നിലപാട് കടുപ്പിച്ച് സി പി ഐ: നാളെ ചേരുന്ന മന്ത്രിസഭ യോഗത്തിൽ പാർട്ടിയുടെ മന്ത്രിമാർ പങ്കെടുക്കില്ല

നിലപാട് കടുപ്പിച്ച് സി പി ഐ:  നാളെ ചേരുന്ന മന്ത്രിസഭ യോഗത്തിൽ പാർട്ടിയുടെ മന്ത്രിമാർ പങ്കെടുക്കില്ല


തിരുവനന്തപുരം: പിഎം ശ്രീ തർക്കത്തിൽ അനുനയങ്ങൾക്ക് വഴങ്ങാതെ സിപിഐ. നാളെ ചേരുന്ന സംസ്ഥാന മന്ത്രിസഭായോഗത്തിൽ പാർട്ടിയുടെ മന്ത്രിമാർ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് കടുത്ത നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചത്. നാളെ ചേരുന്നത്തെ മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചു.  ഓൺലൈനായിട്ടാണ് യോഗം ചേർന്നത്. സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞിറങ്ങിയ ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ലാൽസലാം എന്ന് മാത്രമായിരുന്നു പ്രതികരണം. പ്രശ്‌നപരിഹാരത്തിനായി സിപിഐ എം ജനറൽസെക്രട്ടറി എംഎ ബേബി ഇടപെട്ടിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ബേബി ഫോണിൽ സംസാരിച്ചെങ്കിലും, വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് അറിയിച്ചു. മുഖ്യമന്ത്രി അറിയിച്ച കാര്യങ്ങൾ തന്നെയാണ് ബേബിയും ആവർത്തിച്ചത്. പദ്ധതിയിലെ മെല്ലെ പോക്കും ക്യാബിനറ്റിലെ സബ് കമ്മിറ്റിയും ആണ് സമവായത്തിനായി ഇരുവരും നിർദ്ദേശിച്ചത്. ഇക്കാര്യം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ബിനോയ് വിശ്വം റിപ്പോർട്ട് ചെയ്തിരുന്നു. സമവായ ചർച്ചകളും ശ്രമങ്ങളും തുടരാനാണ് തീരുമാനം.