വാഷിംഗ്ടണ്‍: ഫ്‌ലോറിഡ സംസ്ഥാന സര്‍വകലാശാലകളില്‍ ഇനി എച്ച് 1 ബി വിസക്കാരായ വിദേശികളെ നിയമിക്കരുതെന്ന് ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഉത്തരവിട്ടു. വിദേശികള്‍ക്ക് പകരം ഫ്‌ലോറിഡ നിവാസികള്‍ക്കായിരിക്കണം തൊഴിലവസരം നല്‍കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഫ്‌ലോറിഡ പൗരന്മാര്‍ക്കാണ് സംസ്ഥാന സര്‍വകലാശാലകളിലെ ജോലികള്‍ക്കായി ആദ്യം പരിഗണന ലഭിക്കേണ്ടതെന്ന് ടാംപയിലെ സൗത്ത് ഫ്‌ലോറിഡ സര്‍വകലാശാലയില്‍ ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിച്ച ഡിസാന്റിസ് പറഞ്ഞു.
എച്ച് 1 ബി വിസയുടെ പേരില്‍ സര്‍വകലാശാലകളില്‍ വിദേശികളെ അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, അനലിസ്റ്റുകള്‍, കോഓര്‍ഡിനേറ്റര്‍മാര്‍, സ്‌പോര്‍ട്‌സ് വിഭാഗത്തിലെ സ്റ്റാഫ് അംഗങ്ങള്‍, കമ്യൂണിക്കേഷന്‍സ് ഓഫീസര്‍മാര്‍ എന്നിവരുള്‍പ്പെടെ വിവിധ പദവികളില്‍ നിയമിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അത്തരം നിയമനങ്ങള്‍ക്കായി ഫ്‌ലോറിഡയ്ക്കുള്ളില്‍ തന്നെ ആവശ്യമായ പ്രാവീണ്യമുള്ളവരെ കണ്ടെത്താനാവുമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
'നമ്മുടെ സര്‍വകലാശാലകളിലെ അക്രഡിറ്റേഷന്‍ വിലയിരുത്താന്‍ പോലും എച്ച് 1 ബി വിസയുള്ള വിദേശികളെ കൊണ്ടുവരേണ്ട സാഹചര്യമാണോ? അതെല്ലാം നമ്മുടെ സ്വന്തം ആളുകള്‍ക്ക് ചെയ്യാന്‍ പറ്റില്ലേ?' - അദ്ദേഹം ചോദിച്ചു.
ഇത് 'കുറഞ്ഞ വേതനത്തിലുള്ള തൊഴില്‍ പ്രയോഗം' (cheap labour) ആണെന്നും സര്‍വകലാശാലകള്‍ അവരുടെ നിയമന നയം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൈന, സ്‌പെയിന്‍, പോളണ്ട്, ബ്രിട്ടന്‍, കാനഡ, അല്‍ബാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഫ്‌ലോറിഡയിലെ സര്‍വകലാശാലകളില്‍ എച്ച് 1 ബി വിസയില്‍ ജോലി ചെയ്യുന്നത്.
ഇവരില്‍ ചിലര്‍ സൈക്കോളജിസ്റ്റ്, ബയോഅനലിറ്റിക്കല്‍ കോര്‍ ഡയറക്ടര്‍, കോസ്റ്റല്‍ റിസര്‍ച്ച് സ്‌പെഷ്യലിസ്റ്റ്, കമ്യൂണിക്കേഷന്‍ മാനേജര്‍ തുടങ്ങിയ തസ്തികകളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിസാ നയത്തില്‍ പുതിയ മാറ്റങ്ങള്‍
ഡിസാന്റിസിന്റെ പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങള്‍ മുന്‍പാണ് യു.എസ്. ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) എച്ച് 1 ബി അപേക്ഷാ ഫീസായ 100,000 ഡോളറുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
മറ്റ് വിസാ വിഭാഗങ്ങളില്‍ (ഉദാഹരണം: വിദ്യാര്‍ത്ഥി വിസ എഫ് 1) നിന്ന് എച്ച് -1ആയിലേക്ക് മാറുന്നവര്‍ക്ക് ആ ഫീസ് നല്‍കേണ്ടതില്ലെന്നതാണ് പ്രധാന മാറ്റം.
അതുപോലെ തന്നെ, നിലവില്‍ എച്ച്-1 ബി വിസയുള്ളവര്‍ അമേരിക്കയ്ക്കുള്ളില്‍ വിസ നീട്ടുന്നതിനോ മാറ്റുന്നതിനോ അപേക്ഷിക്കുമ്പോഴും ആ ഫീസ് ബാധകമല്ല.
പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ട് 'അമേരിക്കന്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന' എന്ന ലക്ഷ്യത്തോടെ എച്ച് 1 ബി പ്രോഗ്രാം പുനഃസംഘടിപ്പിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.
ഇതിനുമേല്‍ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അടക്കം നല്‍കിയ രണ്ടുകേസുകള്‍ കോടതികളില്‍ പരിഗണനയിലുണ്ട്.
സംസ്ഥാന ഗവര്‍ണറുടെ പുതിയ തീരുമാനം ഫ്‌ലോറിഡയിലെ സര്‍വകലാശാലകളിലെ നിയമനരീതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. വിദേശ പ്രൊഫഷണലുകളുടെ പങ്കാളിത്തം പരിമിതപ്പെടുത്തുകയും സംസ്ഥാനത്തുള്ള പ്രാദേശിക പ്രതിഭകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയും ചെയ്യുന്നതിനാണ് ഈ നീക്കം.
ഫ്‌ലോറിഡ സര്‍വകലാശാലകളില്‍ എച്ച്1 ബി വിസയുള്ള വിദേശികളെ നിയമിക്കുന്നത് അവസാനിപ്പിക്കാന്‍ ഉത്തരവ്
