വാഷിംഗ്്ടണ്‍ : ആണവായുധ പരീക്ഷണം 'ഉടന്‍ ആരംഭിക്കണമെന്ന് ' അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പെന്റഗണിന് നിര്‍ദേശം നല്‍കി. 1992ന് ശേഷം അമേരിക്ക ഇത്തരമൊരു പരീക്ഷണം നടത്തിയിട്ടില്ല. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ആണവ ശേഷിയുള്ള, ആണവശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎസും ആണവരീക്ഷണം നടത്തണമെന്ന് ട്രംപ് നിര്‍ദേശിച്ചത്.
'അമേരിക്കയ്ക്കാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ ഉള്ളത്. ആണവപരീക്ഷണങ്ങളെ അതിന്റെ വിനാശകരമായ ശക്തി കാരണം ഞാന്‍ വെറുക്കുന്നു - എന്നാല്‍, മറ്റു രാജ്യങ്ങള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ പരിഗണിച്ച്, സമാനമായി ഞങ്ങളും പരീക്ഷണം ആരംഭിക്കാന്‍ പെന്റഗണിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്, ആ പ്രക്രിയ ഉടന്‍ ആരംഭിക്കും.'- അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതി.
ചൈനീസ് നേതാവ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. റഷ്യയുടെ ബുറെവെസ്റ്റ്‌നിക് ആണവക്രൂയിസ് മിസൈലും പോസൈഡണ്‍ ആണവ ടോര്‍പീഡോയും വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെയായിരുന്നു ഇത്.
1992 സെപ്റ്റംബര്‍ 23നാണ് അമേരിക്ക അവസാനമായി 'ഡിവൈഡര്‍' എന്ന ആണവപരീക്ഷണം നടത്തിയത്. അതിനു പിന്നാലെ പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ല്യു. ബുഷ് പരീക്ഷണങ്ങള്‍ക്ക് നിരോധനം പ്രഖ്യാപിച്ചിരുന്നു. എങ്കിലും ആവശ്യമുണ്ടെങ്കില്‍ നെവാഡയിലെ അതേ കേന്ദ്രത്തില്‍ പരീക്ഷണം പുനരാരംഭിക്കാനുള്ള സാങ്കേതിക കഴിവ് അമേരിക്കയ്ക്കുണ്ടെന്നതാണ് റിപ്പോര്‍ട്ട്.
ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ നെവാഡ കോണ്‍ഗ്രസ് പ്രതിനിധി ദിനാ ടൈറ്റസ് പ്രതികരിച്ചു. 'എന്തുതന്നെയായാലും അതിനൊന്നും വഴങ്ങില്ല. ഇതിനെ തടയാന്‍ നിയമം കൊണ്ടുവരും,'' -അവര്‍ എക്‌സ് കുറിപ്പില്‍ വ്യക്തമാക്കി.
അമേരിക്ക ആണവായുധ പരീക്ഷണം 'ഉടന്‍ ആരംഭിക്കണം' പെന്റഗണിന് നിര്‍ദേശം നല്‍കി ട്രംപ്
