'മികച്ച പരസ്യം... ലക്ഷ്യം നേടിയെടുത്തു': റീഗന്‍ പരസ്യത്തിന്റെ പേരില്‍ മാപ്പ് പറയില്ലെന്ന് ഒന്റാറിയോ പ്രീമിയര്‍

'മികച്ച പരസ്യം... ലക്ഷ്യം നേടിയെടുത്തു': റീഗന്‍ പരസ്യത്തിന്റെ പേരില്‍ മാപ്പ് പറയില്ലെന്ന് ഒന്റാറിയോ പ്രീമിയര്‍


ടൊറന്റോ:  അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ രോഷം കൊള്ളിച്ച ഒന്റാറിയോ പ്രവിശ്യയുടെ റീഗന്‍ പ്രസംഗം ഉള്‍പ്പെടുത്തിയ 'താരിഫ് വിരുദ്ധ' ടെലിവിഷന്‍ പരസ്യത്തിന്റെ പേരില്‍ മാപ്പ് പറയില്ലെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ്.
പരസ്യത്തില്‍ പ്രകോപിതനായ ട്രംപ് കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയും നിലവിലുള്ളതിനു പുറമെ പത്തുശതമാനം അധിക നികുതി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഒന്റാറിയോ പ്രവിശ്യ പ്രക്ഷേപണം ചെയ്ത പരസ്യത്തില്‍ മുന്‍ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധം ഉപയോഗിച്ചുവെന്നാണ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ട്രംപ് ആരോപിച്ചത്.  'താരിഫുകള്‍ വ്യാപാരയുദ്ധത്തിനും സാമ്പത്തിക നാശത്തിനും കാരണമാകും' എന്ന് റീഗന്‍ പറയുന്നതായി വീഡിയോയില്‍ കാണിക്കുന്നു. ഈ പരസ്യം വേള്‍ഡ് സീരീസ് മത്സരത്തിനിടെ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന്, ട്രംപ് അതിനെതിരെ ശക്തമായി പ്രതികരിച്ചു. തുടര്‍ന്ന്, കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

അതേസമയം പരസ്യത്തിലൂടെ തങ്ങള്‍ പറയാനുദ്ദേശിച്ച കാര്യം പറഞ്ഞുവെന്നാണ് ടൊറന്റോയിലെ പ്രവിശ്യാ നിയമസഭയില്‍ മാധ്യമങ്ങളോട് സംസാരിച്ച ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പറഞ്ഞത്.

'നമ്മള്‍ ലക്ഷ്യം നേടിയെടുത്തു - അമേരിക്കന്‍ ജനങ്ങള്‍ക്കും അവരുടെ പ്രതിനിധികള്‍ക്കും ഇടയില്‍ ഈ വിഷയം ചര്‍ച്ചയാകാന്‍ തുടങ്ങി. അതിനേക്കാള്‍ നല്ല പരസ്യം ഉണ്ടായിട്ടില്ല.

പരസ്യത്തില്‍ റീഗന്റെ ശബ്ദം ഉപയോഗിച്ച് ഇറക്കുമതി നികുതികള്‍ക്കെതിരായ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് സന്ദേശം ഒരുക്കിയത്. എന്നാല്‍, റീഗന്‍ പറഞ്ഞ വാക്കുകള്‍ ക്രമം തെറ്റിച്ചാണ് ഉള്‍പ്പെടുത്തിയതെന്നും, ജപ്പാനെതിരായ പരിമിത നികുതികള്‍ 'നിര്‍ഭാഗ്യകരമായെങ്കിലും അനിവാര്യമായ' നടപടിയാണെന്ന് പറഞ്ഞിരുന്ന ഭാഗം ഒഴിവാക്കിയെന്നുമാണ് വിമര്‍ശനം.

'അവരുടെ പരസ്യം ഉടന്‍ തന്നെ പിന്‍വലിക്കേണ്ടതായിരുന്നു. പക്ഷേ അവര്‍ അത് വേള്‍ഡ് സീരീസിനിടെ തന്നെ പ്രക്ഷേപണം ചെയ്തു- അത് തെറ്റിദ്ധരിപ്പിക്കുന്നതാണ്'-ട്രംപ് തന്റെ സോഷ്യല്‍ മീഡിയപോസ്റ്റില്‍ രൂക്ഷമായി പ്രതികരിച്ചു.

അതേസമയം, ഒക്ടോബര്‍ 27ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ട്രംപുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചിരുന്നു.