന്‍സണ്‍ ഹുവാങ് പറഞ്ഞു.

ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍ എന്നിവയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ടെക്‌സസിലെ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ പ്ലാന്റുകള്‍ അടുത്ത 12 മുതല്‍ 15 മാസത്തിനുള്ളില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് എന്‍വിഡിയ അറിയിച്ചു.

അരിസോണയിലെ തായ്‌വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനിയുടെ (TSM) സൗകര്യങ്ങളില്‍ ബ്ലാക്ക്‌വെല്‍ ചിപ്പുകള്‍ ഇതിനകം ഉത്പാദനം ആരംഭിച്ചതായി ചിപ്പ് നിര്‍മ്മാതാവ് പറഞ്ഞു.

താരിഫുകളും മറ്റ് ഘടകങ്ങളും സംബന്ധിച്ച ആശങ്കകള്‍ ടെക് ഭീമന്മാരെ ബാധിച്ചതിനാല്‍ എന്‍വിഡിയ ഓഹരികള്‍ സമീപകാല വ്യാപാരത്തില്‍ ഏകദേശം 1% കുറവായിരുന്നു, വര്‍ഷാരംഭം മുതല്‍ ഏകദേശം 18% കുറഞ്ഞു.