ബോസ്റ്റണ്‍: ഷിക്കാഗോയില്‍ നിന്ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പറക്കുകയായിരുന്ന ലുഫ്താന്‍സാ വിമാനത്തില്‍ അക്രമസംഭവം നടന്നതിനെ തുടര്‍ന്ന് അടിയന്തരമായി ബോസ്റ്റണില്‍ ഇറക്കി. ഇതേ തുടര്‍ന്ന് ഇന്ത്യക്കാരനായ പ്രണീത് കുമാര്‍ ഉസിരിപ്പള്ളയെന്ന 28കാരനെ അറസ്റ്റ് ചെയ്തു.
പ്രണീത് വിമാനയാത്രയ്ക്കിടെ രണ്ട് 17 വയസ്സുകാരെ ലോഹ ഫോര്‍ക്കുകൊണ്ട് കുത്തുകയും ഒരു എയര്‍ഹോസ്റ്റസിനെ അടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് യു എസ് പ്രോസിക്യൂഷന്‍ വിഭാഗം നല്‍കുന്ന വിവരം. വിമാന ജീവനക്കാര്‍ ചേര്‍ന്നാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.
വിമാനത്തില്‍ അപകടകാരിയായ ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ നടത്തിയ ശ്രമത്തിന് മാസാച്യുസെറ്റ്‌സ് ജില്ലാ യു എസ് അറ്റോര്‍ണി ഓഫീസ് ഇയാളുടെ മേല്‍ കേസ് ചുമത്തി.
ഉറങ്ങിക്കിടന്നിരുന്ന ഒരു കൗമാരക്കാരനെ പ്രണീത് ചുമലിന് സമീപം കുത്തിയതായും തുടര്‍ന്ന് മറ്റൊരു യുവാവിനെ തലയുടെ പിന്നില്‍ അടിച്ചതായുമാണ് പറയുന്നത്. മാത്രമല്ല ഇയാള്‍ ഒരു വനിതാ യാത്രക്കാരിയെ കയ്യേറ്റം ചെയ്യുകയും ജീവനക്കാരനെ അടിക്കാന്‍ ശ്രമിക്കുകയും വിരലുകള്‍ തോക്കുപോലെ കാണിച്ച് സ്വയം വെടിവെക്കുന്നതുപോലെ നടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബൈബിള്‍ സ്റ്റഡീസില്‍ മാസ്റ്റേഴ്സ് ബിരുദം നേടുന്നതിന് വിദ്യാര്‍ഥി വിസയിലായിരുന്നു ഇയാള്‍. ഇപ്പോള്‍ യു എസില്‍ നിയമാനുസൃത താമസ പദവി നഷ്ടപ്പെട്ട ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവും രണ്ടര ലക്ഷം ഡോളര്‍ വരെ പിഴയും ശിക്ഷയായി ലഭിക്കും.
യു എസ് സര്‍ക്കാറിന്റെ ഷട്ട്ഡൗണിനെ തുടര്‍ന്ന് വ്യോമയാന മേഖലയില്‍ തടസ്സങ്ങള്‍ നേരിടുന്നതിനിടയിലാണ് ഈ സംഭവം.
യു എസ് അറ്റോര്‍ണി ലിയാ ബി ഫോളി, എഫ്ബിഐ ബോസ്റ്റണ്‍ വിഭാഗം ചുമതലയുള്ള ടെഡ് ഇ ഡോക്‌സ്, മാസാച്യുസെറ്റ്‌സ് സ്റ്റേറ്റ് പൊലീസിന്റെ സൂപ്രണ്ട് കേണല്‍ ജെഫ്രി ഡി നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ് സംഭവം സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. അന്വേഷണത്തില്‍ യു എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ബോസ്റ്റണ്‍ യൂണിറ്റും യു എസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷനും പ്രത്യേക സഹായം നല്‍കി.
