സിയോള്‍: രൂക്ഷമായ വ്യാപാരതര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും വ്യാഴാഴ്ച ദക്ഷിണ കൊറിയയിലെ ബുസാനില്‍ കൂടിക്കാഴ്ച നടത്തി. 2019ല്‍ ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി20 ഉച്ചകോടിക്ക് ശേഷം ഇരുവരും നേരിട്ട് കാണുന്നത് ഇതാദ്യമായാണ്. ട്രംപിന്റെ രണ്ടാം കാലാവധി ആരംഭിച്ചതിന് ശേഷവും ലോകത്തിലെ പല രാജ്യങ്ങള്‍ക്കെതിരെ താരിഫുകള്‍ ഏര്‍പ്പെടുത്തിയതിനു ശേഷവുമുള്ള ആദ്യ ട്രംപ്-ഷി കൂടിക്കാഴ്ചയുമാണിത്.
കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, ഷി ജിന്‍പിംഗിനെ 'ഒരു കഠിനമായ ചര്‍ച്ചക്കാരന്‍' (tough negotiator) ആണെന്ന് വിശേഷിപ്പിച്ചു. 'അതൊന്നും നല്ലതല്ല,' എന്നും അദ്ദേഹം ചിരിയോടെയൂം കൂട്ടിച്ചേര്‍ത്തു.
യു.എസ് - ചൈന ബന്ധം എല്ലായ്‌പ്പോഴും 'കണ്ണിന് പകരം കണ്ണ്' എന്ന നിലയില്‍ കാണേണ്ടതില്ലെന്നും, 'സഹകരിക്കുന്ന പങ്കാളികളും സുഹൃത്തുക്കളുമായി' മുന്നോട്ട് പോകണമെന്നും ഷി ജിന്‍പിങ് അഭിപ്രായപ്പെട്ടു. ഗാസയിലെ വെടിനിര്‍ത്തലിന് ട്രംപിനെ ഷി അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം, തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പരാമര്‍ശിച്ച ആണവപരീക്ഷണത്തെക്കുറിച്ചുള്ള ചോദ്യം ട്രംപ് ഒഴിവാക്കി. ആ പോസ്റ്റില്‍ ചൈനയുടെ ആണവ ശേഷിയെപ്പറ്റിയും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.
'വളരെ വിജയകരമായ ഒരു കൂടിക്കാഴ്ചയാകും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. 'നിങ്ങളെ വീണ്ടും കാണുന്നതില്‍ സന്തോഷമുണ്ടെന്ന് ഷി ജിന്‍പിങ് മറുപടിയും നല്‍കി.
വ്യാപാര തര്‍ക്കങ്ങള്‍ക്കിടയില്‍ ട്രംപ്-ഷി ജിന്‍പിങ് കൂടിക്കാഴ്ച-ഷി കഠിന ചര്‍ച്ചക്കാരനെന്ന് ട്രംപിന്റെ തമാശ
