വാഷിംഗ്ടണ്‍: ഗാസയിലെ വെടിനിര്‍ത്തല്‍ ലംഘിച്ചെന്നാരോപിച്ച് ഇസ്രയേല്‍ ചൊവ്വാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ ഗാസയില്‍ ഇപ്പോഴും വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെന്നും സംഭവിക്കുന്നത് ചെറിയ ചെറിയ സംഘര്‍ഷങ്ങള്‍ മാത്രമാണെന്നും പ്രതികരിച്ച് അമേരിക്ക.
സമാധാന കരാര്‍ ലംഘിച്ചുവെന്നാരോപിച്ച് ഇസ്രായേല്‍ അധിനിവേശ സേന ഹമാസിനെതിരെ വ്യോമാക്രമണം നടത്തിയത് പിന്നാലെ, വെടിനിര്‍ത്തല്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് രംഗത്തെത്തി..
'വെടിനിര്‍ത്തല്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അവിടെയും ഇവിടെയുമായി ചെറിയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം-വാന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. 'ഹമാസ് അല്ലെങ്കില്‍ ഗാസയിലെ മറ്റാരോ ഒരു ഇസ്രയേല്‍ സൈനികനെ ആക്രമിച്ചു. അതിനാല്‍ ഇസ്രയേല്‍ പ്രതികരിക്കുന്നത് സ്വാഭാവികമാണ്. എങ്കിലും പ്രസിഡന്റിന്റെ സമാധാനം (യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മധ്യപൂര്‍വേഷ്യയില്‍ നടപ്പാക്കിയ സമാധാന കരാര്‍)
നിലനില്‍ക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 30 പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും അവര്‍ പറഞ്ഞു. ഹമാസ-ഇസ്രയേല്‍ തമ്മിലുള്ള യുഎസ് മധ്യസ്ഥതയിലുള്ള സ്ഥിരതയില്ലാത്ത വെടിനിര്‍ത്തല്‍ വീണ്ടും ഭീഷണി നേരിടുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്ന ശാന്തതയ്‌ക്കൊടുവിലായിരുന്നു ഈ സംഘര്‍ഷം. 'ഒടുവില്‍, മധ്യപൂര്‍വേഷ്യയില്‍ സമാധാനം വന്നിരിക്കുന്നു' എന്ന് ട്രംപ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ പുതിയ കൂട്ടക്കൊല.
ഒക്ടോബര്‍ 10ന് പ്രാബല്യത്തില്‍ വന്ന സമാധാന കരാറിന്റെ ഭാഗമായി ഹമാസ്, 28 പേരില്‍ 16ാമത്തെ തടവുകാരന്റെ മൃതദേഹം ഇസ്രയേലിന് കൈമാറിയതോടെയാണ് ഇരുപക്ഷങ്ങളിലും തമ്മില്‍ സംഘര്‍ഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. ഇസ്രയേല്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍, കൈമാറിയത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തിരിച്ചുകിട്ടിയ തടവുകാരന്റെ ഭാഗിക അവശിഷ്ടങ്ങളാണെന്ന് കണ്ടെത്തി.
'തടവുകാരുടെ മൃതദേഹങ്ങള്‍ തിരയുന്നതായി നാടകം കളിച്ച് ഹമാസ് സമാധാന കരാര്‍ ലംഘനം നടത്തിയതായി ഇസ്രായേല്‍ ആരോപിച്ചു. ആരോപണം നിഷേധിച്ച ഹമാസ് വക്താവ് ഹസിം ഖാസിം 'ഇസ്രയേല്‍ നടത്തിയ രണ്ടുവര്‍ഷത്തെ തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ കാരണം മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ നിരവധി സ്ഥലങ്ങള്‍ നശിച്ചുപോയെന്നും അവശേഷിച്ച മൃതദേഹങ്ങള്‍ സംസ്‌കരിച്ച സ്ഥാനം വ്യക്തമല്ലാത്തതാണ് കൈമാറാന്‍ താമസിക്കുന്നതെന്നും വ്യക്തമാക്കി.
അതേസമയം, ഗാസയുടെ തെക്കന്‍ മേഖലയില്‍ ഇസ്രയേല്‍ സൈന്യം ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെ ഗാസയില്‍ ഹമാസിനെതിരെ ശക്തമായ തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു. നെതന്യാഹുവിന്റെ പ്രസ്താവന പുറത്തുവന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഇസ്രയേല്‍ ലംഘനങ്ങളെ ചൂണ്ടിക്കാട്ടി മൃതദേഹ കൈമാറ്റം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഹമാസ് പ്രഖ്യാപിച്ചു.
ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 30 മരണം ; ഇപ്പോഴും വെടിനിര്‍ത്തല്‍ ബാധകം; ചെറിയ സംഘര്‍ഷം മാത്രമെന്ന് അമേരിക്ക
