എല്‍ഫാഷറില്‍ ആര്‍.എസ്.എഫ്. ആക്രമണം : പ്രസവാശുപത്രിയില്‍ 460 പേര്‍ കൊല്ലപ്പെട്ടു

എല്‍ഫാഷറില്‍ ആര്‍.എസ്.എഫ്. ആക്രമണം : പ്രസവാശുപത്രിയില്‍ 460 പേര്‍ കൊല്ലപ്പെട്ടു


കെയ്‌റോ: പാശ്ചാത്യ സുഡാനിലെ ദര്‍ഫൂര്‍ മേഖലയില്‍ വീണ്ടും രക്തരൂക്ഷിതമായ ആക്രമണം. എല്‍ഫാഷര്‍ നഗരത്തിലെ സൗദി പ്രസവാശുപത്രിയില്‍ രോഗികളെയും ബന്ധുക്കളെയും അടക്കം 460 പേരെ വിമത സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ് ) കൂട്ടക്കൊല ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) സ്ഥിരീകരിച്ചു.

കഴിഞ്ഞ വാരാന്ത്യത്തില്‍ ആര്‍.എസ്.എഫ്. ഈ നഗരം പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് ദുരന്തവാര്‍ത്ത പുറത്ത് വന്നത്. 'ഈ ഭീകരവാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രസ്താവിച്ചു.

18 മാസം നീണ്ട ചെറുത്തുനില്‍പ്പിനു ശേഷമാണ് ആര്‍.എസ്.എഫ്. എല്‍ഫാഷര്‍ പിടിച്ചെടുത്തത്. നഗരം വീണതോടെ, ഇരുപത് വര്‍ഷം മുമ്പ് ദര്‍ഫൂരില്‍ നടന്ന വംശീയ കൊലപാതകങ്ങളുടെ ഓര്‍മ്മകള്‍ വീണ്ടും ഉണര്‍ന്നു.

'സമാധാനത്തിലൂടെയോ യുദ്ധത്തിലൂടെയോ സുഡാന്‍ ഒരുമിക്കുമെന്ന്' ആര്‍.എസ്.എഫ്. മേധാവി

 എല്‍ഫാഷറിന്റെ 'വിമോചനം' സുഡാന്റെ ഐക്യത്തിലേക്കുള്ള വഴിയാണെന്നും, 'സമാധാനത്തിലൂടെയോ യുദ്ധത്തിലൂടെയോ' രാജ്യം ഒരുമിക്കുമെന്നും ആയിരുന്നു ആര്‍.എസ്.എഫ്. മേധാവി മുഹമ്മദ് ഹംദാന്‍ ഡാഗ്ലോ ബുധനാഴ്ച പ്രസ്താവിച്ചത്.

എന്നാല്‍, ദര്‍ഫൂരില്‍ ആര്‍.എസ്.എഫ്. സേനകള്‍ സാധാരണ പൗരന്മാരെ ലക്ഷ്യമാക്കി അതിക്രമങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് യു.എന്‍. അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

 സൗദി ആശുപത്രിയിലുണ്ടായ കൂട്ടക്കൊലയും മറ്റൊരു ബാലാശുപത്രിയില്‍ നടന്നതായി സംശയിക്കുന്ന കൂട്ടക്കൊലയും ഉപഗ്രഹദൃശ്യങ്ങള്‍ പരിശോധിച്ച് യെയില്‍ സര്‍വകലാശാലയുടെ ഹ്യൂമാനിറ്റേറിയന്‍ റിസര്‍ച്ച് ലാബ് സ്ഥിരീകരിച്ചിട്ടുണ്ട്.

 'ജാതി തിരിച്ചുള്ള അക്രമങ്ങളിലൂടെ മനുഷ്യാവകാശ ലംഘനങ്ങള്‍' നടക്കുന്നതായി യു.എന്‍. മുന്നറിയിപ്പ് നല്‍കി.  'യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യവിരുദ്ധ കുറ്റങ്ങള്‍ക്കും' ആര്‍.എസ്.എഫ്. ഉത്തരവാദികളാണെന്ന് ആഫ്രിക്കന്‍ യൂണിയന്‍ ആരോപിച്ചു.

യു.എന്‍. കണക്കുകള്‍ പ്രകാരം എല്‍ഫാഷറില്‍ നിന്നുള്ള 33,000ത്തിലധികം പേര്‍ പടിഞ്ഞാറ് 70 കിലോമീറ്റര്‍ അകലെയുള്ള ടാവിലയിലേക്ക് അഭയം തേടി. ആ പ്രദേശം ഇതിനകം തന്നെ 6.5 ലക്ഷം അഭയാര്‍ത്ഥികളെ സ്വീകരിച്ചുകഴിഞ്ഞു.

യുദ്ധം തുടങ്ങിയ 2023 ഏപ്രിലിനുശേഷം പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും, ദശലക്ഷക്കണക്കിന് പേര്‍ വീടുകള്‍ വിട്ട് പലായനം ചെയ്യുകയും ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ പ്രതിസന്ധിയായി സുഡാന്‍ മാറിയിരിക്കുന്നു.

യു.എസ്., ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ. എന്നിവ ഉള്‍പ്പെട്ട 'ക്വാഡ്' കൂട്ടായ്മ നടത്തുന്ന വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി സൂചന. യു.എന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍.എസ്.എഫ്. സേനയ്ക്ക് യു.എ.ഇ. ആയുധവും ഡ്രോണുകളും നല്‍കുന്നുവെന്ന ആരോപണം ഉണ്ട്. അബൂദാബി ഇത് നിഷേധിച്ചിട്ടുണ്ട്. മറുവശത്ത്, സൈന്യത്തിന് ഈജിപ്തിന്റെയും ഇറാന്റെയും തുര്‍ക്കിയുടെയും പിന്തുണ ലഭിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

സ്വര്‍ണ്ണസമൃദ്ധമായ സുഡാനിലെ കയറ്റുമതി ഭൂരിഭാഗവും യു.എ.ഇ.യിലേക്കാണ് പോകുന്നത്.