വിസ പുതുക്കലിന് നിബന്ധനകള്‍ കര്‍ശനമാക്കി യുഎസ്; ഗ്രീന്‍ കാര്‍ഡ് കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് കനത്ത ആഘാതം

വിസ പുതുക്കലിന് നിബന്ധനകള്‍ കര്‍ശനമാക്കി യുഎസ്; ഗ്രീന്‍ കാര്‍ഡ് കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് കനത്ത ആഘാതം


വാഷിംഗ്ടണ്‍: വിദേശ തൊഴിലാളികളുടെ വിസ പുതുക്കല്‍ നിബന്ധനകള്‍ കടുപ്പിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം നിര്‍ണായക തീരുമാനമെടുത്തു. പുതിയ നിയമപ്രകാരം, തൊഴിലധികാര രേഖ (Employment Authorisation Document – EAD) കാലാവധി തീര്‍ന്ന് പുതുക്കലിന് അപേക്ഷിച്ചിട്ടുള്ള വിദേശ തൊഴിലാളികള്‍ ഇനി ജോലിയില്‍ തുടരാന്‍ പാടില്ല. ഈ നിബന്ധന 2025 ഒക്ടോബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരും.

മുന്‍പ്, സമയബന്ധിതമായി പുതുക്കലിന് അപേക്ഷിച്ചവര്‍ക്ക് അവരുടെ അപേക്ഷ പ്രോസസ്സിംഗ് നടക്കുന്നതിനിടയിലും ജോലിയില്‍ തുടരാന്‍ അനുവാദമുണ്ടായിരുന്നു. ആ ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ സംവിധാനമാണ് ഇനി റദ്ദാക്കുന്നത്.
വിദേശികള്‍ക്ക് പുതിയ തൊഴിലധികാരം അനുവദിക്കുന്നതിന് മുമ്പ് 'സമഗ്രമായ പരിശോധനയും സ്‌ക്രീനിംഗും ഉറപ്പാക്കുക' എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ആഭ്യന്തരസുരക്ഷാ വകുപ്പ് (DHS) വ്യക്തമാക്കി.

എന്നാല്‍, യുഎസിലെ വിസ പുതുക്കല്‍ നടപടികളിലെ കാലതാമസം മൂലം ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ താല്‍ക്കാലികമായി തൊഴില്‍രഹിതരാകാമെന്നാണ് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഈ മാറ്റം പ്രധാനമായും വിദ്യാര്‍ത്ഥി വിസയിലുള്ളവര്‍ (എഫ് -1 OPT), എച്ച്-1ബി വിസയുള്ളവരുടെ ഭാര്യമാര്‍/ഭര്‍ത്താക്കന്മാര്‍ (എച്ച്-4 വിസധാരികള്‍), ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ കാത്തിരിക്കുന്നവര്‍ എന്നിവരെയാണ് ബാധിക്കുക. ദീര്‍ഘകാല ഗ്രീന്‍ കാര്‍ഡ് ലഭിക്കാനും കാലതാമസം ഉള്ളതിനാല്‍ ഇന്ത്യക്കാര്‍ക്കാകും ഇതിന്റെ ഏറ്റവും കൂടുതല്‍ ആഘാതമുണ്ടാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ആഭ്യന്തര സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റം നടപ്പാക്കുന്നതെന്ന് ഡി എച്ച് എസ് വ്യക്തമാക്കി. 2025 ജൂണില്‍ കൊളറാഡോയിലെ ബോള്‍ഡറില്‍, ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ ലഭിച്ച അഭയാര്‍ത്ഥി അപേക്ഷകന്‍ ഉള്‍പ്പെട്ട ആക്രമണത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍, തൊഴിലധികാരം നഷ്ടമാകാതിരിക്കാന്‍ കാലാവധി തീരുന്നതിന് 180 ദിവസം മുമ്പ് തന്നെ പുതുക്കലിന് അപേക്ഷിക്കാന്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് (USCIS) വിദേശ തൊഴിലാളികളോട് നിര്‍ദേശിച്ചിട്ടുണ്ട്.