പാകിസ്ഥാന്‍ വ്യോമപാത അടച്ചത് എയര്‍ ഇന്ത്യയ്ക്കുണ്ടാക്കിയത് നാലായിരം കോടി നഷ്ടം

പാകിസ്ഥാന്‍ വ്യോമപാത അടച്ചത് എയര്‍ ഇന്ത്യയ്ക്കുണ്ടാക്കിയത് നാലായിരം കോടി നഷ്ടം


ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനക്കമ്പനികല്‍ക്ക് പാകിസ്ഥാന്റെ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്കുണ്ടായത് വന്‍ സാമ്പത്തിക നഷ്ടം.  എയര്‍ ഇന്ത്യയ്ക്ക് ഏകദേശം നാലായിരം കോടി രൂപയാണ് നഷ്ടമുണ്ടായതെന്ന് കമ്പനിയുടെ സി ഇ ഒ കാംപ്ബല്‍ വില്‍സണ്‍ അറിയിച്ചു. 

ഏപ്രിലിലെ പഹാല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് നിയന്ത്രണം നടപ്പാക്കിയത്. ഇതിന്റെ ഫലമായി എയര്‍ ഇന്ത്യയ്ക്ക് നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ വഴിതിരിച്ചു വിടേണ്ടി വന്നു. അതോടെ പ്രവര്‍ത്തനച്ചെലവുകള്‍ കുത്തനെ ഉയര്‍ന്നതായി അദ്ദേഹം വ്യക്തമാക്കി.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും പോകുന്ന സര്‍വീസുകള്‍ വഴിതിരിച്ചു വിടേണ്ടി വന്നതോടെ യാത്രാസമയം 60 മുതല്‍ 90 മിനിറ്റ് വരെ കൂടിയിരുന്നു. ഇതോടെ ഇന്ധന ചെലവും ജീവനക്കാരുടെ ഡ്യൂട്ടി ചെലവും വര്‍ധിച്ചു.

പഹാല്‍ഗാം ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യയും പാകിസ്ഥാനും പരസ്പരം വിമാനങ്ങളുടെ വ്യോമപാത അടച്ചത്. ഈ വിലക്ക് സിവില്‍, സൈനിക വിമാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലെയും സര്‍വീസുകള്‍ക്കും ബാധകമാണ്.

സ്ഥിതിഗതികള്‍ ഉടന്‍ മാറാനുള്ള സാധ്യതയില്ല. രാജസ്ഥാനിലും ഗുജറാത്തിലുമുള്ള ഇന്ത്യയുടെ സംയുക്ത സൈനിക പരിശീലനത്തിന് മുന്നോടിയായി അടുത്തിടെ പാകിസ്ഥാന്‍ വലിയ വ്യോമമേഖല ഉള്‍പ്പെടുത്തി പുതിയ നോട്ടാം (നോട്ടീസ് ടു എയര്‍ മിഷന്‍സ്) പുറപ്പെടുവിച്ചിട്ടുണ്ട്.