നെടുമ്പാശ്ശേരി വിമാനത്താവളത്തിന് റെയില്‍വേ സ്‌റ്റേഷന്‍ - കേന്ദ്രാനുമതി ലഭിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് റെയില്‍വേ സ്‌റ്റേഷന്‍ - കേന്ദ്രാനുമതി ലഭിച്ചു


കൊച്ചി: വിമാനയാത്രക്കാര്‍ ഏറെ നാളായി കാത്തിരുന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം റെയില്‍വേ സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ റെയില്‍വേ ബോര്‍ഡ് ഔദ്യോഗികമായി അനുമതി നല്‍കി. *'കൊച്ചിന്‍ എയര്‍പോര്‍ട്ട് സ്‌റ്റേഷന്‍'* എന്ന പേരില്‍ രൂപംകൊള്ളുന്ന ഈ പുതിയ സ്‌റ്റേഷന്‍ വിമാനത്താവളത്തിലെത്തുന്ന യാത്രികര്‍ക്കായി ട്രെയിന്‍-വിമാന ബന്ധം നേരിട്ട് ഉറപ്പാക്കുന്ന തരത്തിലായിരിക്കും.

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റെയില്‍വേ ബോര്‍ഡില്‍ നിന്ന് സൗത്ത് റെയില്‍വേയുടെ ജനറല്‍ മാനേജര്‍ക്കുള്ള കത്തില്‍ നല്‍കിയ അനുമതിപ്രകാരം, 'തിരുവന്തപുരം ഡിവിഷനിലെ അങ്കമാലി ഫോര്‍ കാലടി (AKF) – ചൊവ്വര (CWR) സ്‌റ്റേഷനുകള്‍ക്കിടയില്‍  'കൊച്ചിന്‍ എയര്‍പോര്‍ട്ട് സ്‌റ്റേഷന്‍' എന്ന പേരില്‍ യാത്രക്കാരന്‍മാര്‍ക്ക് വേണ്ട ഹാള്‍ട്ട് സ്‌റ്റേഷന്‍ സ്ഥാപിക്കാനാണ് അനുമതി.

നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് യൂണിയന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പു നല്‍കിയതായി ജോര്‍ജ് കുര്യന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മന്ത്രി വൈഷ്ണവ് നടത്തിയ ട്രെയിന്‍-വിന്‍ഡോ ഇന്‍സ്‌പെക്ഷനില്‍ സ്‌റ്റേഷന്‍ സ്ഥലം തിരഞ്ഞെടുക്കല്‍ ഉള്‍പ്പെടെ സാങ്കേതിക വിശദാംശങ്ങള്‍ നേരിട്ടു വിലയിരുത്തിയിരുന്നു. ആ സന്ദര്‍ശനത്തില്‍ ജോര്‍ജ് കുര്യനും പങ്കെടുത്തിരുന്നു.

വിമാനത്താവളത്തോട് നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പുതിയ റെയില്‍വേ സ്‌റ്റേഷന്‍, യാത്രികര്‍ക്കായി അതിവേഗവും സൗകര്യപ്രദവുമായ ഗതാഗതമാര്‍ഗം ഒരുക്കും. ട്രെയിനില്‍ നിന്ന് ഇറങ്ങി നേരിട്ട് വിമാനത്തിലേക്ക് (അല്ലെങ്കില്‍ തിരിച്ചും ) പോകാന്‍ കഴിയുന്ന ഈ സംവിധാനത്തോടെ റോഡ് ഗതാഗതക്കുരുക്കുകള്‍ മറികടക്കാനും യാത്രാസമയം കുറയ്ക്കാനും സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.