കിംഗ്സ്റ്റണ്‍: ജമൈക്കയിലെ ദ്വീപ് പ്രദേശങ്ങളിലുടനീളം മെലിസ ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രാജ്യത്തിന്റെ അവസ്ഥ 'വളരെ, വളരെ ബുദ്ധിമുട്ടാണ്' എന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സെന്റ് എലിസബത്ത് പാരിഷ് അതിര്‍ത്തിയിലുള്ള അലിഗേറ്റര്‍ പോണ്ട് പ്രദേശത്തെ ഡ്രോണ്‍ ദൃശ്യങ്ങളില്‍ വേരോടെ പറിച്ചുമാറ്റപ്പെട്ട മരങ്ങളും തകര്‍ന്ന വീടുകളും കാണപ്പെടുന്നുണ്ട്. ചുഴലിക്കാറ്റ് ഈ പ്രദേശം കനത്ത രീതിയില്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. യൂട്ടിലിറ്റി കമ്പനികള്‍ക്ക് അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ വടക്കന്‍ മൊണ്ടേഗോ ബേയിലെ ചില വീടുകളുടെ മേല്‍ക്കൂരയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ അടിയന്തര രക്ഷാ സന്ദേശങ്ങള്‍ അയച്ചതായി പ്രാദേശിക സ്വയംഭരണ മന്ത്രി ഡെസ്മണ്ട് മക്കന്‍സി അറിയിച്ചു.
മെലിസ ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ജമൈക്കയില്‍ കരതൊട്ടത്. ജമൈക്കയില്‍ വീശിയടിച്ച് ക്യൂബയിലേക്ക് കാറ്റ് നീങ്ങിയത്. മണിക്കൂറില്‍ 115 മൈല്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ക്യൂബയിലേക്ക് നീങ്ങിയത്. നേരത്തെ കാറ്റഗറി 5 ആണെന്ന് പ്രഖ്യാപിച്ച മെലിസ ക്യൂബയിലേക്ക് നീങ്ങിയപ്പോള്‍ കാറ്റഗറി മൂന്നിലേക്ക് താഴ്ന്നിരുന്നു.
പുതിയ മുന്നറിയിപ്പ് പ്രകാരം മെലിസ ചുഴലിക്കാറ്റ് ക്യൂബ കടന്ന് വടക്കുകിഴക്കോട്ട് മണിക്കൂറില്‍ 14 മൈല്‍ വേഗതയിലാണ് നീങ്ങുന്നത്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജമൈക്കയില്‍ ഇതുവരെ മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഹെയ്തിയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതില്‍ 10 കുട്ടികളും ഉള്‍പ്പെടും.
പടിഞ്ഞാറന്‍ ജമൈക്കയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഗണ്യമായ രീതിയില്‍ നശിച്ചിട്ടുണ്ട്. മറ്റ് മേഖലകളില്‍ പരിമിതമായ രീതിയിലാണ് നാശനഷ്ടമുണ്ടായതെന്നാണ് വിലയിരുത്തുന്നത്.
രാജ്യത്തിന്റെ മുക്കാല്‍ ഭാഗത്തും വൈദ്യുതി ബന്ധം തകര്‍ന്നിരിക്കുകയാണ്. അതോടൊപ്പം വിമാനത്താവള പ്രവര്‍ത്തനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
കടപുഴകിയ മരങ്ങള്‍, വെള്ളം കയറിയ റോഡുകള്‍, തകര്‍ന്ന കെട്ടിടങ്ങള്‍ തുടങ്ങിയ ദൃശ്യങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്.
മെലിസ ബഹാമസിലെത്തുമ്പോഴും അപകടകാരിയായ ചുഴലിക്കാറ്റാണ് മെലിസയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ടര്‍ക്ക്‌സ് ആന്‍ഡ് കൈക്കോസ് ദ്വീപുകള്‍ക്കും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലവിലുണ്ട്.
അടുത്ത ദിവസങ്ങളില്‍ ചുഴലിക്കാറ്റിന്റെ ഗതിവേഗം കൂടുതല്‍ വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ പ്രവചനം.
