കെനിയയിൽ വിനോദസഞ്ചാര വിമാനം തകർന്നു വീണു; 12 പേർക്ക് ദാരുണാന്ത്യം

കെനിയയിൽ വിനോദസഞ്ചാര വിമാനം തകർന്നു വീണു; 12 പേർക്ക് ദാരുണാന്ത്യം


നെയ്‌റോബി:  കെനിയയിലെ ക്വാലെ കൗണ്ടിയിലെ ടിംബ ഗോലിനി പ്രദേശത്ത് വിനോദസഞ്ചാരികളെ കൊണ്ടുപോയിരുന്ന സ്വകാര്യ ചെറുവിമാനം തകർന്നു വീണ അപകടത്തിൽ കുറഞ്ഞത് 12 പേർ മരിച്ചു. പ്രാദേശിക സമയംചൊവ്വാഴ്ച രാവിലെ 8.30ഓടെയാണ് അപകടം നടന്നത്.

ഡയാനിയിൽ നിന്ന് കിച്ച്‌വാ ടെംബോവിലേക്ക് പോയിക്കൊണ്ടിരുന്ന 5YCCA രജിസ്‌ട്രേഷൻ നമ്പറുള്ള വിമാനമാണ് തകർന്നത് എന്ന് കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റി (KCAA) സ്ഥിരീകരിച്ചു.

വിമാനം നിലത്തിടിച്ച ശേഷം തീപിടിച്ച് കത്തിയതായും, പരിസര പ്രദേശങ്ങളിലാകെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. പോലീസ്, അടിയന്തര സേവനസംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെങ്കിലും, മേഘാവൃത കാലാവസ്ഥയും കാഴ്ചയില്ലായ്മയും കാരണമായിരിക്കാമെന്ന് പ്രാഥമിക നിഗമനം.

മൊംബാസ, നെയ്‌റോബി, മസായി മറ ദേശീയോദ്യാനം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ തമ്മിൽ വിമാനസർവീസുകൾ നടത്തുന്ന സ്വകാര്യ എയർലൈൻസിന്റേതായിരുന്നു ഈ വിമാനം.