തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനും സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശ്ശികയിലും ആശമാരുടെ അലവന്‍സിലും വര്‍ധനവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ക്ഷേമ പെന്‍ഷനില്‍ 400 രൂപ വര്‍ധിപ്പിച്ച് രണ്ടായിരം രൂപയാക്കി. ക്ഷേമപെന്‍ഷനില്‍ ഒരു ഗഡുവാണ് അനുവദിച്ചത്.
മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതിനായി 13,000 കോടി രൂപയാണ് നീക്കിവെക്കുന്നത്.
സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ച മുഖ്യമന്ത്രി ഒരുലക്ഷത്തില്‍ താഴെ വരുമാനമുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാക്കള്‍ക്ക് പ്രതിമാസം ആയിരം രൂപ സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്നും പറഞ്ഞു.
സ്ത്രീസുരക്ഷയ്ക്ക് പുതിയ പദ്ധതി ആരംഭിക്കുന്നതോടെ ട്രാന്‍സ് സ്ത്രീകള്‍ ഉള്‍പ്പെടെ പാവപ്പെട്ട സ്ത്രീകള്‍ക്ക് പുതിയ പദ്ധതി വഴി പ്രതിമാസം സഹായം ലഭിക്കും. നിലവില്‍ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെന്‍ഷന്‍ നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.
പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കാനും തീരുമാനമുണ്ട്. ആശ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം പ്രതിമാസം 1000 രൂപ കൂട്ടിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നെല്ലിന്റെ സംഭരണ വില 30 രൂപയാക്കി കൂട്ടി. റബറിന്റെ താങ്ങുവില 200 രൂപയാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്നാല്‍ ഇതെല്ലാം തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള പ്രഖ്യാപനങ്ങളാണെന്നാണ് ആരോപിക്കുന്നത്.
