താലിബാന്‍ രൂപീകരണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് പ്രതിരോധ മന്ത്രിയുടെ ഏറ്റുപറച്ചില്‍

താലിബാന്‍ രൂപീകരണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് പ്രതിരോധ മന്ത്രിയുടെ ഏറ്റുപറച്ചില്‍


ഇസ്ലാമാബാദ്: പാകിസ്ഥാനും രാജ്യത്തിന്റെ മുന്‍ ഭരണാധികാരികളും അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ രൂപീകരിക്കുന്നതില്‍ പങ്ക് വഹിച്ചതായി പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ഏറ്റുപറച്ചില്‍.  ഭാവിയുടെ നന്മയ്ക്കായി കഴിഞ്ഞ കാലത്തിലെ തെറ്റുകള്‍ സമ്മതിക്കുകയും അതിന് ദൈവത്തോട് മാപ്പ് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്താംബൂളില്‍ നടന്ന കാബൂള്‍- പാകിസ്ഥാന്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആസിഫ് ജിയോ ന്യൂസിനോട് നടത്തിയ അഭിമുഖത്തില്‍ ഈ പരാമര്‍ശം നടത്തിയത്. 

ഇപ്പോള്‍ അനുഭവിക്കുന്ന പ്രത്യാഘാതങ്ങള്‍ എല്ലാം അറുപതുകളിലും എഴുപതുകളിലും തൊണ്ണൂറുകളിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും അഫ്ഗാനിസ്ഥാനില്‍ ചെയ്ത പാപങ്ങളുടെയും പ്രവര്‍ത്തികളുടെയും ഫലമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ചെയ്ത പാപങ്ങള്‍ സമ്മതിച്ചാല്‍ മാപ്പ് നല്‍കാമെന്നാണ് ദൈവം പറയുന്നതെങ്കിലും പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ ചെയ്ത പാപങ്ങളെ നിഷേധിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ നയങ്ങള്‍ ആസൂത്രണം ചെയ്തവരും നടപ്പാക്കിയവരും അവര്‍ ജീവിച്ചാലും മരിച്ചാലും ഈ കുറ്റങ്ങള്‍ക്ക് ഉത്തരവാദികളാകണമെന്നും അദ്ദേഹം പറഞ്ഞു. 

ഏപ്രിലില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നാലെയും പാകിസ്ഥാന്റെ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് അസിഫ് തന്റെ രാജ്യം മൂന്നു ദശാബ്ദങ്ങളോളം ഭീകര സംഘടനകളെ പിന്തുണച്ചതായി സമ്മതിച്ചിരുന്നു. ഒരു ബ്രിട്ടീഷ് വാര്‍ത്താ ചാനലിനോട് സംസാരിക്കുമ്പോള്‍ പാശ്ചാത്യരാജ്യങ്ങള്‍ക്കായി 'അഴുക്കുചെറുവേലയായി' തങ്ങള്‍ ഭീകര സംഘടനകളെ പരിശീലിപ്പിക്കുകയും ധനസഹായം നല്‍കുകയും ചെയ്തതാണെന്ന് അദ്ദേഹം പറഞ്ഞു. അതൊരു 'പിഴവായിരുന്നു' എന്നും അതിന്റെ വില പാകിസ്ഥാന്‍ കഠിനമായി കൊടുത്തതാണെന്നും ആസിഫ് വ്യക്തമാക്കി.