അങ്കമാലി: കോണ്‍ഗ്രസിലെ യുവ നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനായി. കാലടി മാണിക്യമംഗലം സ്വദേശി ലിപ്‌സിയാണ് വധു. അങ്കമാലി ബസിലിക്ക പള്ളിയില്‍ ബുധനാഴ്ച വൈകിട്ട് 3.30നായിരുന്നു വിവാഹ ചടങ്ങുകള്‍. ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.
വിവാഹ ആഘോഷങ്ങളുടെ ചെലവ് ചുരുക്കി പ്രസ്തുത തുക ഉപയോഗിച്ച് അങ്കമാലി മണ്ഡലത്തിലെ ഒരു നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.
കാലടി മാണിക്യമംഗലം പുളിയേലിപ്പടിയില്‍ കോലഞ്ചേരി വീട്ടില്‍ പൗലോസ്- ലിസി ദമ്പതികളിലെ മകളാണ് വധുവായ ലിപ്‌സി. കഴിഞ്ഞ ദിവസം മാണിക്യമംഗലം പള്ളിയില്‍ വച്ചായിരുന്നു മനസമ്മതം. ഇന്റീരിയര്‍ ഡിസൈനറാണ് ലിപ്‌സി.
അങ്കമാലി കല്ലുപാലം റോഡ് മുള്ളന്‍മടക്കല്‍ എം വി ജോണിന്റെയും എല്‍സമ്മയുടെയും മകനാണ് റോജി എം ജോണ്‍. എം എ, എം ഫില്‍ ബിരുദധാരിയായ റോജി 2016 മുതല്‍ അങ്കമാലിയില്‍ നിന്നുള്ള നിയമസഭാംഗമാണ്. കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം എന്‍ എസ് യു ഐ ദേശീയ പ്രസിഡന്റായിരുന്നു. നിലവില്‍ എ ഐ സി സി സെക്രട്ടറി കൂടിയാണ് റോജി.
