പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡല്‍ഹിയിലെന്ന് സ്ഥിരീകരണം; 'നിയമാനുസൃത ഭരണകൂടം വന്നാല്‍ നാട്ടിലേക്ക് മടങ്ങും'

പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡല്‍ഹിയിലെന്ന് സ്ഥിരീകരണം; 'നിയമാനുസൃത ഭരണകൂടം വന്നാല്‍ നാട്ടിലേക്ക് മടങ്ങും'


ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികലാപത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തന്റെ ഇപ്പോഴത്തെ അഭയസ്ഥാനം ഡല്‍ഹിയാണെന്ന് സ്ഥിരീകരിച്ചു.

കലാപത്തിനിടെ പലായനം ചെയ്ത ഹസീന എവിടെയാണുള്ളത് എന്നതു സംബന്ധിച്ച് മാസങ്ങള്‍ നീണ്ട നിശ്ശബ്ദതയ്ക്കാണ് അവര്‍ വിരാമമിട്ടത്. ബുധനാഴ്ച റോയിട്ടേഴ്‌സിനോടു നടത്തിയ അപൂര്‍വമായ അഭിമുഖത്തില്‍ താനിപ്പോള്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്ന് ഹസീന സ്ഥിരീകരിച്ചു. 'ബംഗ്ലാദേശില്‍ നിയമാനുസൃത ഭരണകൂടം രൂപംകൊള്ളുമ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

മുഹമ്മദ് യൂനുസിന്റെ ഇടക്കാല ഭരണകൂടം പ്രഖ്യാപിച്ചതനുസരിച്ച് ബംഗ്ലാദേശിലെ പൊതുതിരഞ്ഞെടുപ്പ് ഫെബ്രുവരിയിലാണ് നടക്കുക. എന്നാല്‍, അവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കോടിക്കണക്കിന് അനുകൂലികള്‍ വോട്ടെടുപ്പിനെ ബഹിഷ്‌കരിക്കുമെന്നും ഹസീന പറഞ്ഞു.

'അവാമി ലീഗിനെ വിലക്കുന്നത് സ്വയംനാശം വിളിച്ചുവരുത്തുന്ന നീക്കമാണ്. ജനാധിപത്യത്തിന് തിരിച്ചടി നല്‍കുന്ന ഒന്നാണ് ഇത്,' ഹസീന ഇമെയില്‍ മറുപടിയില്‍ ആരോപിച്ചു. 'വരാന്‍പോകുന്ന ഭരണകൂടത്തിന് തിരഞ്ഞെടുപ്പ് മുഖേന ലഭിച്ച നിയമാനുസൃതത അംഗീകാരം വേണം. കോടിക്കണക്കിന് പേര്‍ അവാമി ലീഗിനെ പിന്തുണയ്ക്കുന്നു. നിലവില്‍ ഈ സാഹചര്യത്തില്‍ അവര്‍ വോട്ട് ചെയ്യുകയില്ല. എങ്കിലും  വിവേകം ജയിക്കും എന്നാണ് ഞങ്ങള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്-അവര്‍ കൂട്ടിച്ചേര്‍ത്തു.

 'ഡല്‍ഹിയില്‍ സ്വതന്ത്രമായി ജീവിക്കുന്നു' എന്നെങ്കിലും 'നിയമവും ഭരണക്രമവും യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുമ്പോള്‍' മാത്രമേ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമുള്ളുവെന്ന് 1975 ലെ സൈനിക അട്ടിമറിയില്‍ പിതാവും മൂന്ന് സഹോദരന്മാരും കൊല്ലപ്പെട്ട ഹസീന പറഞ്ഞു. 'ഇത് എന്റെ കുടുംബത്തെക്കുറിച്ചുള്ള വിഷയം മാത്രമല്ല. ബംഗ്ലാദേശിന്റെ ഭാവി ഭരണഘടനാപരമായ ഭരണക്രമത്തിലൂടെയും രാഷ്ട്രീയ സ്ഥിരതയിലൂടെയും മാത്രമേ ഉറപ്പാക്കാനാകൂ,'- ഹസീന പറഞ്ഞു.

അതേസമയം, 2024 മധ്യത്തില്‍ നടന്ന വിദ്യാര്‍ത്ഥി സമരങ്ങളുടെ സമയത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ച് ഹസീനയ്‌ക്കെതിരെ ബംഗ്ലാദേശ് യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ വിചാരണ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിധി നവംബര്‍ 13ന് പ്രസ്താവിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഹസീന ആരോപണങ്ങള്‍ തള്ളി. 'ഏത് അതിക്രമത്തിനും ഞാന്‍ വ്യക്തിപരമായി ഉത്തരവാദിയല്ല. ഈ വിചാരണ രാഷ്ട്രീയ പ്രേരിതമായ നാടകമാണെന്ന് അവര്‍ പറഞ്ഞു.

ഹസീനയുടെ അഭിമുഖത്തെക്കുറിച്ച്  ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.