യുഎസ് താരിഫിലെ വര്‍ധന: നഷ്ടസാധ്യത കുറച്ചുകാണിച്ച് ചൈന; ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ലെന്ന് പ്രതികരണം

യുഎസ് താരിഫിലെ വര്‍ധന: നഷ്ടസാധ്യത കുറച്ചുകാണിച്ച് ചൈന; ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ലെന്ന് പ്രതികരണം


ബീജിങ്:  യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരിച്ചടി താരിഫ് പ്രഖ്യാപനങ്ങളില്‍ തങ്ങളുടെ കയറ്റുമതിക്ക് സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളുടെ സാധ്യത കുറച്ചുകാണിച്ച് ചൈന. തിങ്കളാഴ്ച ഓഹരി വിപണിയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയതിനു പിന്നാലെ 'ആകാശം ഇടിഞ്ഞുവീഴില്ല' എന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ പ്രതികരണം. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളെ തിരിച്ചടി താരിഫില്‍ നിന്ന് ഒഴിവാക്കിയ നടപടി ഹ്രസ്വകാലത്തേക്ക് മാത്രമാണെന്ന് ട്രംപ് അറിയിച്ചതിനു പുറകെയായിരുന്നു ചൈനയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു പ്രതികരണമുണ്ടായത്.

ചൈനയുടെ സെന്‍ട്രല്‍ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക ഈ വര്‍ഷം 3.50 ശതമാനത്തിലധികം സ്ഥിര വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ചൈനീസ് ഓഹരി വിപണിയുടെ എസ്ഇസഡ്എസ്ഇ കമ്പോണന്റ് സൂചിക ഏകദേശം ഒന്‍പത് ശതമാനം വൈടിഡി റിട്ടേണുകള്‍ രേഖപ്പെടുത്തിയപ്പോള്‍, സിഎസ്‌ഐ 300 സൂചിക നാല് ശതമാനത്തിലധികം ഉയര്‍ന്നു. ട്രംപിന്റെ പ്രഭാവം ചൈനീസ് മാര്‍ക്കറ്റിനെ ബാധിക്കുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൈനയിലേക്കുള്ള പോര്‍ട്ട്‌ഫോളിയോകളുടെ ഒഴുക്കാണ് ഇതിന് ഒരു പ്രധാന കാരണം. രാജ്യത്തെ പ്രമുഖ ബിസിനസുകാരുമായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുക വഴി വിപണിയെ വീണ്ടെടുക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ശ്രമങ്ങളും വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. പ്രസിഡന്റിന്റെ ഈ നടപടിയോട് ചൈനീസ് ഓഹരി വിപണി ക്രിയാത്മകമായാണ് പ്രതികരിച്ചത്.

ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈന കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യുഎസില്‍ നിന്ന് അകന്ന് വ്യാപാരം വൈവിധ്യവല്‍ക്കരിച്ചുവെന്ന് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ വക്താവ് ല്യൂ ഡാലിയാങ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ യുഎസ് പ്രസിഡന്റായി അധികാരം ഏറ്റെടുത്തതിന് ശേഷം ഇതുവരെ ചൈനയ്‌ക്കെതിരെ അഞ്ചിരട്ടി തീരുവ വര്‍ധനയാണ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. പത്ത് ശതമാനം വീതമായിരുന്നു ആദ്യ രണ്ട് വര്‍ധനകള്‍. എടുത്തുചാടി ഈ പ്രഖ്യാപനത്തോട് പ്രതികരിക്കാതെ അളന്നുമുറിച്ച സമീപനമാണ് ചൈന സ്വീകരിച്ചത്. 20 ശതമാനം താരിഫ് വര്‍ധനയില്‍ യുഎസ് അവസാനിപ്പിച്ചില്ല. അടുത്ത ഘട്ടമായി, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 34 ശതമാനം തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചു. ഇത്തവണ ചൈന അതേ നാണയത്തില്‍ ട്രംപിനോട് പ്രതികരിച്ചു. യുഎസിനു മേല്‍ 34 ശതമാനം തീരുവ ചുമത്തിയായിരുന്നു ചൈനയുടെ തിരിച്ചടി. വിവിധ യുഎസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിര്‍ണായക ധാതു കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ചൈനീസ് വാണിജ്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. ചൈനയുടെ നടപടിക്ക് മറുപടിയായി യുഎസ് 50 ശതമാനം അധിക തീരുവ കൂടി ചുമത്തി. ഇതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മുകളിലുള്ള നികുതി 104 ശതമാനമായി ഉയര്‍ന്നു.

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 84 ശതമാനം മറുചുങ്കം ചുമത്തിയായിരുന്നു ചൈനയുടെ മറുപടി. ഇതോടെ ചൈനയ്ക്ക് മേലുള്ള താരിഫ് 125 ശതമാനമായി യുഎസ് ഉയര്‍ത്തി. ഉടന്‍ ഇത് പ്രബല്യത്തില്‍ വരുമെന്നും അറിയിച്ചു. മുന്‍പ് ചുമത്തിയിരുന്ന 20 ശതമാനം ഫെന്റനൈല്‍ അനുബന്ധ താരിഫും കൂടി കണക്കാക്കുമ്പോള്‍ നിരക്ക് 145 ശതമാനമാകും. മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ താരിഫ് 90 ദിവസത്തേക്ക് മരവിപ്പിച്ച ട്രംപ് ചൈനയ്ക്ക് മേല്‍ തന്റെ പ്രഖ്യാപനം ഉടനടി നടപ്പിലാക്കി. എന്നാല്‍, കമ്പ്യൂട്ടറുകളുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് വില കൂടുന്നത് യുഎസ് ടെക് കമ്പനികളെ ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഇലക്ട്രോണിക് ഉപകരണങ്ങളെ താരിഫില്‍ നിന്ന് ഓഴിവാക്കി. ഈ ഒഴിവാക്കല്‍ ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്നും 'ആരും ഈ ചൂണ്ടക്കൊളുത്തില്‍ നിന്ന് രക്ഷപ്പെടില്ല' എന്നുമാണ് ട്രംപിന്റെ നിലപാട്. സെമികണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെയും വിതരണ ശൃംഖലയില്‍, ദേശീയ സുരക്ഷാ വ്യാപാര അന്വേഷണം ആരംഭിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലായിരുന്നു ട്രംപിന്റെ ഈ പുതിയ പ്രഖ്യാപനം. യുഎസിനെ ചൈനയെ പോലുള്ള ശത്രു രാജ്യങ്ങളുടെ ബന്ദിയാക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു